ലോകം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന സൂചനകളാണ് എല്ലായിടത്തും 2008-ലെ ആഗോളമാന്ദ്യമുണ്ടാക്കിയ തകർച്ചയിൽനിന്ന് കരകയറുംമുന്നെ, മറ്റൊരു ആഘാതം കൂടിവന്നാൽ എങ്ങനെ നേരിടുമെന്ന ആശങ്ക എല്ലായിടത്തുമുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതൽ വെളിപ്പെടുത്തിക്കൊണ്ട് അമേരിക്കയിലെ ഇൻഡസ്ട്രിയൽ സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്‌സായ ഡൗ ജോൺസ് ഒറ്റദിവസം കൊണ്ട് 1200 പോയന്റ് ഇടിഞ്ഞു. 2.18 ശതമാനം ഇടിവാണ് ഡൗ ജോൺസിലുണ്ടായത്.

വെള്ളിയാഴ്ച മുതൽ സ്‌റ്റോക്ക് മാർക്കറ്റിൽ തുടരുന്ന തണുപ്പൻ പ്രതികരണമാണ് തിങ്കളാഴ്ച കനത്ത ആഘാതമുണ്ടാക്കിയത്. വെള്ളിയാഴ്ച 2.5 ശതമാനം ഇടിവാണ് ഉണ്ടായത്. ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്ന ദിവസം വാൾസ്ട്രീറ്റിലുണ്ടായ തകർച്ചയ്ക്കുശേഷം ഓഹരി വിപണിയിലുണ്ടായ ഏറ്റവും മോശം ദിവസമായി ഇതുമാറി. ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ച നിക്ഷേപകർക്കിടയിലും കനത്ത ആശങ്ക വിതച്ചിട്ടുണ്ട്.

2015 ഓഗസ്റ്റിനുശേഷം ഡൗ ജോൺസിൽ ഇങ്ങനെ തുടരെ രണ്ടുദിവസം വീഴ്ചയുണ്ടായിട്ടില്ല. അതാണ് നിക്ഷേപകരെ കൂടുതൽ ആശങ്കയിലാഴ്‌ത്തുന്നത്. തിങ്കളാഴ്ച രാവിലെ കുറച്ച് നഷ്ടം നികത്തിയ വിപണി കരകയറുമെന്ന തോന്നലുണ്ടാക്കിയശേഷം വീണ്ടും തകർന്നടിയുകയായിരുന്നു. പലിശനിരക്കിലെ വർധനയാണ് നിക്ഷേപകരെ ഇത്തരത്തിൽ കഷ്ടതയിലാക്കിയതെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, ഭൂരിപക്ഷത്തിനും ഇത് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായായാണ് അനുഭവപ്പെടുന്നത്.

2008-ലെ സാമ്പത്തിക മാന്ദ്യം രൂക്ഷമായ കാലത്താണ് ഡൗ ജോൺസിൽ ഇപ്രകാരമൊരു വീഴ്ച നേരത്തേ സംഭവിക്കുന്നത്. അമേരിക്കൻ ബാങ്കുകളെ രക്ഷിക്കുന്നതിനായി മുന്നോട്ടുവെച്ച 700 ബില്യൺ ഡോളറിന്റെ പാക്കേജ് ഭരണകൂടം നിരസിച്ചതോടെയാണ് അന്ന് ഡൗ ജോൺസ് തകർന്നടിഞ്ഞത്. തിങ്കളാഴ്ചത്തെ ക്ഷീണത്തിന്റെ പ്രതിഫലനം മറ്റ് ഓഹരി വിപണികളിലും ഉണ്ടായി. എസ് ആൻഡ് പി 500-ൽ 3.8 ശതമാനവും നാസ്ദാഖിൽ 3.7 ശതമാനവുമാണ് വീഴ്ച സംഭവിച്ചത്.

എന്നാൽ,ഡൗ ജോൺസിലെ തകർച്ച കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് രാജ് ഷാ പറഞ്ഞു.. വിപണിയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറച്ചതാണ്. അത് മുന്നോട്ടുതന്നെയാണ് കുതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ താൽക്കാലികം മാത്രമാണെന്നും അതിൽ ആശങ്കപ്പെടേണ്ടതിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.