തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട ഭീകരതക്കെതിരായ പോരാട്ടം കൂടുതൽ ശക്തിയോടെ തുടരുമെന്ന് തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രകൃതി ചികിൽസകൻ ഡോ. ജേക്കബ് വടക്കുംചേരി. ഡോക്‌സി സൈക്ലിൻ ഗുളിക പനിക്കുള്ള പ്രതിരോധ മരുന്നല്ലായെന്നും ഗർഭിണികളും 12 വയസിനു താഴെയുള്ള കുട്ടികളും ഇത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞതിന് ജേക്കബ് വടക്കുംചേരി ഇപ്പോൾ തിരുവനന്തപുരം സബ് ജയിലിലാണ്. തൃപ്പുണിത്തുറയിൽ വച്ച് അറസ്റ്റ് ചെയ്തതു മുതൽ ആരംഭിച്ച ഉപവാസം തിരുവനന്തപുരം ജില്ലാ ജയിലിലും വടക്കുംചേരി തുടരുകയാണ്.

മരന്ന് മാഫിയയ്‌ക്കെതിരായാണ് വടക്കംചേരി സംസാരിക്കുന്നതെന്ന് കരുതുന്നവരും ഉണ്ട്. സർക്കാർ നയത്തിനെതിരെ പൊതു സമൂഹത്തിൽ പ്രചരണം നടത്തിയാൽ ചുമത്താവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൊതു സമൂഹത്തിൽ അങ്കലാപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഐപിസി 505, ഐപിസി 426 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിനൊപ്പം ചെറിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അഭിപ്രായം പറഞ്ഞതിന്റെ പേരിലുള്ള കേസ് നിലനിൽക്കുമോ എന്ന സംശയം സജീവമാണ്. അതുകൊണ്ടാണ് ചെറിയ വകുപ്പുകൾ പോലും ചുമത്തുന്നത്. എന്നാൽ ഈ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നാണ് പൊലീസിന്റെ ഭാഷ്യം.

സമൂഹത്തിൽ പകർച്ച വ്യാധി പടർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ തങ്ങൾക്ക് അറിയാവുന്ന മാർഗ്ഗത്തിലൂടെ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ കുത്തിവയ്‌പ്പ് എടുക്കണോ വേണ്ടയോ എന്ന് പൊതു പ്രസ്താവനകളിലൂടെ ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതിനാണ് നടപടിയെടുത്തത്. ഈ വിഷയത്തിൽ കോടതിയേയോ സർക്കാരിനേയോ സമീപിച്ച് തന്റെ വാദങ്ങൾ ശരിയാണെന്ന് തെളിയിക്കുകയായിരുന്നു വടക്കുംചേരി ചെയ്തിരുന്നത്. അതിന് മുതിരാതെ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ നിലപാട് വിശദീകരിച്ച് ആളുകളെ ഭയപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റെന്ന് പൊലീസും വിശദീകരിക്കുന്നു.

എലിപ്പനി പ്രതിരോധമരുന്നിനെതിരേ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ജേക്കബ് വടക്കുംചേരിയെ സെപ്റ്റംബർ 21 വരെ കോടതി റിമാൻഡുചെയ്തിരിക്കുകയാണ്. എറണാകുളത്തുനിന്ന് ശനിയാഴ്ച അറസ്റ്റിലായ ഇയാളെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്. പിന്നീട് ജില്ലാ ജയിലിലേക്കു മാറ്റി. എലിപ്പനി പ്രതിരോധമരുന്നായ 'ഡോക്സി സൈക്ലിൻ' കഴിച്ചാൽ മറ്റ് അസുഖങ്ങൾ ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചതിനെതിരേ ആരോഗ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ.സരിത, പൊലീസ് മേധാവിക്കു പരാതിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുക്കുകയും അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തത്.

അതിനിടെ അലോപ്പതി ചികിത്സാ ഗ്രന്ഥങ്ങൾ പറഞ്ഞിരിക്കുന്ന സത്യം നവ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചതിന് ആരോഗ്യ വകുപ്പ് മന്ത്രി കേസെടുപ്പിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട ഭീകരതയാണെന്ന് ജേക്കബ് വടക്കഞ്ചേരി അഭിപ്രായപ്പെട്ടു. പനി ചികിത്സ നടത്തി രോഗികളെ കൊല്ലുന്ന അലോപ്പതി ചികിത്സാ സമ്പ്രദായത്തിനെതിരെയും ഐ.എം.എ. - മരുന്ന് കമ്പിനി അവിശുദ്ധ വ്യാപാര ബന്ധങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തിയോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അലോപ്പതി ചികിത്സാ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ജനങ്ങളുമായി പങ്കുവച്ചതെന്നും പ്രകൃതിജീവനത്തിന്റെ അടിസ്ഥാന തത്വങ്ങളും പ്രാധാന്യവും സമൂഹത്തിൽ എത്തിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട കാര്യങ്ങളുമാണ് ജനസമക്ഷം അവതരിപ്പിച്ചത്. സത്യം ജനങ്ങളോട് പറഞ്ഞതിന് സർക്കാർ എന്തു ശിക്ഷ നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും വടക്കുംചേരി പറയുന്നു. എന്നാൽ വടക്കുംചേരിയെ സഹായിക്കാൻ ആരും രംഗത്ത് വരുന്നില്ല. പ്രതിഷേധങ്ങളും ഉയർത്തുന്നില്ല.

ചരിത്രത്തിലെവിടെയും ആന്റിബയോട്ടിക്‌സ് ഒരു പ്രതിരോധ മരുന്നായി കണക്കാക്കപ്പെട്ടിട്ടില്ല. ഡോക്‌സി സൈക്ലിൻ ഒരു പ്രതിരോധ മരുന്നാണെന്ന് ആധികാരിക ഗവേഷണ പഠനങ്ങൾ പോലും അവകാശപ്പെടുന്നില്ല. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ പനികളുടെ പേരുണ്ടാക്കി ജനങ്ങളിൽ രോഗ - മരണ ഭയങ്ങൾ ജനിപ്പിച്ച്, രോഗ പ്രതിരോധ ചികിത്സാരംഗത്ത് വളരെയധികം ഫലപ്രദമെന്ന് തെളിയിച്ചിട്ടുള്ള ഹോമിയോപ്പതി, സിദ്ധ, ആയുർവ്വേദ, നാട്ടുചികിത്സാ സമ്പ്രദായങ്ങളെ മാറ്റിനിർത്തി കുത്തക കമ്പിനികളുടെ കോടികളുടെ മരുന്ന് കച്ചവടത്തിന് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഒത്താശ ചെയ്യുന്ന മരുന്ന് കമ്പിനി ഏജന്റുമാരായ ഐ .എം.എയുടെ ഇടപാടുകളെക്കുറിച്ചും അലോപ്പതി ആശുപത്രികളിൽ മാത്രം നടക്കുന്ന പനിമരണങ്ങളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണമുൾപ്പെടെയുള്ള നടപടികളും സർക്കാരിനോടും മറ്റുള്ളവരോടും ആവശ്യപ്പെടുവാൻ പ്രബുദ്ധ കേരളം തയ്യാറാകണമെമാണെന്ന് ജേക്കബ് വടക്കഞ്ചേരി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിൽ സർക്കാരിനെ വെല്ലുവിളിക്കുകയാണ് ഈ ഘട്ടത്തിലും വടക്കുംചേരി.