മൈഗ്രേൻ എന്നുകരുതിയാണ് റയാൻ ജെസൺ ആശുപത്രിയിലെത്തിയത്. എന്നാൽ മസ്തിഷ്‌കാഘാതം റയാന്റെ ജീവനെടുത്തു. ആശുപത്രിയിലെത്തിയ സന്തതസഹചാരിയായ നായ റയാനോട് വിടപറയുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ലോകത്തെ കണ്ണീരണിയിക്കുന്നത്. ഉറ്റവരും ബന്ധുക്കളും നിർബന്ധിച്ചതോടെയാണ് വളർത്തുനായയെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കൊണ്ടുവരാൻ ആശുപത്രി അധികൃതർ അനുമതി നൽകിയത്.

മോളി എന്ന ബോക്‌സർ ഇനത്തിൽപ്പെട്ട നായ റയാനോട് വിടപറയുന്ന വീഡിയോ പിന്നീട് ഫേസ്‌ബുക്കിലൂടെയും മറ്റും ലോകം മുഴുവൻ പ്രചരിക്കുകയായിരുന്നു. ഇതിനകം ആയിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്. റയാനൊപ്പം എല്ലായ്‌പ്പോഴും മോളിയും ഉണ്ടാകാറുണ്ടായിരുന്നു. ജീവിതത്തിൽ വളരെയേറെ അടുത്ത ഈ ചങ്ങാത്തമാണ് നായയെ ആശുപത്രിയിൽകൊണ്ടുവരാൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രേരിപ്പിച്ചത്. അതിന് അനുമതി നൽകിയ ആശുപത്രി അധികൃതർ റയാനോട് ചെയ്തത് വലിയ കാരുണ്യമാണെന്ന് സഹോദരി മിഷേൽ ജെസ്സൺ പറഞ്ഞു.

തന്റെ പ്രിയപ്പെട്ട യജമാനൻ മരണത്തോട് മല്ലടിക്കുകയാണെന്ന് മനസ്സിലാക്കിയിട്ടെന്ന പോലെ, സങ്കടകരമായിരുന്നു നായയുടെ പെരുമാറ്റം. റയാന്റെ ശരീരത്തിലാകെ മണത്ത് മുഖത്തേയ്ക്ക് തന്റെ മുഖമടുപ്പിച്ച് ചുംബനം നൽകിയാണ് മോളി യാത്ര പറഞ്ഞത്. ഫേസ്‌ബുക്കിലൂടെ പ്രചപിച്ച വീഡിയോ ഇതിനകം 80 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. എൺപതിനായിരത്തിലേറെ അത് ഷെയർ ചെയ്യപ്പെടുകയും ചെയ്തു. റയാന് നിത്യശാന്തി നേർന്നുകൊണ്ട് ആയിരക്കണക്കിന് പ്രാർത്ഥനകളാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റിനുകീഴെ പ്രത്യക്ഷപ്പെട്ടത്.