കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അനുമതി നൽകിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തുന്നതിൽ സ്വപ്ന അടക്കമുള്ളവർക്ക് സഹായം നൽകിയവരിൽ പ്രധാനിയാണ് ശിവശങ്കറെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ബാങ്ക് ഉദ്യോഗസ്ഥനടക്കം ശിവശങ്കറിനെതിരേ മൊഴി നൽകിയിരുന്നു.

ഡോളർ കടത്ത് കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നേരത്തെ അനുമതി തേടിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി അറസ്റ്റിന് അനുമതി നൽകിയത്. സ്വപ്ന സുരേഷ്, സരിത്ത്, യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.

ഡോളർ കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലപ്പെടുത്താനാണ് കസ്റ്റംസിന്റെ നീക്കം. നിരവധി പേരെ ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ശിവശങ്കറിനെ ഇനി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. സ്വപ്നയെയും സരിത്തിനെയും ജയിലിലെത്തി കസ്റ്റംസ് സംഘം ചോദ്യംചെയ്യും.