നോട്ടുകളിൽ മതപരമായോ രാഷ്ട്രീയ സംബന്ധമായോ എന്തെങ്കിലും എഴുതിയാൽ അവയുടെ മൂല്യം നഷ്ടപ്പെടുമെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. നോട്ടുകളുടെയും നാണയങ്ങളുടെയും വിനിമയം സംബന്ധിച്ച സംശയങ്ങൾക്കാണ് വിവരാവകാശ നിയമ പ്രകാരം വ്യക്തത വന്നിരിക്കുന്നത്.

രാജ്യത്തെ സാമ്പത്തിക വിനിമയങ്ങൾക്ക് 25 പൈസ നാണയങ്ങൾ ഉപയോഗിക്കാൻ കഴിയുമോ ? നോട്ടുകളിൽ പേന കൊണ്ടോ മറ്റ് മഷി കൊണ്ടോ ഉള്ള എഴുത്തുകൾ ഉണ്ടെങ്കിൽ ആ നോട്ടുകൾ സ്വീകരിക്കുമോ ? ഉണ്ടെന്നും ഇല്ലെന്നുമുള്ള രണ്ട് അഭിപ്രായങ്ങൾ ജനങ്ങളുടെ ഇടയിൽ ഉണ്ട്. കടകളിൽ എഴുത്തുകളുള്ള നോട്ടുമായി ചെല്ലുമ്പോൾ തർക്കത്തിനും കാരണമാകാറുണ്ട്. എന്നാൽ ഇതിൽ വ്യക്തമായ ഒരു നിയമമോ അല്ലെങ്കിൽ ആ നിയമത്തെക്കുറിച്ചുള്ള വ്യക്തതയോ ആർക്കും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

എന്നാൽ ഈ വിഷയത്തിൽ ഇനി ഒരു തർക്കത്തിന്റെ ആവശ്യമില്ല. വിവരാവകാശ പ്രവർത്തകനായ ആശിഷ് കുമാർ നൽകിയ ചോദ്യത്തിനാണ് ഇപ്പോൾ വ്യക്താമായ ഉത്തരം ലഭിച്ചിരിക്കുന്നത്. രണ്ട് ചോദ്യങ്ങളാണ് അനീഷ് വിവരാവകാശത്തിനായി ഉന്നയിച്ചിരുന്നത്.

ഒന്ന് ചെറിയ തുകയ്ക്കുള്ള നാണയങ്ങൾ സർക്കാർ പിൻവലിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഔദ്യോഗിക ഉത്തരവുകൾ ഉണ്ടോ ? രണ്ട്, രാജ്യത്തെ 500, 2000 രുപയുടെ നോട്ടുകളിൽ പേന കൊണ്ടോ മറ്റ് മഷി കൊണ്ടോ എന്തെങ്കിലും എഴുതിയാൽ ആ നോട്ടുകൾ പിന്നീട് ഉപയോഗിക്കാൻ കഴിയുമോ ? എന്നാൽ ഈ രണ്ട് ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരമാണ് വിവരാവകാശ രേഖ പ്രകാരം പുറത്ത് വന്നിരിക്കുന്നത്.

201 ഡിസംബർ 20 ലെ 2529 എന്ന ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം 2011 ജൂൺ 30 മുതൽ 25 പൈസ വരെ വിലയുള്ള നാണയങ്ങൾ നിരോധിച്ചിട്ടുണ്ട്. 5,10,20,25 പൈസ നാണയങ്ങൾ രാജ്യത്ത് അടുത്ത സമയത്ത് വരെ ഉപയോഗിച്ചിരുന്നു. എന്നാൽ 50 പൈസ മുതൽ മൂല്യമുള്ള നാണയങ്ങൾ ഉപയോഗിക്കാം.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പുതിയ നോട്ടുകളിൽ പേന കൊണ്ട് എഴുതിയാൽ ആ നോട്ടുകൾ തിരികെ എടുക്കില്ലെന്നും മൂല്യം നഷ്ടപ്പെടുമെന്നുമുള്ള വാർത്തകൾ പടർന്നത്. എന്നാൽ ആ വാർത്തക്കും ഔദ്യോഗികമായ നിയമം വന്നിരുന്നില്ല. 2009 ലെ ആക്ട് പ്രകാരം നോട്ടുകളിൽ മതപരമായോ അല്ലെങ്കിൽ രാഷ്ട്രീയ സംബന്ധമായോ എന്തെങ്കിലും എഴുതിയാൽ അവയുടെ മൂല്യം നഷ്ടപ്പെടുമെന്നും ആ നോട്ടുകൾ വിനിമയത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലവിലുണ്ട്. ആ നിയമം പരിഷ്‌കരിക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. അതിനാൽ നോട്ടുകളിൽ പേന കൊണ്ടോ മറ്റ് മഷി ഉപയോഗിച്ചാൽ മൂല്യം നഷ്ടപ്പെടുമെന്ന വാർത്ത തെറ്റാണെന്നാണ് വിവരാവകാശ നിയമ പ്രകാരം പുറത്ത് വരുന്നത്.