തിരുവനന്തപുരം: എഐഎഡിഎംകെ നേതാവുചമഞ്ഞ് ഡോക്ടറുടെ മകന് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് അരക്കോടി തട്ടിയതിന് കഴിഞ്ഞദിവസം പിടിയിലായ ബഷീർ നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ചതായി സൂചന. മെഡിക്കൽ സീറ്റിന് അരക്കോടിയോളവും പിജി സിറ്റുകൾക്ക് മൂന്നുകോടി വരെയും ഇയാൾ തട്ടിച്ചുവെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചുവന്ന ഇയാൾ ഇപ്പോൾ അറസ്റ്റിലായത് മകന്റെ ഡോക്ടർ മോഹം പൂവണിയിക്കാൻ കഷ്ടപ്പെട്ട വനിതാ ഡോക്ടറെയാണ്.

തമിഴ്‌നാട്ടിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു നെയ്യാറ്റിൻകര അതിയന്നൂർ മൂന്നുകല്ലുംമൂട് കൂട്ടപ്പന ക്ഷേത്രത്തിന് സമീപം എസ്.ബി.എസ് നിവാസിൽ ബഷീർ(41) എന്ന ഡോക്ടർ ബഷീർ കബളിപ്പിച്ചത്. പ്രാഥമിക അന്വേഷണത്തിൽത്തന്നെ ഇയാൾ വെളിപ്പെടുത്തിയ വിവരങ്ങൾ കേട്ട് പൊലീസുകാർപോലും ഞെട്ടിപ്പോയി. പൂവാറിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകരയിലെ ഓർഫനേജിൽ അന്തേവാസിയായി എത്തിയ ആളായിരുന്നു ബഷീർ. ഭാര്യയും കുട്ടികളും മാതാപിതാക്കളുമായി ഓർഫനേജിന്റെ ഒരുകോണിൽ താവളമുറപ്പിച്ചു. ഒമ്പതാം ക്‌ളാസ് വരെ മാത്രം പഠിച്ച ഇയാൾ റെയിൽവേ സ്റ്റേഷനിൽ കപ്പലണ്ടി വിറ്റായിരുന്നു ആദ്യം കുടുംബം പുലർത്തിയിരുന്നത്. കൂട്ടപ്പനയിൽ ബലൂണും റിബണും കാസറ്റും വിറ്റുനടന്ന ഇയാൾ മൂന്നുകല്ലുംമൂട്ടിൽ തട്ടുകടയും നടത്തി. പത്തുവർഷംമുമ്പ് ബഷീർ നാടുവിട്ടു. ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തെ നാട്ടിലാക്കി നാഗർകോവിൽ ബസ് സ്റ്റാന്റിൽ ചെരിപ്പ് വിൽപ്പനക്കാരനായി. അവിടെ വച്ച് വിവിധ പ്രാദേശിക രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചു. പിന്നീട് അണ്ണാ ഡിഎംകെയിൽ ചേർന്നതോടെ ആളാകെ മാറി. പാർട്ടിയുടെ കേരള ഘടകത്തിന്റെ ചുമതലക്കാരനായി. തമിഴ്‌നാട്ടിലും പാർട്ടിയിലൂടെ ബന്ധങ്ങൾ വിപുലപ്പെടുത്തി. ഇക്കാലത്ത് വിദേശ സർവ്വകലാശാലയിൽനിന്ന് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയതായും പൊലീസ് വ്യക്തമാക്കുന്നു.

ഒമ്പതാംക്‌ളാസ് തോറ്റ് നാടുവിട്ട ബഷീർ ഏറെകാലത്തിനുശേഷം പാർട്ടി നേതാവായി നാട്ടിൽ തിരിച്ചെത്തിയപ്പോൾ നാട്ടുകാരെല്ലാം അമ്പരന്നു. ജയലളിതയുടെ കടുത്ത ആരാധകനായ ബഷീർ ഊണിലും ഉറക്കത്തിലുമെല്ലാം 'അമ്മ'യുടെ ഫോട്ടോ കൂടെ കൊണ്ടുനടന്നു. ജയലളിതയുടെ കൈകൂപ്പികൊണ്ടുള്ള ഫോട്ടോ ചില ഷർട്ടുകളിൽ പ്രിന്റ് ചെയ്തുപോലും അമ്മഭക്തി വെളിപ്പെടുത്തി. ഇക്കാലത്ത് നാഗർകോവിലിൽ എൻജിനീയറിങ്, മെഡിക്കൽ വിദ്യാഭ്യാസ ഏജന്റായി മാറിയതോടെയാണ് തട്ടിപ്പുകൾക്ക് ഇയാൾ ഇരകളെ തേടിത്തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.

സ്വന്തം പേരിൽ തമിഴ്‌നാട്ടിൽ എസ്.ബി.എസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ എന്നപേരിൽ സ്ഥാപനവും ആരംഭിച്ചു. മക്കളെ ഡോക്ടറും എൻജിനീയറുമാക്കിയേ തീരൂ എന്ന് വാശിയുള്ള സമ്പന്നന്മാരെ ഉന്നംവച്ചായിരുന്നു പ്രവർത്തനം. തമിഴ്‌നാട്ടിലെ നേതാക്കളുമായുള്ള ബന്ധങ്ങളുടെ മറവിലാണ് മെഡിക്കൽ പ്രവേശന ഇടപാടുകൾ നടന്നത്. പാർട്ടി കേരള ഘടകത്തിന് അമ്മ അനുവദിച്ച എ.ഐ.എ.ഡി.എം.കെയുടെ കൊടിവച്ച കാറിൽ തമിഴ്‌നാട്ടിലും കേരളത്തിലും ചുറ്റിയടിച്ചിരുന്ന ബഷീർ വാക് ചാതുരിയും നടപ്പുംകണ്ടാൽ തട്ടിപ്പുകാരനെന്ന് തോന്നുകയേ ഇല്ലെന്ന് പൊലീസ് പറയുന്നു.

കേരള മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഇക്കുറി രണ്ടാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശിയും ചെന്നൈ അഡയാർ ആശിർവാദ് അപ്പാർട്ട് മെന്റിൽ താമസക്കാരനുമായ ലക്ഷ്മിൺ ദേവിന് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് ബഷീറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. അഡയാറിൽ ആശുപത്രി നടത്തുകയാണ് ലക്ഷ്മിൺദേവിന്റെ അമ്മ ഡോ. ഭാനുമതി. രണ്ടുവർഷം മുമ്പ് ആശുപത്രിയിലെത്തി എ.ഐ.എ.ഡി.എം.കെ നേതാവെന്ന നിലയിൽ ഡോ. ഭാനുമതിയുമായി പരിചയപ്പെട്ട ബഷീർ അത് മുതലെടുത്താണ് അവരെ കബളിപ്പിച്ചത്. തമിഴ്‌നാട്ടിലെ എസ്.ആർ.എം മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും ക്വാട്ടയുണ്ടെന്നും അതിൽസീറ്റ് ഉറപ്പാക്കാമെന്നും പറഞ്ഞായിരുന്നു ബഷീർ ഇവരെ വീഴ്‌ത്തിയത്.

നാട്ടിൽ നിന്ന് ആർക്കെങ്കിലും അഡ്‌മിഷൻ വേണമെങ്കിൽ അവരെ ബന്ധപ്പെടുത്തി തരണമെന്നും ഇയാൾ ഡോക്ടറോട് പറഞ്ഞു. സീറ്റിന് അഡ്വാൻസ് നൽകണമെന്ന് ആവശ്യപ്പെട്ടു. 2015 ഏപ്രിൽ 2ന് തിരുവനന്തപുരം സുഭാഷ് നഗറിലുള്ള കുടുംബവീട്ടിൽ വച്ച് അഞ്ചുലക്ഷം രൂപ നൽകി. ബാക്കി പണവും ഉടൻ നൽകയാലേ സീറ്റ് ഉറപ്പിക്കാനാകൂ എന്നായി പിന്നീട് ബഷീർ. ഡോക്ടർ കടംവാങ്ങിയും മറ്റും പണം നൽകി. അഡയാറിലെ ഫ്‌ളാറ്റ്, ബാങ്കിൽ പണയപ്പെടുത്തിയാണ് കടക്കാർക്ക് ഡോക്ടർ പണം തിരികെ നൽകിയത്. മാസങ്ങൾ പിന്നിട്ടിട്ടും സീറ്റിന്റെ കാര്യം നടക്കാതായതോടെ ഡോക്ടറോട് ഇയാൾ ഒഴികഴിവുകൾ പറഞ്ഞുതുടങ്ങി ഇതിനിടെ കേരള മെഡിക്കൽ പ്രവേശന പരീക്ഷയിൽ ലക്ഷ്മിൺ ദേവിന് രണ്ടാം റാങ്ക് കിട്ടിയതോടെ ഭാനുമതി ബഷീറിനോട് പണം തിരികെ ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പ് വെളിവായത്. പണം തരില്ലെന്ന് പറഞ്ഞതോടെയാണ് കേസ് നൽകുന്നതും ഇ്‌പ്പോൾ ബഷീർ അറസ്റ്റിലാകുന്നതും.