ഇസ്‌ലാമാബാദ്: ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള എല്ലാ പ്രശ്‌നങ്ങൾക്കും ഉടൻ പരിഹാരം കാണാനാകില്ലെന്ന് പാക് വിദേശകാര്യ സെക്രട്ടറി സർതാജ് അസീസ്. നിരന്തരമായ ചർച്ചകളിലൂടെ മാത്രമേ അത് സാധ്യമാകൂ. ജനുവരിയിൽ നടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ വിദേശസെക്രച്ചറിമാരുടെ ചർച്ചയിൽ കശ്മീർ ഉൾപ്പടെ എല്ലാ വിഷയങ്ങളും ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണരേഖയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും അവിടെ താമസിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനുമാണ് പ്രഥമപരിഗണനയെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പാക് സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഇരു രാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാർ യോഗം ചേരാൻ തീരുമാനിച്ചത്. മോദിയുടെ പാക്കിസ്ഥാൻ സന്ദർശനത്തിന്റെ നല്ലബന്ധത്തിന്റെ തുടക്കമയാണ് കാണുന്നത്. എന്നാൽ വിദേശകാര്യ സെക്രട്ടറിതല ചർച്ചയിൽ അമിത പ്രതീക്ഷയില്ലെന്നും ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് കൂടിയായ സർത്താജ് അസീസ് പറയുന്നു.

റേഡിയോ പാക്കിസ്ഥാൻ സംപ്രേഷണം ചെയ്ത പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ പ്രശ്‌നങ്ങൾക്കും ഉടൻ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിലൂടെ മാത്രമെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ. നിയന്ത്രണ രേഖയിൽ സമാധാനം പുനഃസ്ഥാപിക്കാനാവും ആദ്യശ്രമം. അതിർത്തി മേഖലയിലെ ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തും. കശ്മീർ അടക്കമുള്ള വിഷയങ്ങൾ ജനവരിയിൽ വിശദമായി ചർച്ചചെയ്യും. അയൽരാജ്യങ്ങളുമായി മികച്ച ബന്ധം നിലനിർത്തുക എന്നതാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ലക്ഷ്യം.

വെള്ളിയാഴ്ച കാബൂളിൽനിന്ന് മടങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ഷെരീഫിന് 66 ാം പിറന്നാൾ ആശംസ നേർന്ന മോദി അദ്ദേഹത്തിന്റെ ചെറുമകളുടെ വിവാഹ ചടങ്ങിലും സംബന്ധിച്ചിരുന്നു. അതിനിടെ, മോദിയുടെ പാക് സന്ദർശനത്തിന് പിന്നിൽ പ്രമുഖ ഉരുക്ക് വ്യവസായി സജ്ജൻ ജിൻഡാലാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നവാസ് ഷെരീഫിൻഖറെ മകന്റെ വ്യവസായ സംരംഭമായ ഇത്തിഫാഖ് ഗ്രൂപ്പുമായി ബന്ധമുള്ളയാളാണ് സജ്ജൻ ജിൻഡാൽ.

എന്നാൽ ഇത് ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. ഷെരീഫിന്റെ കൊച്ചുമകളുടെ കല്ല്യാണത്തിനാണ് ജിൻഡാൽ പാക്കിസ്ഥാനിലെത്തിയതെന്നാണ് വിശദീകരണം.