മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായി കെ ടി റബിയൂള്ളയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരുടെ രാഷ്ട്രീയ ബന്ധങ്ങൾ സംഭവത്തിലെ ദുരൂഹതകൾ വർദ്ധിപ്പിക്കുന്നു. ബിജെപി ദേശീയ നേതാവ് കൂടിയായ ന്യൂനപക്ഷമോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അസ്ലം കുരിക്കളിനൊപ്പം മലപ്പുറത്തെ കോഡൂരിലുള്ള റബീയുള്ളയുടെ വീട്ടിലെത്തിയവരുടെ കൂട്ടത്തിൽ കാസർകോട്ടെ അന്തരിച്ച മുസ്ലിംലീഗ് നേതാവ് കെ എസ് അബ്ദുള്ളയുടെ മകൻ അർഷാദും ഉൾപ്പെടും. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന ഇവർ റബീയുള്ളയെ കാണാൻ എത്തിയതും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും പിന്നിലെ സംഭവങ്ങൾ തീർത്തും ദുരൂഹതകൾ നിറഞ്ഞതാണ്.

ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഉടമയുമായ ഡോ.കെ.ടി മുഹമ്മദ് റബീഉള്ളയുമായി ഇരുവർക്കും ബിസിനസ് ബന്ധങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു. ഏറെക്കാലമായി പുറംലോകം അറിയാതെ ജീവിച്ച റബീയുള്ളയെ കാണാൻ ഇവർ എത്തിയത് ബിസിനസ് സംബന്ധിച്ച കാര്യങ്ങൾക്കാണെന്നും അറിയുന്നു. അസ്ലം കുരിക്കളും റബീയുള്ളയും തമ്മിൽ ദ്വീർഘകാലത്തെ പരിചയം ഉണ്ടെന്നാണ് അറിയുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളു പുറത്തുവന്നിട്ടുണ്ട്. റബീയുള്ളയും കുരിക്കളും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇങ്ങനെ സുഹൃത്തുക്കളായവർ എങ്ങനെ ശത്രുക്കളായെന്നും എന്തിനാണ് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോകാൻ എത്തിയത് എന്നുമുള്ള ചോദ്യത്തിന്റെ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ഇത് സംഭവത്തിന്റെ ദുരൂഹതകൾ വർദ്ധിപ്പിക്കുന്നുണ്ട്. ബിസിനസ് പരമായ തർക്കങ്ങളാണ് ഈസ്റ്റ് കോഡൂരിലെ വസതിക്ക് മുമ്പിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇതേക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്.

തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് നാടകീയ സംഭവങ്ങളുണ്ടായത്. ബിജെപി. ന്യൂനപക്ഷമോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അസ്ലം കുരിക്കൾ, ഗൺമാനായ കേശവമൂർത്തി, കാസർകോട്ടെ ലീഗ് നേതാവിന്റെ പുത്രൻ അർഷാദ്, റിയാസ്, ഉസ്മാൻ, രമേശ്, സുനിൽ എന്നിവരാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലുള്ളത്. റബീഉള്ളയുടെ ഭാര്യ ഷഹ്റാബാനുവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. എന്നാൽ തങ്ങളെ കുടുക്കിയതാണെന്നാണ് ബിജെപി ദേശീയ നേതാവ് പറയുന്നത്. തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റബീഉള്ളയെ കാണണമെന്നാവശ്യപ്പെട്ടാണ് സംഘം എത്തിയിരുന്നത്. റബീഉള്ളയുടെ ബിസിനസ് പ്രശ്നം പരിഹരിക്കാൻ എത്തിയതെന്നാണ് സംഘം പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. മുംബൈ മോഡലിൽ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി വിലപേശലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും സംശമുണ്ട്.

മൂന്ന് വാഹനങ്ങളിലായി സംഘം മലപ്പുറം കോഡൂരിലെ റബീഉള്ളയുടെ വീടിനു സമീപത്തെത്തിയത്. അടഞ്ഞു കിടന്ന ഗേറ്റ് തുറക്കാൻ സംഘം ആവശ്യപ്പെട്ടെങ്കിലും സെക്യൂരിറ്റി പ്രവേശനം നിഷേധിച്ചു. തുടർന്ന് കാവൽക്കാരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി സംഘം മതിൽ ചാടി ഉള്ളിലേക്ക് കടന്നു. ഇതു കണ്ട നാട്ടുകാർ സംഘത്തെ പിടികൂടി ചോദ്യം ചെയ്തു. പന്തികേട് തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഘം എത്തിയ ഒരു വാഹനം നാട്ടുകാർ അടിച്ചു തകർത്തു. മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനങ്ങളിൽ ഒന്ന് കർണാടക മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന സ്റ്റിക്കർ ഒട്ടിച്ചതായിരുന്നു.

കാവൽക്കാരുടെ നേരെ ചൂണ്ടിയ തോക്ക് ഗൺമാനായ പെലീസുകാരന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടുതടങ്കലിൽ കഴിയുന്ന റബീഉള്ളയെ മോചിപ്പിക്കാൻ വന്നതാണെന്നാണ് സംഘം പൊലീസിനോട് പറഞ്ഞിരിക്കുന്നത്. നേരിയ ശാരീരിക,മനസികാസ്വാസ്ഥ്യത്തെ തുടർന്ന് റബീഉള്ള മാസങ്ങളായി ചികിത്സയിൽ കഴിയുകയാണെന്ന് ബന്ധുക്കൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. ഈ സമയത്ത് ചികിത്സയുടെ ഭാഗമായി ബിസിനസ് കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് താൽക്കാലികമായി വിട്ട് നിർത്തിയിരിക്കുകയാണ്. ഫോൺ പോലും ഉപയോഗിക്കരുതെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അവസരം മുതലെടുത്ത് സ്വത്ത് തട്ടുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിച്ചു വരുന്നു.

കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവത്തിന് ദൃക്സാക്ഷികളായതോടെ റബീഉള്ളയുടെ വീട്ടുകാർക്കും പരിസരവാസികൾക്കും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. ജീവകാരുണ്യ സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന കെ.ടി റബീഉള്ള ഒമ്പത് മാസമായി പൊതു ഇടങ്ങളിൽ നിന്നും തന്റെ ബിസിനസ് സാമ്രാജ്യത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. റബീഉള്ളയെ സ്നേഹിക്കുന്നവരും അടുപ്പക്കാരുമായ നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ജൂലൈ 20ന് റബീഉള്ളയുടെ തിരോധാനം സംബന്ധിച്ച് മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ചർച്ചയായതോടെ നിരവധി അഭ്യൂഹങ്ങളും വെളിപ്പെടുത്തലുമായി റബീഉള്ളയുടെ കൂടെയുണ്ടായിരുന്നവർ തന്നെ രംഗത്തെത്തി. റബീഉള്ളയുടെ അവസ്ഥ സൂചിപ്പിച്ചു കൊണ്ടുള്ള രഹസ്യവിവരങ്ങളും ഇ-മെയിൽ സന്ദേശങ്ങളും മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്ക്ല ലഭിച്ചു. ഇത് പുറത്ത് വന്നതോടെ കൂടുതൽ അഭ്യൂഹങ്ങളും ആശങ്കകളും പടർന്നു. ഒടുവിൽ ഫേസ് ബുക്ക് വീഡിയോയിലൂടെ റബീഉള്ള തന്നെ പ്രത്യക്ഷപ്പെട്ട് വിശദീകരണം നൽകിയതോടെ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ആശ്വാസമായി. ചികിത്സയുടെ ഭാഗമായാണ് താൻ ഫോൺ ഉപയോഗം കുറച്ചതും വിശ്രമത്തിൽ കഴിയുന്നതന്നും റബീഉള്ള വിശദീകരിച്ചു.

അസുഖം ഭേദമായാൽ അൽപ ദിവസത്തിനകം വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ സന്ദർശിക്കുമെന്ന് റബീഉള്ള വീഡിയോയിൽ പറഞ്ഞിരുന്നു. ഈ സന്ദേശം വന്ന് രണ്ട് ദിവസം കഴിയും മുമ്പാണ് റബീഉള്ളയുടെ വീട്ടിലേക്ക് അതിക്രമവും തട്ടിക്കൊണ്ടു പോകൽ ശ്രമവും നടന്നിരിക്കുന്നത്. സംഭവത്തിൽ മലപ്പുറം എസ്‌പി ദേബേഷ് കുമാർ ബെഹ്റയുടെ മേൽനോട്ടത്തിൽ ഡി.വൈ.എസ്‌പി ജലീൽ നേട്ടത്തിൽ, സി.ഐ എ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തിലും കേരളത്തിലും പിടിപാടുള്ളവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത് എന്നതിനാൽ അന്വേഷണ സംഘത്തിന് കാര്യങ്ങൾ കൂടുതൽ ദുഷ്‌ക്കരമാകും. കക്ഷി ഭേദമന്യേ എല്ലാ രാഷ്ട്രീയക്കാർക്കും പ്രിയപ്പെട്ടവനായിരുന്നു ഡോ. കെ ടി റബീയുള്ള.