ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ട്രംപിന്റെ വാക്കുകൾക്കാണ് ലോകം കാതോർത്തത് 'ഈ സുന്ദരമായ സായാഹ്നത്തിൽ ഞാൻ ഈ രാജ്യത്തെ ഒരുപാട് സ്‌നേഹിക്കുന്നു. എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. താൻ എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വിജയത്തിന് ശേഷം ന്യൂയോർക്കിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഹില്ലരി ഫോണിൽ വിളിച്ച് എന്നെ അഭിനന്ദിച്ചു. മികച്ച പ്രചാരണവും മത്സരവുമാണ് അവർ കാഴ്ചവച്ചത്. നമ്മുടെത് വെറും പ്രചാരണമായിരുന്നില്ല കഠിനാധ്വാനവും മുന്നേറ്റവുമായിരുന്നു. ഇനിയും നമുക്കൊന്നായി പ്രവർത്തിച്ച് സ്വപ്നങ്ങൾ കെട്ടിപ്പടുക്കാം. ട്രംപ് പറഞ്ഞു.

എന്തും നേടിയെടുക്കാനുള്ള അപാര കഴിവുള്ളവരാണ് നമ്മളെന്ന് നാം തെളിയിച്ചു കഴിഞ്ഞു. നമുക്ക് മികച്ച സാമ്പത്തിക പദ്ധതികളുണ്ട്. അമേരിക്കയുടെ വളർച്ച ഇരട്ടിയാക്കണം. ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി തുടരണം. അമേരിക്കയുമായി ചേർന്ന് പോകാൻ ആഗ്രഹിക്കുന്ന എല്ലാ ലോക രാഷ്ട്രങ്ങളുമായി നാം സഹകരിക്കും. ട്രംപ് വ്യക്തമാക്കി.

വിസ്മരിക്കപ്പെവർ ഇനി വിസ്മരിക്കപ്പെട്ടവരായിരിക്കില്ല. നമ്മുടെ രാജ്യം പുനർനിർമ്മിക്കുന്ന ജോലികൾ ഉടൻ തുടങ്ങേണ്ടതുണ്ട്. അമേരിക്കൻ താൽപര്യത്തിന് മുൻഗണന നൽകിക്കൊണ്ട് എല്ലാ രാഷ്ട്രങ്ങളുമായുള്ള സഹകരണമാണ് അമേരിക്കൻ നയമെന്ന് ലോകത്തോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പിന്തുണയും നൽകി കൂടെ നിന്ന എന്റെ കുടുംബത്തിൽ നിന്നാണ് താൻ പലതും പഠിച്ചതെന്നും സഹോദരിയോട് തനിക്ക് ഒരുപാട് നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു. ചരിത്രമുഹൂർത്തമെന്നാണ് ലോകം വിജയത്തെ വിശേഷിപ്പിക്കുന്നത് എന്നാൽ ഇനിയും നമുക്ക് അത് തെളിയിക്കാനുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

പുതിയ പ്രസിഡന്റിന് ആശംസകളുമായി ഇന്ത്യൻ പ്രധാന മന്ത്രി മോദിയും , പുട്ടിനും അടക്കമുള്ള നേതാക്കന്മാർ ട്രംപിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ട്വിറ്ററിലാണ് മോദി ആശംസകൾ അറിയിച്ചത്. ഇനി ട്രംപുമായുള്ള ചർച്ചയ്ക്കാണ് ഇന്ത്യ കാത്തിരിക്കുന്നത്. ട്രംപുമായി സഹകരിച്ച് ഇന്ത്യ- അമേരിക്ക ഉഭയക്ഷി ബന്ധം കൂടിതൽ ഉയരങ്ങളിലേക്ക് കൊണ്ടു പോകാൻ സാധിക്കും എന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. തെരെഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾ വിലമതിക്കുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു.