കൊച്ചി: ഡോക്ടർമാരുടെ സേവനം ഉൾപ്പെടുന്ന മെഡിക്കൽ പ്രഫഷൻ ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്നു ഹൈക്കോടതി വ്യക്തമാക്കുമ്പോൾ ആശുപത്രി കൊള്ളകൾക്ക് ഇനി അടിയന്തര ഇടപെടലുകൾക്ക് സാധ്യത. ചികിത്സ പിഴവ് ആരോപിച്ചുള്ള പരാതികൾ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾക്ക് ഇനി പരിഗണിക്കാം. ഇതോടെ നൂലാമാലകളില്ലാതെ ഈ കേസുകളിൽ ഇരകൾക്ക് നിയമനടപടികൾ എടുക്കാനാകും. പാവങ്ങൾക്ക് നിയമ നൂലാമാലകൾ പരമാവധി കുറഞ്ഞു കിട്ടുമെന്നതാണ് ഈ ഉത്തരവിന്റെ പ്രത്യേകത.

നാം പണം കൊടുത്ത് വാങ്ങുന്ന സാധനത്തിനോ സേവനത്തിനോ പോരായ്മ ഉണ്ടായെങ്കിൽ പരിഹാരം ഉണ്ട്. ഒന്നാമതായി പോരായ്മയുണ്ടായ സാധനം തന്നയാളെ, അതായത് കച്ചവടക്കാരനേയോ നിർമ്മാതാവിനേയോ വിവരം അറിയിക്കുക. അത് നേരിൽ പറയാം. ഫോൺ ചെയ്യാം. കത്തയക്കാം. തനിക്ക് കേടില്ലാത്തതും ഉപയോഗപ്രദവുമായ പകരം സാധനം തരാൻ ആവശ്യപ്പെടാം. നഷ്ടപരിഹാരം ആവശ്യപ്പെടാം. അതിന് അവർ തയ്യാറായില്ലെങ്കിൽ, ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകാം. അതുപോലെ സാധനത്തിലോ സേവനത്തിലോ ഉള്ള പോരായ്മമൂലമുള്ള കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതുമാണ്.

സംഭവം നടന്ന ജില്ലയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ വേണം പരാതി നൽകേണ്ടത്. അല്ലെങ്കിൽ എതിർ കക്ഷിയുടെ വീടോ ഓഫീസോ ബ്രാഞ്ചോഫീസോ ഉള്ള ജില്ലയിലും പരാതി നൽകാം. പരാതി നൽകുന്നതിന് പ്രത്യേകം മാതൃക ഒന്നും ഇല്ല. വെള്ളപേപ്പറിൽ മതി.പരാതി എഴുതി ആവശ്യമായ പകർപ്പുകളോടെ ഫയൽ ചെയ്യണം. എത്ര എതിർകക്ഷികളുണ്ടോ അത്രയും എണ്ണവും പരാതികളും കൂടെ മൂന്നു കോപ്പികളും ചേർത്ത് ഫോറത്തിൽ സൂപ്രണ്ടിനെകണ്ട് ഫയൽ ചെയ്ത് നമ്പർ വാങ്ങണം. എതിർ കക്ഷികൾ രണ്ടുപേരെങ്കിൽ അഞ്ച് കോപ്പികളും ഒരാളേ ഉള്ളുവെങ്കിൽ നാല് കോപ്പികളും എന്ന കണക്കിൽ വേണം പരാതിയുടെ കോപ്പികൾ എടുക്കേണ്ടത്.

ഫോറത്തിൽ കേസു വിളിക്കാൻ നിശ്ഛയിക്കുന്ന തീയതിയിൽ പരാതിക്കാരൻ കൃത്യമായും ഹാജരാവണം.സ്വയം ഹാജരാവാൻ കഴിയില്ലെങ്കിൽ അധികാരപ്പെടുത്തിയ സമ്മതപത്രവും നൽകി ഒരാളെ അയച്ചിരിക്കണം. എതിൽ കക്ഷി ഹാജരുണ്ടോ ഇല്ലയോ എന്നത് ഒരു പ്രശ്‌നമല്ല. പരാതിക്കാരൻ ഹാജരായേ പറ്റൂ. അത്രമാത്രം. ലളിത നടപടികളിലൂടെ നീതി ഉറപ്പാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ആരോഗ്യ മേഖലയെ ഇതിലേക്ക് കൊണ്ടു വരുമ്പോൾ സാധാരണക്കാർക്ക് പ്രതീക്ഷ ഏറെയാണ്. ആശുപത്രിക്കൊള്ളകളിലെ നീതി നിഷേധത്തിൽ ആർക്കും തനിച്ചു തന്നെ പോരാട്ടം നയിക്കാൻ കഴിയും.

തിമിരത്തിനുള്ള ചികിത്സയെ തുടർന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കണ്ണൂർ സ്വദേശിനി ടി.പി.അംബുജാക്ഷി 32.52 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചതാണ് തർക്കത്തിന് ആധാരം. ഇത്തരം പരാതികൾ ഉപഭോക്തൃ കമ്മിഷനിൽ നിലനിൽക്കില്ലെന്നു ഡോക്ടർമാർ വാദിച്ചു. ഇത് അംഗീകരിച്ചില്ല. നിയമപോരാട്ടം ഹൈക്കോടതിയിലും എത്തി. കണ്ണൂരിലെ ഡോ.വിജിൽ ഉൾപ്പെടെ ഒരുകൂട്ടം ഡോക്ടർമാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ വിധി. ഇനി സുപ്രീംകോടതിയെ ഡോക്ടർമാർ സമീപിച്ചേക്കും. എങ്കിലും അനുകൂല വിധി ഉണ്ടാകാൻ സാധ്യതയില്ല.

ഡോക്ടർമാർ പല സ്ഥലങ്ങളിൽ കേസ് നടത്താൻ പോകുന്നതു മെഡിക്കൽ സേവനങ്ങളെ ബാധിക്കുമെന്നു ഹർജിക്കാർ വാദിച്ചു. എന്നാൽ, സൗജന്യമോ വ്യക്തിഗത സേവന കരാറിൽപ്പെട്ടതോ അല്ലാതെ ഉപയോക്താക്കൾക്കു ലഭ്യമാകുന്ന ഏതു സേവനവും 2(42) വകുപ്പിന്റെ പരിധിയിൽ വരുമെന്ന് 2019 ലെ നിയമത്തിൽ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി. സൗജന്യം അല്ലാത്ത മെഡിക്കൽ സേവനങ്ങളും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ഡോക്ടർമാരുടെ കൺസൽറ്റേഷൻ, രോഗനിർണയം, ചികിത്സ തുടങ്ങിയവ നിയമത്തിന്റെ പരിധിയിൽ വരുമെന്ന്, 1986 ലെ നിയമം വ്യാഖ്യാനിച്ചു സുപ്രീം കോടതി പറഞ്ഞിട്ടുള്ളതു കോടതി ചൂണ്ടിക്കാട്ടി.

അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ അപ്പീൽ പോയാലും വലിയ ഫലമുണ്ടാകില്ല. നിർണ്ണായക വിധിയാണ് ഹൈക്കോടതി നിയമങ്ങൾ വിശദീകരിച്ച് പുറത്തിറക്കുന്നത്. ഡോ. വിജിൽ, ഡോ. സോണിയ, ഡോ. ഭട്ട് തുടങ്ങിയവർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ മെഡിക്കൽ സേവനം ഉൾപ്പെടാത്തതിനാൽ ഫോറത്തിന് ഇടപെടാനാവില്ലെന്ന് കാട്ടി ഡോ. വിജിൽ ഉൾപ്പെടെ കണ്ണൂർ ജില്ലാ ഉപഭോക്തൃ ഫോറത്തിൽ ഉപഹർജി നൽകിയിരുന്നു. ഇതു തള്ളിയതിനെത്തുടർന്ന് സംസ്ഥാന ഉപഭോക്തൃ കമ്മിഷനെ സമീപിച്ചെങ്കിലും അവിടെയും തള്ളിയപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്.

2019 ലെ ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിൽ ബാങ്കിങ്, ഫിനാൻസ്, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ മേഖലകൾ എടുത്തു പറയുന്നുണ്ടെങ്കിലും മെഡിക്കൽ സേവനം ഉൾപ്പെടുന്നില്ലെന്നു ഹർജിക്കാർ വാദിച്ചു. എന്നാൽ, പൊതു ഉപയോഗ സേവന മേഖലകളിൽ ചിലതു മാത്രം എടുത്തു പറഞ്ഞതാണെന്നു കോടതി പറഞ്ഞു. അതിനു പുറത്തുള്ള മേഖലകളും ഉൾപ്പെടും. പരിമിതി ഇല്ലെന്നു നിയമത്തിൽ തന്നെ പറയുന്നുണ്ട്. നിയമത്തിന്റെ കരടിൽ മെഡിക്കൽ സേവനങ്ങളെക്കുറിച്ച് പറഞ്ഞിട്ടും നിയമം വന്നപ്പോൾ ഒഴിവാക്കിയതിനു വ്യക്തമായ ഉദ്ദേശ്യമുണ്ടെന്നു ഹർജിക്കാർ പറയുന്നത് അംഗീകരിക്കാനാവില്ല. നിയമത്തിൽ വ്യക്തതയുള്ള സാഹചര്യത്തിൽ കരട് നോക്കി നിയമത്തിനു വ്യാഖ്യാനം നൽകേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.

ബാങ്കിങ്, ഫിനാൻസ്, ഇൻഷ്വറൻസ് തുടങ്ങി സൗജന്യമല്ലാത്ത ഏതു സേവനവും ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് 2019ലെ നിയമത്തിൽ പറഞ്ഞിട്ടുള്ളതെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. മെഡിക്കൽ സർവീസ് എന്നു എടുത്തു പറഞ്ഞിട്ടില്ലാത്തതിനാൽ ഈ സേവനത്തെ ഒഴിവാക്കിയെന്നു പറയാനാവില്ല. മെഡിക്കൽ സേവനങ്ങൾ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിംഗിൾബെഞ്ച് വിലയിരുത്തി.