ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങളെ ഒരുഘട്ടത്തിൽ ശക്തമായി വിമർശിച്ച അമേരിക്കൻ പ്രസിഡന്റ്് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചുവടുമാറ്റുകയാണോ? പാക്കിസ്ഥാനുമായും അതിന്റെ നേതാക്കളുമായും കൂടുതൽ മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിന് ശ്രമിക്കുകയാണെന്ന ട്രംപിന്റെ വാക്കുകളാണ് ഈ സംശയത്തിനാധാരം. ഭീകരരിൽനിന്ന് അമേരിക്കൻ-കനേഡിയൻ കുടുംബത്തെ പാക്കിസ്ഥാൻ സൈന്യം രക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. പാക്കിസ്ഥാനെതിരായ ആഗോള പോരാട്ടത്തിൽ അമേരിക്കയുടെ പിന്തുണ ഉറച്ചുവിശ്വസിച്ചിരുന്ന ഇന്ത്യക്ക് തിരിച്ചടിയാണ് ട്രംപിന്റെ ഈ ചുവടുമാറ്റം.

എന്നാൽ, നല്ലപിള്ള ചമയാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തോടുള്ള സ്വാഭാവിക പ്രതികരണം മാത്രമായി മാത്രമേ ട്രംപിന്റെ വാക്കുകളെ കാണുന്നുള്ളൂവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിലയിരുത്തുന്നു. എങ്കിലും ട്രംപിന്റെ വാക്കുകളെ കരുതലോടെയാണ് ഇന്ത്യ പിന്തുടരുന്നത്. വെറും വാക്കുകൾക്കപ്പുറത്തേക്ക് ട്രംപിന്റെ പ്രതികരണത്തിന് മറ്റെന്തെങ്കിലും മാനമുണ്ടാകുമോ എന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്ന കാര്യം.

ഒക്ടോബർ അവസാനവാരം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലേഴ്‌സൺ ഇന്ത്യയിലെത്തുന്നുണ്ട്. ട്രംപിന്റെ പ്രസ്താവനയോടുള്ള ശക്തമായ എതിർപ്പ് ഈ വേളയിൽ ഇന്ത്യ ഉന്നയിക്കുമെന്നുറപ്പാണ്. ഭീകരരെ ഉന്മൂലനം ചെയ്യുന്നതിന് പാക്കിസ്ഥാൻ നടത്തുന്ന സേവനങ്ങളെ പ്രകീർത്തിച്ച ട്രംപിന്റെ വാക്കുകളോടുള്ള വിയോജിപ്പും ഇന്ത്യ ഈ അവസരത്തിൽ ഉന്നയിച്ചേക്കും.

പാക്കിസ്ഥാനോടുള്ള നിലപാടിൽ മലക്കംമറിച്ചിലിന് തുല്യമാണ് ട്രംപിന്റെ ഇപ്പോഴത്തെ വാക്കുകൾ. നേരത്തേ, ഭീകരതയ്ക്ക് നൽകുന്ന പിന്തുണയെച്ചൊല്ലി പലവട്ടം പാക്കിസ്ഥാനെ ശക്തമായി വിമർശിച്ചിട്ടുള്ള ട്രംപ്, ഓഗസ്റ്റിൽ തന്റെ അഫ്ഗാൻ ആൻഡ് സൗത്ത് ഏഷ്യ നയം പ്രഖ്യാപിച്ച വേളയിലും പാകിസതാനെ ശക്തമായി വിമർശിച്ചിരുന്നു. താക്കീത് സ്വരത്തിലുള്ള ട്രംപിന്റെ വാക്കുകൾ അന്ന് ഇന്ത്യയിൽ ഏറെ സ്വാഗതം ചെയപ്പെട്ടിരുന്നു.

ഇപ്പോഴത്തെ മനംമാറ്റം അമേരിക്കൻ-കനേഡിയൻ കുടുംബത്തെ ഭീകരരിൽനിന്ന് രക്ഷിച്ചതിനുള്ള നന്ദിപ്രകടനമായി മാത്രം കണ്ടാൽമതിയെന്ന് വിലയിരുത്തുന്നവരുമുണ്ട്. അമേരിക്കക്കാരിയായ കൈയ്റ്റ്‌ലൻ കോൾമാനെയും കാനഡക്കാരനായ ഭർത്താവ് ജോഷ്വ ബോയ്‌ലിനെയും 2012-ലാണ് അഫ്ഗാനിസ്താനിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ പാക്കിസ്ഥാൻ സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ മോചിപ്പിച്ചത്. തടവിൽക്കഴിയവെ ഉണ്ടായ മൂന്ന് മക്കളെയും ഇവരോടൊപ്പം സൈന്യം രക്ഷിച്ചു.

ട്രംപിന്റെ വാക്കുകളോടുള്ള വിയോജിപ്പ് നേരിട്ട് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അത് അനുചിതമായെന്ന വിലയിരുത്തലിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ട്രംപിന്റെ വാക്കുകൾ പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു എന്ന നിലയിൽ കാണേണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളിൽ എത്തുന്നതിന് മുമ്പ് എല്ലാക്കാര്യങ്ങളും പരിശോധിക്കണമെന്നും വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.