മുംബൈ: സാമ്പത്തികകാര്യങ്ങളിൽ ഉണ്ടായ തർക്കങ്ങളെ തുടർന്ന ദന്തഡോക്ടർ ഭാര്യയെ കുത്തി കൊലപ്പെടുത്തി. മുംബൈയിലെ മാട്ടുംഗയിലുള്ള കോഹിനൂർ ടവേഴ്‌സിലാണ് സംഭവം. ഡോ. ഉമേഷ് ബബോലയാണ് 36 കാരിയായ ഭാര്യ തനൂജയെ മരണം ഉറപ്പാക്കും വരെ കുത്തി കൊന്നത്. ഞായറാഴ്ച പുലർച്ചെ 6.30നായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ ഇവരുടെ നാലുവയസ്സുള്ള മകൻ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.

രാവിലെ ഉണർന്നെണീറ്റതിനു പിന്നാലെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. താൻ ഭാര്യയെ കൊന്നുവെന്ന് കൊലപാതകം നടത്തി മൂന്നു മണിക്കൂറിന് ശേഷം 38 കാരനായ ഡോക്ടർ ഉമേഖ് ബബൂൽ പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. ജോഗേശ്വരി ഈസ്റ്റിൽ ക്ലിനിക് നടത്തുന്ന ഡോക്ടർ ഉമേഷും തനുജയും തമ്മിൽ നിരന്തരം തർക്കങ്ങൾ നടക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.

ഉമേഷിന്റെ കോൾ വന്നതോടെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന തനൂജയെയാണ്. പൊലീസ് എത്തുന്നതുവരെ മൃതദേഹത്തിനരികിലായി ഇരിക്കുകയായിരുന്നു ഉമേഷ്. ഉമേഷിനെ സംഭവസ്ഥലത്ത് വച്ചു തന്നെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലാനുപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്.

പണം സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉമേഷഷിനെതിരെ ഗാർഹിക പീഡനത്തിന് തനൂജ കേസ് നൽകിയിരുന്നു. ഇത് കോടതിയിൽ വിചാരണയിലിരിക്കുകയാണ്. അതേസമയം, കൊലപതാകത്തെ പറ്റി അയൽക്കാർ അറിയുന്നത് പൊലീസ് വന്നപ്പോഴാണ്. വീട്ടിൽ നിന്ന് ബഹളമൊന്നും കേട്ടില്ലെന്ന് അവർ പറയുന്നു.

ഇടയ്ക്കിടെ തർക്കമുണ്ടാകുന്നതിനാൽ തനൂജ പലപ്പോഴും മാതാപിതാക്കൾക്കൊപ്പം ചെന്ന് താമസിക്കാറുണ്ടായിരുന്നെന്നും പറയുന്നു. ശനിയാഴ്ചകളിൽ മാത്രമാണ് ഭർത്താവിന്റെ അടുത്തേക്ക് വരാറുള്ളതെന്നാണ് അയൽക്കാരും വിവരം നൽകിയിട്ടുള്ളത്. ബാന്ദ്രയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു തനൂജ.