മലപ്പുറം: പ്രവാസി വ്യവസായി കെ.ടി.റബീഉള്ളയുടെ ഈസ്റ്റ് കോഡൂരിലെ വീട്ടിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അടക്കമുള്ളവർ റിമാൻഡിൽ. ബിജെപി നേതാവ് അസ്ലം ഗുരുക്കൾ (38), മുസ്ലിം ലീഗ് നേതാവായിരുന്ന കാസർകോട് തളങ്കര കെ.എസ്.അബ്ദുല്ലയുടെ മകൻ കെ.എസ്.അബ്ദുൽ റഹിമാൻ (അർഷാദ്45) എന്നിവരും കർണാടകയിലെ ഒരു പൊലീസുകാരനും ഉൾപ്പെടെ ഏഴുപേരെ കോടതി റിമാൻഡ് ചെയ്തു. ജാമ്യഹർജി ഇന്നു പരിഗണിക്കും.

റബീഉള്ള തന്റെ സുഹൃത്താണെന്നും അദ്ദേഹം വീട്ടുതടങ്കലിലാണെന്ന വാർത്തയറിഞ്ഞു കാര്യങ്ങൾ അന്വേഷിക്കാനെത്തിയതാണെന്നും അസ്ലം പറയുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകുമെന്നും അസ്ലം പറഞ്ഞു. അതിനിടെ മാനസികാസ്വാസ്ഥ്യത്തിനു മരുന്നു കഴിക്കുന്ന രണ്ടാം പ്രതി അർഷാദിനെ ആശുപത്രിയിലേക്ക് അയയ്ക്കാൻ കോടതി ജയിൽ സൂപ്രണ്ടിനു നിർദ്ദേശം നൽകി. അസ്ലമിന്റെ ഗൺമാൻ കർണാടക പൊലീസിൽ ജോലി ചെയ്യുന്ന കേശവ മൂർത്തി (28), സ്വകാര്യ സെക്യൂരിറ്റിക്കാർ ബെംഗളൂരുവിലെ സുകുമാർ, രമേശ് എന്നിവരും കൂർഗ് സോമവാർപേട്ട് സ്വദേശി മുഹമ്മദ് റിയാസ് (32), ബെംഗളൂരു ശേഷാദ്രിപുരം ഉസ്മാൻ (29) എന്നിവരുമാണു റിമാൻഡിലായ മറ്റുള്ളവർ.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ മൂന്നു കാറുകളിലായി എത്തിയ സംഘം റബീയുല്ലയുടെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നുമാണു ഭാര്യ നൽകിയ പരാതിയിലുള്ളത്. പണം തട്ടാൻ ശ്രമമുണ്ടായെന്നും പരാതിയിലുണ്ട്. പ്രതികളിൽ മൂന്നുപേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഒരു കാറും നാട്ടുകാർ തടഞ്ഞു. ബാക്കിയുള്ളവരെ കോഴിക്കോട്ടുനിന്നാണു പിടികൂടിയത്. മറ്റു രണ്ടു വാഹനങ്ങളിലൊരെണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാസർകോട് അണങ്കൂരിൽനിന്നു ബെംഗളൂരുവിലേക്കു താമസം മാറ്റിയ അബ്ദുല്ല അസൈനാരുടെ മകനാണ് കേസിലെ ഒന്നാംപ്രതിയായ അസ്ലം. കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്നും ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ, സിഐ എ.പ്രേംജിത് എന്നിവർ പറഞ്ഞു. ഇപ്പോഴും കോഡൂരിലെ വീടിനെ കുറിച്ച് ദുരൂഹതകൾ ഏറെയുണ്ട്. പുറത്തുള്ള അർക്കും ഇപ്പോഴും വീട്ടിലേക്ക് പ്രവേശനമില്ല. റബീഉള്ളയ്ക്ക് എന്ത് സംഭവിച്ചുവെന്നതും ഇപ്പോഴും അജ്ഞാതമാണ്. വീട്ടിന് പുറത്ത് ഇത്രയും പ്രശ്‌നമുണ്ടായിട്ടും റബീഉള്ള പുറത്തേക്ക് വരാത്തതും സംശയത്തിന് ഇട നൽകുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഡോ.റബീഉള്ളയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിരവധി മെഡിക്കൽ സ്ഥാപനങ്ങളുടെ ഉടമയായ കെ.ടി റബീഉള്ളയുടെ തിരോധാനം ജീവനക്കാരേയും നാട്ടുകാരേയും അമ്പരപ്പിച്ചിരുന്നു. ജീവകാരുണ്യ - സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന റബീഉള്ളയെ തേടി നിരവധി ആളുകൾ ഇപ്പോഴും എത്തുന്നുണ്ടെങ്കിലും എവിടെയുണ്ടെന്ന് ആർക്കും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങൾ സജീവമായത്. മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശിയാണ് ഡോ.കെ ടി റബീഉള്ള. ഭാര്യയും മൂന്ന് പെൺകുട്ടികളും ഒരാൺകുട്ടിയും അടങ്ങുന്നതാണ് കുടുംബം. ഗൾഫിൽ സാധാരണ ക്ലിനിക്കിൽ നിന്ന് തുടങ്ങി കാലക്രമേണ വലിയ മെഡിക്കൽ സാമ്രാജ്യം വരെ റബീഉള്ള കീഴടക്കി. ജി.സി.സി രാജ്യങ്ങളിലേക്കുള്ള റബീഉള്ളയുടെ ബിസിനസ് പെട്ടെന്നായിരുന്നു പടർന്ന് പന്തലിച്ചത്.

ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപനമായ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ ചെയർമാൻ & മാനേജിങ് ഡയറക്ടറാണിപ്പോൾ കെ.ടി റബീഉള്ള. സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ 20 ഹെൽത്ത് കെയർ യൂണിറ്റുകൾ, സൂപ്പൽ സ്‌പെഷ്യാലിറ്റി ആശുപത്രികൾ, ഫാർമസികൾ റബീഉള്ളയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

ഇതിനു പുറമെ നാസീം ജിദ്ധ മെഡിക്കൽ ഗ്രൂപ്പ്, നാസിം അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ്, സഫ മക്ക മെഡിക്കൽ ഗ്രൂപ്പ്, ജസീറ പാലസ് റസ്റ്റോറന്റ് റിയാദ് എന്നീ സ്ഥാപനങ്ങളുടെ ചെയർമാനുമാണ് റബീഉള്ള. ബിസിനസിൽ അനുദിനം വളർച്ച ഉണ്ടായിരുന്നെങ്കിലും ശത്രുക്കളും അതിനൊത്ത് വർധിച്ചു റബീഉള്ളക്ക്. സ്വന്തം പാളയത്തിൽ നിന്നു തന്നെയായിരുന്നു റബീഉള്ളക്ക് ശത്രുത ഏറെയും നേരിടേണ്ടി വന്നിരുന്നത്. ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേസും നിയമ പ്രതിസന്ധികളും റബീഉള്ളക്ക് ഇക്കാലയളവിൽ ഏറെ നേരിടേണ്ടി വന്നിരുന്നു.

റബീഉള്ളയുടെ അയൽവാസിയും ബിസിനസ് പങ്കാളിയുമായ മുഹമ്മദുമായുണ്ടായ ബിസിനസ് തർക്കം അതി രൂക്ഷതയിലെത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാൻ എത്തിയ പ്രൊഫഷണൽ സംഘം മുഹമ്മദിന്റെ മകൻ രാജഗിരി കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി ഫിറാസത്ത് മുഹമ്മദിനെ ഹോസ്റ്റലിൽ നിന്ന് ഇറക്കി തട്ടിക്കൊണ്ട് പോയത് ഏറെ ചർച്ചയായിരുന്നു. ഈ സംഭവത്തിൽ 2016 ഏപ്രിൽ ആദ്യത്തിൽ എറണാകുളം ഇൻഫോപാർക്ക് പൊലീസ് റബീഉള്ളയെ പ്രതിചേർത്ത് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് ഈ കേസ് ഇരു കൂട്ടരും ഒത്തു തീർക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റബീഉള്ളയെ കുറിച്ച് വിവരങ്ങൾ ഇല്ലാതായത്. കോഡൂരിലെ വീട്ടിൽ ആളനക്കമൊന്നുമില്ല.

സന്ദർശകരെത്തുമ്പോൾ വീട്ടിലേക്ക് പ്രവേശനവും അനുവദിച്ചിരുന്നില്ല. വീട്ടിൽ ആരുമില്ലെന്ന മറുപടി സെക്യൂരിറ്റി തന്നെ നൽകും. എന്നാൽ റബീഉള്ള എവിടെയാണെന്ന് സെക്യൂരിറ്റിക്കോ പരിസരവാസികൾക്കോ അറിയില്ല. റബീഉള്ളയെ അപായപ്പെടുത്തി ബിസിനസ് തട്ടിയെടുക്കാനുള്ള ബന്ധുക്കളടക്കമുള്ള കൂടെയുള്ളവരുടെ ശ്രമമാണിതെന്ന് ചിലർ സംശയം പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ ഉണ്ടായത്.