കോഴിക്കോട്: സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്ന ഗാന്ധിഗ്രാമം പ്രകൃതി ഉൽപ്പന്ന വ്യവസായ ശൃംഖലയുടെ സ്ഥാപകൻ ഡോ.മൂലശ്ശേരി ദേവദാസ (56)ന്റെ മരണത്തിൽ ദുരൂഹതയേറുന്നു. കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം ലക്ഷ്മി ടൂറിസ്റ്റ് ഹോമിൽ വായും മൂക്കും വീതി കൂടിയ സെല്ലോ ടേപ്പ് ഉപയോഗിച്ചു ചുറ്റിയ നിലയിലാണ് മൃതശരീരം കാണപ്പെട്ടത്.

ഇന്നലെ ഉച്ചയോടെ ലോഡ്ജ് മുറിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി. മരണത്തിന് മണിക്കൂറുകൾക്കു മമ്പ് സംഭവിച്ചതാണെന്നു കരുതുന്ന മുറിവുകളും മറ്റു പാടുകളും കണ്ടെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ഗാന്ധിഗ്രാമം വയനാടിന്റെ ഉൽപന്നങ്ങളെത്തിച്ച് വ്യാപാരം നടത്തി വരികയാണ് തിരൂർ വെട്ടം സ്വദേശിയായ ദേവദാസൻ. ആദിവാസികളുടെ പാരമ്പര്യ ചികിത്സാ മരുന്നുകൾ മുതൽ കരകൗശല വസ്തുക്കളും പ്രകൃതിദത്തമായ വസ്തുക്കളും ഗാന്ധിഗ്രാമത്തിനു കീഴിൽ വിൽപന നടത്തി വരുന്നു. ബന്ധുക്കൾക്കും ദേവദാസിന്റെ മരണം ഇപ്പോഴും ഉൾകൊള്ളാനായിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഇന്നലെ രാവിലെയായിരുന്നു കോഴിക്കോട് കോട്ടപ്പുറം ലക്ഷ്മി ലോഡ്ജിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. എന്നാൽ ദേവദാസന്റെ മരണം സ്വാഭാവികമല്ലെന്നാണ് ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ചില മുറിപ്പാടുകൾ മുഖത്തും ദേഹത്തും കണ്ടെത്തിയതായി ബന്ധുക്കൾ പറഞ്ഞു. ലോഡ്ജ് മുറിയിൽ കാൽ നിലത്തു തൊടുന്ന രീതിയിലായിരുന്നു മൃതദേഹം. മരണം ആത്മഹത്യയോണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ദേവദാസിന് അടുത്തിടെയായി കടുത്ത മാനസിക സമ്മർദം ഉണ്ടായതായി അടുപ്പക്കാർ പറയുന്നു. വയനാട്ടിൽ അഞ്ച് ഏക്കർ ഭൂമിയിൽ റിസോർട്ട് വിൽപനയും കെട്ടിട വിൽപനയും നടത്തി വന്നിരുന്ന ദേവദാസിന് ഈയിടെയായി ബിസിനസ് തകർച്ച ഉണ്ടായിരുന്നു. മാത്രമല്ല, കസ്തൂരിരംഗൻ റി്‌പ്പോർട്ടിന്റെ ചുവടുപിടിച്ച് ദേവദാസിന് ദിവസങ്ങൾക്കു മുമ്പ് ജില്ലാ കലക്ടർ നോട്ടീസ് നൽകിയതായും ബന്ധപ്പെട്ടവർ പറയുന്നുണ്ട്. ഇതിൽ കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നു.

എന്നാൽ ബിസിനസ് തകർച്ചകൾ തരണം ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആവർത്തിച്ചു. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മലപ്പുറം വെട്ടം ആലിശ്ശേരിയിലെ മൂലശ്ശേരി തറവാട്ട് വളപ്പിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ ഡോ: ദേവദാസ് തുടങ്ങി വച്ച സംരംഭമാണ് ഗാന്ധിഗ്രാമം പ്രകൃതി ഉത്പന്ന വ്യവസായ ശൃംഖല. 25 വർഷം മുമ്പ് വയനാട് കേന്ദ്രമായി ഗാന്ധിഗ്രാമം ആരംഭിച്ചു.ആദിവാസികൾ ശേഖരിക്കുന്ന വനോൽപ്പന്നങ്ങളാണ് പ്രധാനം. കാട്ടുതേനും നെല്ലിക്കയും മുളയരിയും ഈന്തും കരകൗശലവസ്തുക്കളും പ്രകൃതികാപ്പിപ്പൊടി, കസ്തൂരിമഞ്ഞൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് വിപണനം നടത്താൻ വേണ്ടിയാണ് ഇദ്ദേഹം വയനാട് ഗാന്ധിഗ്രാമം സ്ഥാപിച്ചത്. ഇതുവഴി ആദിവാസികൾക്ക് വലിയൊരു തൊഴിൽസാധ്യതയാണ് സൃഷ്ടിച്ചത്.അതുവഴി ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും സാധിച്ചു. ആരോഗ്യസംരക്ഷണത്തിന് കഌസുകൾ എടുക്കാനും ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും തയ്യാറായി. മികച്ച ഗ്രന്ഥകർത്താവാണ്. വയനാടൻ യാത്ര, തേൻ, വയനാട്ടിലെ ആനകൾ, വാനരന്മാരുമായി മുഖാമുഖം, ഗാന്ധിഗ്രാമം ആരോഗ്യം എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിൽ മുഖം നോക്കാതെ ജനപക്ഷത്ത് നിലയുറപ്പിച്ചു. എൻഡോസൾഫാൻ വിരുദ്ധപോരാട്ടത്തിന്റെ മുന്നണിപോരാളിയായി നിന്നു.

ആനുകാലികങ്ങളിൽ പ്രകൃതിചികിത്സയേയും പ്രകൃതിസംരക്ഷണത്തെയും കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. സമൂഹത്തിന് നൽകിയ സംഭാവന പരിഗണിച്ച് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കർമ്മരത്‌നപുരസ്‌കാരവും പീപ്പിൾസ് റിവ്യൂ ന്യൂസ്‌പേപ്പർ പ്രകൃതിരത്‌ന പുരസ്‌കാരവും മഹാത്മജി ദേശീയ സാംസ്‌കാരിക വേദിയുടെയും കണ്ണൂർ ഫിലിം ചേംബറിന്റെയും പുരസ്‌കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തി. തിരുവോണ നാളുകളിൽ വയനാടൻ ചുരത്തിൽ വാനരന്മാർക്കായി ഇദ്ദേഹം നൽകുന്ന വാനര സദ്യ ദേശീയ മാദ്ധ്യമങ്ങളിൽ പോലും വാർത്തയാകാറുണ്ട്. കോഴിക്കോട്ടും തിരൂരും പ്രവർത്തിക്കുന്ന ആരോഗ്യഭക്ഷണശാലകൾ ശ്രദ്ധ പിടിച്ച് പറ്റിയതാണ്. എല്ലാ റംസാൻ മാസങ്ങളിലും നടത്തുന്ന പ്രകൃതിഭക്ഷണം കൊണ്ടുള്ള നോമ്പുതുറയും ആരും മറക്കില്ല. കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിയ പഌസ്റ്റിക് വിരുദ്ധ ക്യാമ്പയിനിൽ ഗാന്ധിഗ്രാമം സജീവസാന്നിധ്യമായിരുന്നു.

പ്രകൃതി സംരക്ഷണം , ആരോഗ്യസംരക്ഷണം, വാനരസംരക്ഷണം, ഗ്രന്ഥരചന, പ്രഭാഷണം, ആരോഗ്യഭക്ഷണ ശാലകളുടെ സംഘാടനം, ജീവകാരുണ്യപ്രവർത്തനം, പ്രകൃതി ഉത്പന്നങ്ങൾ ജനങ്ങളിലെത്തിക്കൽ എന്നിവ പരിഗണിച്ച് ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (കൊളംബോ) ദേവദാസിന് ഡോക്ടറേറ്റ് നൽകിയിരുന്നു.