വാഷിങ്ടൺ: അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടണിലെ കാപിറ്റൾ ഹാളിൽ പ്രാദേശികസമയം വൈകീട്ട് അഞ്ചിന്(ഇന്ത്യൻ സമയം രാത്രി 10.30ന്) നടന്ന പൊതുചടങ്ങിലായിരുന്നു സ്ഥാനാരോഹണം. വെസ് പ്രസിഡന്റ് മൈക് പെൻസും സ്ഥാനമേറ്റു. കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകൾ.

70 വയസുള്ള ട്രംപ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റാണ്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബറാക് ഒബാമ, മുൻ പ്രസിഡന്റുമാരായ ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ജോർജ് ബുഷ് ജൂനിയർ, ട്രംപിന്റെ ഭാര്യയും മോഡലുമായ മെലാനിയ, മക്കളായ ടിഫാനി, ഇവാങ്ക, എറിക് ട്രംപ്, ഡോണാൾഡ് ട്രംപ് ജൂനിയർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനോടു മത്സരിച്ചു തോറ്റ ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തി.

1946 ജൂൺ 14-ന് ന്യൂയോർക്ക് സിറ്റിയിൽ ഫ്രെഡ് ട്രംപിന്റെയും മേരിയുടെയും രണ്ടാമത്തെ മകനായാണു ട്രംപ് ജനിച്ചത്. 1968-ൽ പെൻസിൽവാനിയ സർവകലാശാലയിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ബിരുദംനേടിയശേഷം പിതാവിന്റെ റിയൽ എസ്റ്റേറ്റ്, നിർമ്മാണകമ്പനിയുടെ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ വർഷം ഫോബ്സ് മാഗസിൻ പുറത്തിറക്കിയ ലോകത്തെ സമ്പന്നന്മാരുടെ പട്ടികയിൽ 324-ാം സ്ഥാനത്താണ് ട്രംപ്.

റിപബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ് നവംബർ എട്ടിനു നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റനെയാണു തോൽപ്പിച്ചത്. സ്ഥാനാരോഹണ ദിവസം രാവിലെ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്ത ട്രംപ് തുടർന്ന് ഭാര്യ മെലാനിയ്‌ക്കൊപ്പം വൈറ്റ്ഹൗസിലെത്തി സഥാനമൊഴിയുന്ന പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ശതകോടീശരനും വ്യവസായ ഭീമനുമായ ട്രംപിന്റെ സ്ഥാനാരോഹണത്തിൽ ആശങ്കയും സന്തോഷവും ഒരു പോലെ അമേരിക്കയിൽ പ്രകടമാണ്. അമേരിക്കയുടെ അതിർത്തി ഇനി സുരക്ഷിതമായിരിക്കുമെന്നും ഇനി രാജ്യത്ത് മുതിർന്നവർക്കും ഭിന്നശേഷിയുള്ളവർക്കും പ്രഥമപരിഗണന ലഭിക്കുമെന്നും ട്രംപ് ആരാധാകർ പ്രതീക്ഷിക്കുന്നു. അതേസമയം വംശ-ലിംഗ സമത്വത്തിൽനിന്ന് അമേരിക്ക പിന്നോട്ടു പോകുമെന്ന ആശങ്കയിലാണ് എതിരാളികൾ.

ഒബാമ പടിയിറങ്ങി ട്രംപ് അധികാരമേൽക്കുമ്പോൾ അമേരിക്കയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടിനാണ് അവസാനം കുറിക്കുന്നത്. വെളുത്ത വർഗക്കാരുടെ ആധിപത്യം നിലനിന്നിരുന്ന അമേരിക്കയിലെ പ്രഥമ ആഫ്രിക്കൻ വംശജനായ പ്രസിഡന്റായി കൃത്യം എട്ടു വർഷം മുമ്പാണ് ഒബാമ അധികാരമേറ്റെടുത്തത്. 2012 ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം അധികാരം നിലനിർത്തുകയായിരുന്നു.

രണ്ടു ഭരണകാലാവധിക്കുശേഷം ഒബാമ പടിയിറങ്ങുമ്പോൾ അമേരിക്കയ്ക്ക് നഷ്ടബോധമാണ് കൂടുതൽ. പക്ഷേ ആരോപണങ്ങളും അത്ര കുറവല്ല. കെനിയക്കാരൻ അച്ഛന്റെയും വെളുത്ത വർഗക്കാരി അമ്മയുടേലും മകനായ ബരാക് ഒബാമ സ്ഥാനമേൽക്കുമ്പോൾ അമേരിക്കയുട സമ്പദ്രംഗം കടുത്ത പ്രതിസന്ധിയുടെ പിടിയിലായിരുന്നു.

ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചാണ് അദ്ദേഹം സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ ശ്രമിച്ചത്. എന്നാർ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കു കുറയ്ക്കുന്നതിൽ പൂർണമായി വിജയം കാണാൻ അദ്ദേഹത്തിനായില്ല. ഇൻഷുറൻസ് ലോബിയുടെ പിടിയിയിൽനിന്ന് ആരോഗ്യ രംഗത്തെ രക്ഷിക്കാൻ ഒബാമ കെയർ എന്ന പദ്ധതിയും അദ്ദേഹം നടപ്പിലാക്കി.

സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രണമത്തിന്റെ സൂത്രധാരൻ എന്നാരോപിക്കപ്പെട്ട അൽക്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ രഹസ്യ ഓപറേഷൻ നടത്തി വധിച്ചതും ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളിൽനിന്ന് അമേരിക്ക പിന്മാറാനുള്ള തീരുമാനമുണ്ടായതും ഒബാമയുടെ കാലത്താണ്.

മറ്റേതു രാജ്യത്തേക്കാളും വെടിവയ്‌പ്പു മരണങ്ങൾ കൂടിനിൽക്കുന്ന അമേരിക്കയിൽ തോക്കുനിയന്ത്രണത്തിനു നിയമം കൊണ്ടുവരാനുള്ള ശ്രമവും ഒബാമയിൽനിന്ന് ഉണ്ടായി. എന്നാൽ യുസ് കോൺഗ്രസിലും പാർലമെന്റിലും നീക്കം പരാജയപ്പെട്ടു. രാജ്യത്ത് സ്വവർഗവിവാഹങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതും ഒബാമയുടെ കാലത്താണ്. വർഷങ്ങൾക്കുശേഷം ക്യൂബൻ പ്രസിഡന്റിന് ഹസ്തദാനം ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റ് എന്ന ഖ്യാതിയും അദ്ദേഹത്തിനു സ്വന്തം.