മലപ്പുറം: സ്റ്റാഫ് നഴ്സായ യുവാവ് എൻട്രൻസ് എഴുതി മെഡിസിൻ പഠനം പൂർത്തിയാക്കി ഡോക്ടറായി ചാർജ്ജെടുത്തു. മലപ്പുറം വാളക്കുളം പൂക്കിപ്പറമ്പ് തയ്യിൽ അബുഹാജി ആയിഷ ദമ്പതികളുടെ എട്ടുമക്കളിൽ ഏഴാമത്തെ മകൻ അഹമ്മദ് കബീർ തയ്യിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കാസർഗോഡ് കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ അസിസ്റ്റന്റ് സർജൻ റാങ്കിലാണ് ഡോക്ടർ ആയി നിയമിതനായിരിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്സിങ് ബിരുദവും, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി യിൽ നിന്ന് നഴ്സിങ് ബിരുദാനന്തരബിരുദവും നേടിയ ആളാണ് അഹമ്മദ് കബീർ. പിഎസ്‌സി നിയമനം ലഭിച്ച് തലശ്ശേരി ജനറൽ ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആയി ജോലി ചെയ്യുവെയാണ് നീറ്റ് എഴുതി സർവീസ് ക്വാട്ടയിൽ 2013 ബാച്ചിൽ എംബിബിസിന് അഡ്‌മിഷൻ ലഭിച്ചത്. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിലായിരുന്നു കബീർ മെഡിസിൻ പഠനം പൂർത്തിയാക്കിയത്.

കണ്ണൂർ ആശിർവാദ് സ്കൂൾ ഓഫ് നേഴ്സിങ്, കോഴിക്കോട് JDT ഇസ്ലാം സ്കൂൾ ഓഫ് നേഴ്സിങ്, മലപ്പുറം PMSA സ്കൂൾ ഓഫ് നഴ്സിങ് എന്നിവിടങ്ങളിൽ നഴ്സിങ് ട്യൂട്ടറായി ജോലി ചെയ്തിട്ടുണ്ട്. ഗവണ്മെന്റ് സർവീസിൽ കണ്ണൂർ ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സ്റ്റാഫ് നഴ്സ് ആയും ജോലി ചെയ്തിട്ടുണ്ട്.

അഹമ്മദ് കബീറിന്റെ പിതാവ് 20 വർഷം മുമ്പ് മരണപ്പെട്ടു. ഉമ്മയും നാല് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉണ്ട്. ഭാര്യ ഷബീബ കെ, കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. മക്കൾ മൻഹ തയ്യിൽ ( ആറാം ക്ലാസ് ) ഹൻഫ തയ്യിൽ (നാലാം ക്ലാസ് ) ദാവൂദ് മഹ്ദി തയ്യിൽ (രണ്ട് വയസ്സ്).

ആരോഗ്യവകുപ്പിലും മെഡിക്കൽ വിഭ്യാഭ്യാസവകുപ്പിലും ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ തുടങ്ങിയ വകുപ്പുകളിലുമായി സർവീസിലുള്ള ആയിരക്കണക്കിന് സ്റ്റാഫ്‌ നഴ്സുമാരാണ് ഓരോ വർഷവും മെഡിക്കൽ എൻട്രൻസ് എഴുത്തുന്നത്. അതിൽ ഏറ്റവും മുന്നിൽ വരുന്ന ഒരാൾക്ക് മാത്രമാണ് എംബിബിസ് അഡ്‌മിഷൻ ലഭിക്കുന്നത്. സർവീസ് ക്വാട്ടയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന സ്റ്റാഫ്‌ നഴ്സിന് ബൈട്രാൻസ്ഫർ നിയമനം മുഖേന നേരെ ഡോക്ടർ ആയി നിയമനം ലഭിക്കും. എന്നാൽ എൻട്രൻസ് എഴുതി സർവീസ് ക്വാട്ടയിൽ എംബിബിസിന് അഡ്‌മിഷൻ വാങ്ങുക എന്നത് അത്ര എളുപ്പമായ സംഗതിയല്ല. എന്നാൽ കഠിനാധ്വാനികൾക്ക് അസാധ്യവുമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദ് കബീർ. നിരവധി പേരാണ് അഹമ്മദ് ​കബീറിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. അഹമ്മദ് കബീറിന്റെ നേട്ടം ചൂണ്ടിക്കാട്ടി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷായും ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.