പാലക്കാട്: ഒരൊറ്റ ഫേസ്‌ബുക്ക് പോസ്റ്റ് ഒരു കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. രോഗവും ദാരിദ്ര്യവും കൊണ്ട് കഷ്ടപ്പെടുന്ന കുടുംബത്തിനാണ് രോഗിയെ ചികിത്സിക്കുന്ന ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് രക്ഷയായത്.

പോസ്റ്റിട്ട ഡോക്ടറെപ്പറ്റിയും കുടുംബത്തെപ്പറ്റിയും മറുനാടൻ മലയാളി വാർത്തയാക്കിയതിലൂടെ ആ കുടുംബത്തിന് സുമനസ്സുകളുടെ സഹായ പ്രവാഹമായിരുന്നു. ഒറ്റപ്പാലത്തിനടുത്ത് പാവുക്കോണത്ത് കുഞ്ഞാലന്റെ മകൻ 17 കാരനായ അലി അസ്ഗറിനെ പറ്റിയാണ് ഡോക്ടർ പോസ്റ്റിട്ടത്. അലി അസ്ഗർ ഇരുവൃക്കകളും തകരാറിലായി വാണിയംകുളത്ത് പി.കെ. ദാസ് മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചെയ്തുവരികയാണ്.

നെഫ്രോളജി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമാണ് ഡോ അബു താഹിർ അസ്ഗറിനെ കാണുന്നത്. തനിയെ വന്ന് ഡയാലിസിസ് ചെയ്തു പോകുന്ന അലി അസ്ഗറിന്റെ കൂടെ ഡോക്ടറും വീട്ടിൽ പോയി. മാങ്ങ പറിച്ചുവിറ്റ് ഉപജീവനം നടത്തുന്ന വയോധികനായ പിതാവും ഉമ്മയും മറ്റു മൂന്നു കുട്ടികളും ഉള്ള വീട് . കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും സൗജന്യമായി വൃക്ക ലഭിച്ചിട്ടും നാലു ലക്ഷം രൂപ ഇല്ലാത്തതുകൊണ്ട് ഓപ്പറേഷൻ മുടങ്ങിയ കാര്യം ആ പിതാവ് ഡോക്ടറോടു പറഞ്ഞു.

ഈ സങ്കടക്കഥയാണ് ഡോക്ടർ താൻ ആദ്യമായി മലയാളത്തിൽ എഴുതി പോസ്റ്റാക്കി ഫേസ് ബുക്കിലിട്ടത്. ഒരു ഡോക്ടർ തന്റെ രോഗിയെ രക്ഷിക്കാൻ സമുഹത്തോട് അഭ്യർത്ഥിക്കുന്ന പോസ്റ്റ് രണ്ടു ദിവസത്തിനകം തന്നെ ഷെയർ ചെയ്യപ്പെട്ടത് 1300 ലധികമാണ്. തുടർന്ന് മറുനാടൻ മലയാളി ഡോക്ടറേയും ഡോകടർ പോസ്റ്റിലെഴുതിയ രോഗിയേയും പോയി കണ്ടാണ് വാർത്ത നൽകിയിരുന്നത്. വാർത്തയെടുക്കുന്നതിനു വേണ്ടി ആശുപത്രിയിലെത്തിയപ്പോൾ ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു അലി അസ്ഗർ. ആഴ്‌ച്ചയിൽ രണ്ടു ദിവസമാണ് ഡയാലിസിസ്.

ഡയാലിസിസ് കഴിഞ്ഞ ശേഷം ഡോക്ടറുടെ കൂടെ അലി അസ്ഗറിന്റെ വീട്ടിലേക്കും മറുനാടൻ മലയാളിയുടെ ലേഖകൻ പോയി. വീട്ടിലെത്തിയപ്പോഴാണ് കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്. മൂത്ത സഹോദരൻ ഇതേ അസുഖം ബാധിച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. ഇപ്പോൾ അലി അസ്ഗറിനും ഇരട്ട സഹോദരനും അനിയനും ഇതേ രോഗമാണ്. അലി അസ്ഗറിന്റെ പോലെ ഗുരുതരാവസ്ഥയില്ലെന്നു മാത്രം. ഒരാൾക്ക് മാത്രം മാസം മരുന്നിനു 2000 രൂപ വേണം. പണമില്ലാത്തതു കൊണ്ട് അവർ മരുന്നു കഴിക്കൽ നിർത്തി കൂടുതൽ അപകടനിലയിലായ അലി അസ്ഗറിനെ സഹായിക്കുകയാണ്.

ഇക്കാര്യങ്ങൾ വിശദമാക്കി ഡോക്ടർ പോസ്റ്റ് എഡിറ്റ് ചെയ്തു. മറുനാടൻ മലയാളിയിലും വാർത്ത വന്നതോടെ കുഞ്ഞാലന്റെ കുടുംബത്തെ തേടി സഹായങ്ങൾ എത്തി ക്കൊണ്ടിരിക്കുകയാണ്. ഡോക്ടറുടെ പോസ്റ്റ് കണ്ട കൽപകഞ്ചേരി തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ കോഴിക്കോട് സി.എച്ച് സെന്റർ അലി അസ്ഗറിന്റെ വ്യക്ക മാറ്റിവക്കാനുള്ള ഓപ്പറേഷന്റെ ചെലവ് നാലു ലക്ഷം രൂപ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ഈ തുക കോഴിക്കോട് നടന്ന ചടങ്ങിൽ ഇവർക്ക് കൈമാറിയിട്ടുണ്ട് . സി.എച്ച് സെന്ററിൽനിന്നുള്ള നിർദ്ദേശം അനുസരിച്ച് അലി അസ്ഗറും ഉപ്പ കുഞ്ഞാലനും കൂടി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ആവശ്യമായ ടെസ്റ്റുകൾ നടത്തി.

പത്തംകുളത്തുകാർ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ മാസം 40,000 രൂപ കുഞ്ഞാലന്റെ കുടുംബത്തിന് കൈമാറിയിരുന്നു. ടി.എം സലാം ഗ്രൂപ്പ് അഡ്‌മിനും പത്തംകുളത്തെ അബ്ദുൾ റിയാസ് മാസ്റ്റർ കൺവീനറുമായ ഈ ഗ്രൂപ്പ് കുഞ്ഞാലന്റെ കുടുംബത്തിനു വേണ്ടി തുക സ്വരൂപിക്കുന്നുണ്ട്. ഒറ്റപ്പാലത്തിനടുത്ത നെല്ലികുർശി മഹല്ല് കമ്മിറ്റി പള്ളിയിലെ ആഘോഷാവശ്യങ്ങൾക്കു വേണ്ടി മാറ്റിവച്ചിരുന്ന ഒരു ലക്ഷം രൂപ കുഞ്ഞാലന്റെ വീട്ടിലെത്തി നൽകി. ഒറ്റപ്പാലത്തെ ബസ് ഓപ്പറേറ്റർമാരും തൊഴിലാളികളും കുഞ്ഞാലൻ സഹായനിധി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ഓരോ ദിവസത്തെ കലക്ഷൻ കുടുംബത്തിനു നൽകും.

ഒറ്റപ്പാലം- പാവുക്കോണം റൂട്ടിലോടുന്ന ബുറാക്ക് ബസ്സിൽ ഇവർക്ക് സൗജന്യയാത്ര അനുവദിക്കും. പെരിന്തൽമണ്ണയിലെ ഒരു വ്യക്തി കുഞ്ഞാലന്റെ കുടുംബത്തിന് സ്ഥിരവരുമാനം കിട്ടുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കാൻ തയ്യാറായിട്ടുണ്ട്. കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേർ ചെറുതും വലുതുമായ തുകകൾ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇങ്ങനെ മനുഷ്യസ്‌നേഹിയായ ഡോക്ടറുടെ ഫേസ്‌ബുക്‌പോസ്റ്റും അത് വാർത്തയാക്കിയതിലൂടെ മറുനാടൻ മലയാളി മുഖേനയും ഈ കുടുംബം ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.

തൃശൂർ ജില്ലയിലെ വരവൂർ വലിയ പീടികയിൽ മൊയ്തീന്റെ മകനാണ് പോസ്റ്റിട്ട ഡോ.അബു താഹിർ. വരവൂർ ഗവൺമെന്റ് സ്‌കൂളിൽനിന്ന് പത്താം ക്ലാസിൽ ഒന്നാമനായി വിജയിച്ചു. തുടർന്ന് പഠിക്കാൻ വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായതിനാൽ കോഴിക്കോട് കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന കാന്തപുരം മുസ്ലിയാരുടെ മർക്കസിലെത്തി. ആവശ്യമുള്ള അത്രയും കാലം ഇഷ്ടമുള്ള അത്രയും പഠിക്കാം, പ്രത്യേക ബോണ്ടോ ഫീസോ ഒന്നും വേണ്ടിയിരുന്നില്ല. തുടർന്ന് 15 വർഷക്കാലം കോഴിക്കോടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് എം.ബി .ബി.എസ് പൂർത്തിയാക്കിയത്. മിടുക്കരായ വിദ്യാർത്ഥികൾക്ക് സൗജന്യ സേവനം നൽകുന്ന ഒരു സ്ഥാപനവും ഇദ്ദേഹം കോഴിക്കോട് തുടങ്ങിയിട്ടുണ്ട്.

ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് ഇതാണ് 

 

ഇന്നലെ പി.കെ ദാസ് മെഡിക്കൽ കോളേജിലെ ഡയാലിസിസ് ഐ സി യു വിൽ വച്ചാണ് അവനെ പരിചയപ്പെട്ടത്.17 വയസ്സേ ആയിട്ടുളൂ.... ആഴ്ചയിൽ...

Posted by Aboo Thahir on Monday, February 15, 2016