- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര കോൺഫറൻസുകൾ എന്ന വ്യാജേന വിദേശത്ത് അടിച്ചുപൊളിക്കാൻ ടൂർ പാക്കേജുകൾ; കുറിപ്പടി എഴുതാൻ ഡോക്ടർമാർക്ക് കടിഞ്ഞാണില്ലാതെ മരുന്നുകമ്പനികളുടെ കിമ്പളം; പ്രതിവർഷം വാങ്ങുന്നത് 4000 കോടിയുടെ കൈക്കൂലി; പുതിയ ശിക്ഷാ നിയമം വേണമെന്ന് മുറവിളി
തിരുവനന്തപുരം: മരുന്ന് കുറിച്ച് കൊടുക്കാൻ മെഡിക്കൽ റെപ്രസന്റേറ്റിവ്സിൽ നിന്നും ഡോക്ടർമാർ ഉപഹാരങ്ങൾ വാങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റിവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ( എഫ്.എം.ആർ.എ.ഐ) അടക്കമുള്ള സംഘടനകൾ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. പ്രതിവർഷം 4000 കോടിരൂപയുടെ മരുന്ന് വ്യാപാരത്തിനുള്ള അവസരമാണ് ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങി ഡോക്ടർമാർ ഒരുക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യത്തെപ്പോലും ബാധിക്കുന്നതായിട്ടാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ ഏഴ് പ്രധാനപ്പെട്ട മരുന്നു കമ്പനികൾ ഒരുമിച്ച് ചേർന്ന് കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ 34,187 കോടി രൂപയാണ് മാർക്കറ്റിങ് പ്രൊമോഷനുവേണ്ടി ചെലവഴിച്ചത്. അതായത് പ്രതിവർഷം 4273 കോടി രൂപയുടെ സമ്മാനങ്ങളാണ് ഡോക്ടർമാർക്ക് ലഭിക്കുന്നത്. ഇതു മൂലം പൊതു ജനങ്ങൾക്ക് വലിയ വില നൽകി മരുന്നു വാങ്ങേണ്ടിവരുന്നു. വിപണന തന്ത്രങ്ങൾക്കായി മരുന്നു വിലയുടെ 20 ശതമാനം വരെ ചെലവഴിക്കുന്നു.
സെയിൽസ് പ്രൊമോഷനുവേണ്ടിയുള്ള തുക മുഴുവനായി ലഭിക്കുന്നത് ഡോക്ടർമാർക്കാണ്. വിദേശയാത്രകൾ, വിലകൂടിയ ഉപഹാരങ്ങൾ തുടങ്ങി പലതരത്തിലാണ് ഡോക്ടറന്മാർക്ക് ലഭിക്കുന്നത്. ഇതിന്റെ പേരിൽ ഫാർമ കമ്പനികൾക്ക് നികുതിയിളവ് ലഭിക്കാൻ അർഹതയില്ലെന്നും കോടതിയുടെ മറ്റൊരു ബെഞ്ച് വ്യക്തമാക്കിയിരുന്നു.
മരുന്ന് വ്യവസായത്തിന്റെ നിയമലംഘനം തടയാൻ ശിക്ഷാർഹമായ വ്യവസ്ഥകളോടെ നിയമം വേണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യമുന്നയിച്ച് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റിവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ( എഫ്.എം.ആർ.എ.ഐ) സമർപ്പിച്ച പൊതുതാൽപര്യഹർജി ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
മരുന്നു കമ്പനികൾ ഹെൽത്ത് കെയർ പ്രൊഫഷനലുകൾ വഴി നടത്തുന്ന അനാശാസ്യ വിപണന രീതികൾ മരുന്നുകളുടെ അമിത കുറിപ്പടിക്കും വില വർധനക്കും കാരണമാകുന്നുവെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തിനും ജീവിതത്തിനും കനത്ത ഭീഷണിയാണെന്നും എഫ്.എം.ആർ.എ.ഐ ചൂണ്ടിക്കാട്ടുന്നു. മരുന്നു കമ്പനികൾ വ്യാപാരം വർധിപ്പിക്കാനും അമിതവും യുക്തിരഹിതവുമായ മരുന്നുകൾ നിർദ്ദേശിക്കാനും ഉയർന്ന വിലയുള്ള ബ്രാൻഡുകൾക്കും വേണ്ടി ഡോക്ടറന്മാർ കൈക്കൂലി വാങ്ങുന്നത് തടയാൻ 2011 ജൂണിൽ കേന്ദ്ര സർക്കാർ യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസസ് (യു.സിപിഎംപി) കൊണ്ടുവന്നെങ്കിലും അത് ശിക്ഷാർഹമായ വ്യവസ്ഥകൾ ഇല്ലാത്ത വോളന്ററി കോഡ് ആയതിനാൽ ആരുമത് ഗൗനിച്ചില്ലെന്ന് എഫ്.എം.ആർ.എ.ഐ ചൂണ്ടിക്കാട്ടുന്നു.
അനാശാസ്യ വിപണന രീതികൾക്ക് കുറവ് ഉണ്ടാകുന്നില്ലെങ്കിൽ ശിക്ഷാർഹമായ വ്യവസ്ഥകളോടെ യൂണിഫോം കോഡ് നിർബന്ധമാക്കുമെന്ന് അന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. കുറിപ്പടി എഴുതാൻ കമ്പനികൾ ഡോക്ടർമാർക്ക് കൈക്കൂലി നൽകുന്ന പ്രവണതയ്ക്ക് ഇപ്പോഴും ഒരു കുറവുമില്ല. കോവിഡ്കാലത്ത് ഇത് കൂടുകയാണ് ചെയ്തത്. മരുന്നു വിലയുൾപ്പെടെ ഏകദേശം 20 ശതമാനം സെയിൽസ് പ്രോമോഷനാണ്. വിൽപ്പന വർധിപ്പിക്കാൻ കമ്പനികൾ മെഡിക്കൽ പ്രാക്ടീഷണർമാർക്ക് നേരിട്ടോ അല്ലാതെയോ നൽകുന്ന അനുകൂല്യങ്ങളും ഇതിലുൾപ്പെടുന്നു. 10-20 ശതമാനം ഡോക്ടർമാർ മാത്രമേ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സിഐ) യുടെ ധാർമിക കോഡ് പിന്തുടരുന്നുള്ളൂ. വലിയൊരു വിഭാഗവും കമ്പനിയുടെ ഉൽപ്പനങ്ങൾ നിർദ്ദേശിക്കാൻ പ്രോത്സാഹനങ്ങൾ സ്വീകരുക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നു.
അന്താരാഷ്ട്ര കോൺഫറൻസുകൾക്ക് കമ്പനികൾ ഡോക്ടർമാരെ സ്പോൺസർ ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇത്തരം കോൺഫറൻസുകൾ വിദേശ ടൂർ പാക്കേജുകൾക്കുള്ള ഒരു മറ മാത്രമാണെന്ന് എഫ്.എം.ആർ.എ.ഐ. പറയുന്നു. ഫാർമ കമ്പനികൾ ലക്ഷ്യമിടുന്ന ബിസിനസിലേക്ക് എത്താൻ തവണ വ്യവസ്ഥയിൽ കാർ വാങ്ങുന്നതിനുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകൾവരെ ഡോക്ടർമാർക്ക് ഓഫർ ചെയ്യപ്പെടുന്നതായും ഇത്തരം അനാശാസ്യ വിപണന രീതികൾ തടയാൻ ശിക്ഷാർഹമായ വ്യവസ്ഥകളോടെ പുതിയ നിയമം ആവശ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.