കോട്ടയം: എം.ജി സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ഡോ.ബാബു സെബാസ്റ്റ്യന് ആശ്വാസമായി സുപ്രീംകോടതിയുടെ വിധി എത്തിയിരിക്കുന്നു. നാളെ ബാബു സെബാസ്റ്റ്യൻ വൈസ് ചാൻസലറായി വീണ്ടും അദ്ദേഹം ചുമതലയേൽക്കും. അടുത്ത മാസം 16വരെ തൽസ്ഥാനത്ത് തുടരാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. സുപ്രീംകോടതിയിൽ നിന്ന് തനിക്ക് നീതി കിട്ടുമെന്ന് ബാബു സെബാസ്റ്റ്യൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഹൈക്കോടതി വിധിയിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ കേസിൽ ബാബു സെബാസ്റ്റ്യന് എതിരായി ഹൈക്കോടതി വിധി പറഞ്ഞതിന് കാരണമായത് മദ്രാസ് ഹൈക്കോടതിയുടെ ഒരു വിധിയായിരുന്നു. ഇത് അറിയാതെയായിരുന്നു വിധി. ഈ വിധി പിന്നീട് തിരിച്ചുവിളിച്ച് ഹൈക്കോടതി ചില തിരുത്തലുകൾ നടത്തി. അത്തരത്തിലൊരു നടപടിയെടുക്കുമ്പോൾ കേസിലെ കക്ഷികൾക്ക് ബോധിപ്പിക്കാനുള്ളത് കോടതി കേൾക്കണമെന്നതാണ് ചട്ടം. ഇത് ഹൈക്കോടതി പാലിച്ചില്ല. ഇത് സുപ്രീംകോടതിയിൽ ബാബു സെബാസ്റ്റ്യന് വേണ്ടി പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ ഉയർത്തിക്കാട്ടി. ഇതോടെയാണ് കേസിൽ കാര്യങ്ങൾ ബാബു സെബാസ്റ്റ്യന് അനുകൂലമാകുന്നത്.

സംസ്ഥാന സർക്കാർ ഉൾപ്പെടെ കേസിലെ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. വി സി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബാബു സെബാസ്റ്റ്യൻ നൽകിയ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അടുത്തമാസം 16ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ തൽസ്ഥാനത്ത് തുടരാമെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ് എന്ന് അഭിഭാഷക അറിയിച്ചു. സെലക്ഷൻ കമ്മറ്റിയാണ് ബാബു സെബാസ്റ്റ്യനെ വിസിയാക്കിയത്. ഈ കമ്മറ്റിയിൽ യുജിസി അംഗവുമാണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിസി നിയമനത്തിൽ പ്രശ്‌നമൊന്നുമില്ലെന്നാണ് വാദം. ഇത് സുപ്രീംകോടതി അംഗീകരിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

2010ലെ യുജിസി മാർഗനിർദ്ദേശങ്ങൾ വിശകലനം ചെയ്യുന്നതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബു സെബാസ്റ്റ്യൻ അപ്പീൽ നൽകിയത്. 2010ലെ യുജിസി മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സർവകലാശാലയിലോ, ഏതെങ്കിലും ഗവേഷണ അക്കാഡമിക് സ്ഥാപനത്തിലോ പത്ത് വർഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചിരിക്കണമെന്നാണ് പ്രധാന മാനദണ്ഡം. ഇതുപ്രകാരമുള്ള യോഗ്യത ബാബു സെബാസ്റ്റ്യന് ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. എന്നാൽ, 19 വർഷം കോളേജ് അദ്ധ്യാപകനായും ഏഴ് വർഷം സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിച്ച ശേഷമാണ് താൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷൻ ടെക്‌നോളജി ഡയറക്ടറായതെന്നാണ് അപ്പീലിൽ പറയുന്നത്.

ഇതിന് പുറമേ 18 വർഷം സർവകലാശാല റിസർച്ച് ഗൈഡ് ആയിരുന്നു. പി.എച്ച്.ഡി അവാർഡ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളും പരിഗണിച്ചാണ് വി സി നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി തന്റെ പേര് പരിഗണിച്ചത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷൻ ടെക്‌നോളജിയിൽ 10 വർഷത്തിലേറെ താൻ ഡയറക്ടറായിരുന്നു. ഈ പദവി പ്രൊഫസർ പദവിക്ക് തുല്യമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്, തനിക്ക് മുൻപ് ഈ പദവി വഹിച്ച മുൻഗാമികളുടെ യോഗ്യതകൾ വിലയിരുത്തിയാണ്.

അത് ഹൈക്കോടതിയുടെ ഭാഗത്തുണ്ടായ ഗുരുതരമായ പിഴവാണ്. വിശിഷ്ട പണ്ഡിതനെന്ന വിഗഗ്ദ സമിതിയുടെ കണ്ടെത്തൽ ഹൈക്കോടതി അവഗണിച്ചു. വി സി നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയെ ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. നിയമനം നടന്ന് മൂന്ന് വർഷത്തിന് ശേഷം നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടിയുണ്ടായത്. തന്റെ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും ബാബു സെബാസ്റ്റ്യൻ നൽകിയ അപ്പീലിലുണ്ട്.