രാജസ്ഥാൻ: യുവതിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നതിനിടയിൽ ഡോക്ടർമാർ തമ്മിൽ വാക്കേറ്റം ശക്തമായി. തമ്മിലടിക്കിടയിൽ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാജസ്ഥാനിലെ ജോധ്പുരിൽ ഉമൈദ് ആശുപത്രിയിലാണ് സംഭവം.

ലേബർ റൂമിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ വാക്കേറ്റത്തിന്റെ വീഡിയോ റെക്കോഡ് ചെയ്തതിനെ തുടർന്നാണ് സംഭവം പുറം ലോകം അറിയുന്നത്. ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് യുവതിയെ അടിയന്തിരമായി ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കിടെ ആയിരുന്നു ഡോക്ടർമാർ തമ്മിൽ വാക്കേറ്റമുണ്ടായത്. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അശോക് നയിൻവാൾ, എം എൽ ടാക് എന്നീ ഡോക്ടർമാരാണ് വാക്കേറ്റത്തിൽ ഏർപ്പെട്ടത്. ശസ്ത്രക്രിയക്കു പ്രവേശിപ്പിക്കുന്നതിനു മുമ്പ് അമ്മ ഭക്ഷണം കഴിച്ചിരുന്നോ എന്ന ഡോക്ടർ ടാക്കിന്റെ ചോദ്യമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇരുവരുടെയും വാക്കേറ്റം തടയാൻ ലേബർ റൂമിലെ മറ്റൊരു ഡോക്ടറും നഴ്സും ശ്രമിക്കുന്നതായും വീഡിയോയിൽ കാണാം. പരസ്പരും പേരു വിളിച്ച് ആക്രോശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ ദൃശ്യമാണ്. രണ്ടു ഡോക്ടർമാരെയും സസ്പെൻഡ് ചെയ്തു.