ന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വാരാണസി എന്നാൽ പുണ്യപുരാതനായ തീർത്ഥാടന കേന്ദ്രമാണ്. എന്നാൽ ഇതിന്റെ മറ്റൊരു മുഖത്തെക്കുറിച്ച് ലോകത്തിന് അത്ര പരിചയം പോരാ. നിരവധി ബാലവേശ്യകൾ നിരന്തര ചൂഷണത്തിനരയാകുന്ന ഇടമാണിതെന്ന് മിക്കവർക്കുമറിയില്ല. ആ ഞെട്ടിപ്പിക്കുന്ന സത്യം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററിയാണ് ഗുഡിയ. ഈ ബാലവേശ്യകളുടെ കദനകഥകൾ ഇപ്പോൾ ബ്രിട്ടനിലെ മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് കൊടുത്തിരിക്കുന്നത്. ഇവരുടെ ദുരിതം ബ്രിട്ടനെ കണ്ണീരണിയിക്കുന്നുവെന്ന് പറഞ്ഞാലും അധികമാവില്ല. ഇവിടുത്തെ വേശ്യാലയത്തിൽ നിന്നും രക്ഷിച്ചവരുടെ ജീവിതം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററിയാണ് ഗുഡിയ.

വാരാണസിയിലെ വേശ്യാലയങ്ങളെക്കുറിച്ചുള്ള ചിത്രീകരണം കൂടി ഇതിലൂടെ നിർവഹിക്കപ്പെടുന്നു. യുവ ഫിലിംമെയ്ക്കർമാരായ ജോയ്ന മുഖർജിയും അങ്കിത് താരിയുമാണീ ഡോക്യുമെന്ററിയുടെ പുറകിൽ പ്രവർത്തിച്ചിരിക്കുന്നത്.ബ്ലഷ് ഒറിജിനൽസാണിത് നിർമ്മിച്ചിരിക്കുന്നത്.13ഉം 17ഉം വയസുള്ള റൂഹിയും പ്രിയയും തങ്ങളുടെ കദനകഥകൾ ഇതിലൂടെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നുണ്ട്.

ഈ ഡോക്യുമെന്ററി ഒരു കൽപിത കഥയല്ല. മറിച്ച് ആയിരക്കണക്കിന് പെൺകുട്ടികൾ അനുഭവിക്കുന്ന നരകതുല്യമായ യാഥാർത്ഥ്യമാകുന്നു. വാരാണസിയിലെ നിരവധി വേശ്യാലയങ്ങളിൽ പെട്ട് പോയവരാണവർ.ഇതുവരെയായി യൂട്യൂബിൽ 284,799 പേരാണിത് കണ്ടിരിക്കുന്നത്. ലോകത്തിലെ നാനാഭാഗത്ത് നിന്നുള്ളവർ ഇത് കണ്ട് പ്രതികരിച്ചിട്ടുണ്ട്. റൂഹിയയെയും പ്രിയയെയും അവരുടെ ഗ്രാമങ്ങളിൽ നിന്നും തട്ടിക്കൊണ്ട് പോവുകയായിരുന്നു.തന്നെ രണ്ട് പുരുഷന്മാർ എത്തരത്തിലാണ് തട്ടിക്കൊണ്ട് പോയി മുംബൈയിൽ എത്തിച്ചതെന്നതിന്റെ ഭീകരമായ വിവരണമാണ് പ്രിയ നൽകിയിരിക്കുന്നത്. അവിടെ വച്ച് തന്നെ അവർ ദിവസവും മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നുവെന്ന് ഈ പെൺകുട്ടി വെളിപ്പെടുത്തുന്നു.തുടർന്ന് പ്രിയയെ ഒരു വേശ്യാലയത്തിലേക്ക് വിൽക്കുന്നു. അവളുടെ അമ്മ അവളെ തിരിച്ച് കൊണ്ടു വരാൻ ശ്രമം നടക്കുന്നുണ്ടെന്ന് വേശ്യാലയം നടത്തിക്കുന്നവർ അറിഞ്ഞത് അപ്പോഴാണ്.തുടർന്ന് പ്രിയയെ മുംബൈയിൽ ഉപേക്ഷിച്ച് അവർ രക്ഷപ്പെടുകയായിരുന്നു.ഓടുന്നവാഹനത്തിൽ നിന്നായിരുന്നു അവർ തന്നെ വലിച്ചെറിഞ്ഞതെന്ന് പ്രിയ വെളിപ്പെടുത്തുന്നു.തുടർന്ന് ഒരു ട്രെയിനിൽ കയറുകയും ആരുടെയൊക്കെയോ സഹായത്തോടെ വീട്ടിൽ തിരിച്ചെത്തുകയുമായിരുന്നു.

അത്യധികമായ ആർജവത്തോടെയാണ് പെൺകുട്ടികൾ തങ്ങളുടെ ദുരിതം വെളിപ്പെടുത്താൻ ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നത്.ഗുരിയ സ്വയം സേവി സൻസ്ഥാൻ എന്ന എൻജിഒ ആണ് ഇവരെ രക്ഷിച്ചിരിക്കുന്നത്.അജിത്ത് സിംഗും അദ്ദേഹത്തിന്റെ ഭാര്യ മഞ്ജു സിംഗുമാണീ സംഘടന നടത്തുന്നത്.തങ്ങൾ സദാചാര പൊലീസോ സമൂഹത്തിന്റെ ജഡ്ജിമാരോ അല്ലെന്ന് അവർ പറയുന്നു. മനുഷ്യക്കടത്ത് ,ബാലവേശ്യാ വൃത്തി, തുടങ്ങിയവ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അജിത്ത് സിങ് പറയുന്നത്.1990കൾ മുതൽ അദ്ദേഹം ഗുരിയ സൻസ്ഥാൻ നടത്തുന്നുണ്ട്. വേശ്യാലയങ്ങൾ നടത്താൻ തണലേകുന്ന സംവിധാനത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനയാണിത്. ഇതിന് വേണ്ടിയുള്ള സംവിധാനം വർഷങ്ങളായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നതാണെന്ന് അജിത്ത് സിങ് പറയുന്നു.

ഇതിനായി ഹോസ്പിറ്റലുകളിൽ നിന്നും നവജാത പെൺശിശുക്കളെ തട്ടിക്കൊണ്ട് പോകുന്നുണ്ടെന്ന് സിങ് വെളിപ്പെടുത്തുന്നു. തുടർന്ന് ഇവരെ വേശ്യാലയങ്ങൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഇവർ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും പട്ടിണിക്കിടുകയും സെക്സ് ഹോർമോണുകൾ കുത്തി വയ്ക്കലിന് ഇവരെ വിധേയരാക്കുകയും ചെയ്യുന്നു. ഇത്തരം വേശ്യാലയങ്ങളിലെ ജീവിത സാഹചര്യങ്ങൾ വളരെ പരിതാപകരമാണ്. എയ്ഡ്സ്,മറ്റ് ലൈംഗിക രോഗങ്ങൾ തുടങ്ങിയവ ഇവിടെ സർവ സാധാരണമാണ്. കൗമാരക്കാരികളായ പെൺകുട്ടികൾ എത്തരത്തിലാണ് വിൽക്കപ്പെടുന്നതെന്ന് മഞ്ജു ഈ ഡോക്യുമെന്ററിയിലൂടെ വിവരിക്കുന്നുണ്ട്. സമൂഹം ഇതിന് നേരെ കണ്ണടയ്ക്കുന്നുവെന്നും അവർ ആരോപിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലിമെന്റ് മണ്ഡലം കൂടിയായ വാരാണസി നിരവധി വർഷങ്ങളായി ബാലവേശ്യാവൃത്തിക്ക് കുപ്രസിദ്ധമാണ്. ഇവിടുത്തെ ഭരണകൂടം, പൊലീസ്, വേശ്യാലയ ഉടമകൾ, കൂട്ടിക്കൊടുപ്പുകാർ തുടങ്ങിയവർ ഒത്ത് ചേർന്നാണിവ പ്രവർത്തിപ്പിക്കുന്നതെന്ന് പറഞ്ഞാലും അധികമാവില്ല.ബാലവേശ്യകളെ മോചിപ്പിക്കുന്നതിനായി 17,000 കേസുകളെങ്കിലും ഗുരിയ ഫയൽ ചെയ്തിട്ടുണ്ട്.