ന്യൂയോർക്ക്: പ്രസിഡന്റായി അധികാരമേറ്റാലും ഡൊണാൾഡ് ട്രംപ് സ്വന്തം വീട് വിടില്ല. പുതിയ പ്രസിഡന്റ് വൈറ്റ്ഹൗസിലെ മുഴുവൻസമയ താമസക്കാരനായേക്കില്ലെന്നാണ് സൂചന. മാൻഹാട്ടനിലെ ട്രംപ് ടവറിലെ 24 കാരറ്റ് സ്വർണവും വിലയേറിയ മാർബിളുംകൊണ്ട് അലങ്കരിച്ച ആഡംബര അപ്പാർട്ട്‌മെന്റ് ട്രംപിന് ഏറെ പ്രിയപ്പെട്ടതാണ്. ഈ വിട് വിടാനുള്ള താൽപ്പര്യക്കുറവാണ് ഇതിന് കാരണം.

പ്രസിഡന്റായി സ്ഥാനമേറ്റശേഷം ആഴ്ചയിൽ പകുതിയിലേറെ ദിവസം വാഷിങ്ടണിലും ബാക്കിദിവസം ന്യൂയോർക്കിലെ മാൻഹാട്ടനിലെ വീട്ടിലുമായി തങ്ങാനാണ് ട്രംപിന്റെ ആലോചന. ഇത് സംബന്ധിച്ച് ട്രംപ് സഹപ്രവർത്തകരുമായി ചർച്ചനടത്തുന്നുണ്ട്. ആഴ്ചയിൽ കൂടുതൽ ദിവസവും വൈറ്റ്ഹൗസിൽ താമസിക്കും. വാരാന്ത്യങ്ങളിൽ ട്രംപ് ടവറിലെ അപ്പാർട്ട്‌മെന്റിലേക്കോ ന്യൂജേഴ്‌സിയിലെ ഗോൾഫ് കോഴ്‌സിലോ പാം ബീച്ചിലെ എസ്റ്റേറ്റിലോ താമസമുറപ്പിക്കാനാകും ഇപ്പോൾ ട്രംപ് പദ്ധതിയിട്ടിരിക്കുന്നത്.

മാൻഹാട്ടനിലെ ട്രംപ് ടവറിലെ 24 കാരറ്റ് സ്വർണവും വിലയേറിയ മാർബിളുംകൊണ്ട് അലങ്കരിച്ച ആഡംബര അപ്പാർട്ട്‌മെന്റ് ട്രംപ് കൈവിടില്ല. വീട് വിട്ടുനിൽക്കാനുള്ള മടിക്കുപുറമേ മറ്റുചില കാരണങ്ങളും ട്രംപിന്റെ താമസമാറ്റത്തിലുണ്ട്. ബിസിനസുകാര്യങ്ങൾ നോക്കാനും വൈറ്റ് ഹൗസിലെ താമസത്തിന് കഴിയില്ല. ഇതിനൊപ്പം ജനങ്ങളുമായി സംവദിക്കാൻ റാലികളും തുടരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖമുദ്രയായിരുന്ന കൂറ്റൻ റാലികൾ കൂടുതലായി നടത്താനാണ് തീരുമാനം.

അമേരിക്കൻ പ്രസിഡന്റായതു കൊണ്ട് തന്നെ ഇനി ട്രംപിന് പഴയതു പോലെ ജനക്കൂട്ടവുമായി ഇടപെടാൻ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിച്ച് എങ്ങനെ പ്രസിഡന്റിന്റെ ആഗ്രഹം സാധിക്കാമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ ആലോചിക്കുന്നത്.