മലപ്പുറം: ദ്വീർഘകാലം നീണ്ടും നിന്ന അജ്ഞാത വാസത്തിന് ശേഷം ഫേസ്‌ബുക്കിലൂടെ ലോകത്തോട് സംവദിച്ച് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെ.ടി റബീയുള്ള രംഗത്തെത്തി. ഇതോടെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെ ആശങ്കകൾക്ക് താൽക്കാലികമായി വിരാമമായി. മാസങ്ങളായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലായിരുന്നു ഷിഫ അൽജസീറ ഗ്രൂപ്പിന്റെ ഉടമ കൂടിയായ റബീയുള്ള. അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ അടുത്ത് ആളുകൾക്ക് പോലു റബീയുള്ള എവിടെയാണെന്ന കാര്യം അറിവില്ലായിരുന്നു. റബീയുള്ളയുടെ അപ്രത്യക്ഷമാകൾ ജീവനക്കാരെയും സുഹൃത്തുക്കളെയും കടുത്ത ആശങ്കയിൽ ആക്കിയിരുന്നു. അദ്ദേഹത്തെ നേരിൽ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ അദ്ദേഹം അപായത്തിലാണോ എന്ന ആശങ്കയും ഉണ്ടായി. ഇതേക്കുറിച്ച് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതിന് പിന്നോടെയാണ് റബീയുള്ളയുടെ പ്രതികരണം ഉണ്ടായത്.

ഫേസ്‌ബുക്കിലെ ലൈവിലൂടെ ലോകത്തെ അഭിസംബോധന ചെയ്ത റബീയുള്ള താൻ ചികിത്സയിൽ ആയിരുന്നെന്നും. അതുകൊണ്ടാണ് മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചതുമെന്നാണ് വ്യക്തമാക്കിയത്. അവശനായ നിലയിലാണ് അദ്ദേഹം വീഡിയോയിൽ കാണപ്പെട്ടത്. തീർത്തും ദുർബലമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. മലപ്പുറം ജില്ലയിലെ കോഡൂരിലെ വീട്ടിലാണ് ഉള്ളതെന്നും തന്റെ ചികിത്സയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി സജീവമായി ഗൾഫ് നാടുകളിൽ ഉടനെ തിരിച്ചെത്തുമെന്നും റബിയുള്ള പറഞ്ഞു. എല്ലാവരുടെയും സ്നേഹവും സഹകരണവും ആവശ്യമുണ്ടെന്നന്നും റബീയുള്ള പറഞ്ഞു. തന്നെ ചികിത്സിക്കുന്നവർക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം എഴുതിയത് ഇങ്ങനെയായിരുന്നു:

എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രിയ സഹോദരന്മാരേ അസ്സലാമു അലൈകും. ബിസിനസ് തിരക്കുകളിലും യാത്രകളിലും ആയിരുന്ന ഞാൻ ഡോകട്ർമാർ പറഞ്ഞതനുസരിച്ചു എല്ലാത്തിനും ഒരു താൽക്കാലിക അവധി നൽകി ചെറിയ ഒരു ചികിത്സയിൽ ആയിരുന്നു, ഇപ്പോൾ എന്റെ കുടുംബത്തോടും കൊച്ചു മക്കളോടും ഒത്ത് ഈസ്റ്റ് കോഡൂരിലെ വീട്ടിൽ എല്ലാ വിധ ഔദ്യോഗിക തിരക്കുകളും മാറ്റി വച്ച് വിശ്രമത്തിൽ ആണ് , കുറച്ചു നാൾ കൂടി വിശ്രമം ആവശ്യമാണ്....

പൊതുരംഗത്ത് നിന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നുവെങ്കിലും നിങ്ങളുടെ എല്ലാം സ്‌നേഹം മനസ്സിലാക്കിത്തരാൻ അത് കാരണമായതിൽ സന്തോഷം ഉണ്ട്, ദൈവത്തിനു സ്തുതി? നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു.

പൊതുരംഗത്ത് സജീവമായി നിൽക്കുന്ന വേളയിലാണ് പെട്ടന്ന് റബീയുള്ളയെ കുറിച്ച് ആർക്കും യാതൊരു വിവരവും ലഭിക്കാതെയായത്. റബീയുള്ളയോട് വളരെ അടുപ്പമുള്ളവരും ഇതോടെ ആശങ്കയിലായി. ഒമ്പത് മാസത്തോളമായി റബീയുള്ളയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇക്കാര്യം അദ്ദേഹത്തോട് വളരെ അടുപ്പമുള്ളവർ മറുനാടനെ അറിയിക്കുകയായിരുന്നു.

ഒൻപതു മാസമായി റബീയുള്ളയെ ഗൾഫ് രാജ്യങ്ങളിൽ ഒന്നും കാണുന്നില്ലെന്ന കാര്യമായിരുന്നു എല്ലാവരും ചൂണ്ടിക്കാട്ടിയത്. എല്ലാ രാജ്യത്തെയും റീ എൻട്രി വിസ കാലാവധി കഴിഞ്ഞിരുന്നു. ഇത് കൂടുതൽ ആശങ്കയ്ക്കും ഇടയാക്കി. ഇതിനൊക്കെ കാരണക്കാർ അദ്ദേഹത്തിന്റെ ചില ബന്ധുക്കൾ ആണെന്ന വാദവു ഇതിനിടെ ചിലർ ഉന്നയിക്കുകയുണ്ടായി. നവംബറിൽ തന്റെ മകന്റെ പത്താം പിറന്നാൾ ആഘോഷം ജിദ്ദയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്നിരുന്നു. അത് കഴിഞ്ഞ് അന്ന് രാത്രി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയതാണ്. പിന്നീട് അദ്ദേഹത്തെ കുറിച്ച് കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല.

ജീവകാരുണ്യ - സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന റബീഉള്ളയെ തേടി നിരവധി ആളുകൾ ഇപ്പോഴും എത്തുന്നുണ്ടെങ്കിലും എവിടെയുണ്ടെന്ന് ആർക്കും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശിയാണ് ഡോ.കെ ടി റബീഉള്ള. ഭാര്യയും മൂന്ന് പെൺകുട്ടികളും ഒരാൺകുട്ടിയും അടങ്ങുന്നതാണ് കുടുംബം. ഗൾഫിൽ സാധാരണ ക്ലിനിക്കിൽ നിന്ന് തുടങ്ങി കാലക്രമേണ വലിയ മെഡിക്കൽ സാമ്രാജ്യം വരെ റബീഉള്ള കീഴടക്കി. ജി.സി.സി രാജ്യങ്ങളിലേക്കുള്ള റബീഉള്ളയുടെ ബിസിനസ് പെട്ടെന്നായിരുന്നു പടർന്ന് പന്തലിച്ചത്. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപനമായ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ ചെയർമാൻ & മാനേജിങ് ഡയറക്ടറാണിപ്പോൾ കെ.ടി റബീഉള്ള. സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ 20 ഹെൽത്ത് കെയർ യൂണിറ്റുകൾ, സൂപ്പൽ സ്പെഷ്യാലിറ്റി ആശുപത്രികൾ, ഫാർമസികൾ റബീഉള്ളയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമെ നാസീം ജിദ്ധ മെഡിക്കൽ ഗ്രൂപ്പ്, നാസിം അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ്, സഫ മക്ക മെഡിക്കൽ ഗ്രൂപ്പ്, ജസീറ പാലസ് റസ്റ്റോറന്റ് റിയാദ് എന്നീ സ്ഥാപനങ്ങളുടെ ചെയർമാനുമാണ് റബീഉള്ള.

കോഡൂരിലെ വീട്ടിൽ ആളനക്കമൊന്നുമില്ല. സന്ദർശകരെത്തുമ്പോൾ വീട്ടിലേക്ക് പ്രവേശനവും അനുവദിച്ചിരുന്നില്ല. വീട്ടിൽ ആരുമില്ലെന്ന മറുപടി സെക്യൂരിറ്റി തന്നെ നൽകിയിരുന്നത്. റബീഉള്ളയുമായി ആർക്കും ഫോണിൽ പോലും ബന്ധപ്പെടാൻ സാധിച്ചതുമില്ല. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ മൊബൈൽ ഫോൺ മാസങ്ങളായി സ്വിച്ച് ഓഫാണ്. റബീഉള്ളയുടെ വാട്സ് ആപ്പ് നമ്പറുകൾ അടക്കം ഡിസ്‌കണക്ട് ചെയ്തിരിക്കുന്നു. ആകെയുള്ളത് ഫേസ്‌ബുക്ക് പേജിൽ മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ മാത്രമാണ്. ഇത് സ്റ്റാഫിലെ മറ്റാരോ ഇടുന്നതുമായിരുന്നു.

അതേസമയം റബീഉള്ളയിൽ നിന്ന് കാരുണ്യ സഹായം ലഭിച്ചുകൊണ്ടിരുന്ന പല നിർധന കുടുംബങ്ങൾക്കും സഹായം നിലച്ച അവസ്ഥയായിരുന്നു. ഇതോടെ പലരും ആശങ്ക വർദ്ധിച്ചിരുന്നു. നിരവധി പേർ തൊഴിൽ ചെയ്യുന്ന സ്ഥാപന ഉടമ മാസങ്ങളായി കാണാനില്ല എന്നത് ജീവനക്കാരെയും ആശങ്കയിലാഴ്‌ത്തുന്നു. എന്തായാലും അദ്ദേഹം ഫേസ്‌ബുക്ക് ലൈവിലൂടെയാണെങ്കിലും പുറംലോകത്തോട് സംസാരിച്ചത് എല്ലാവർക്കും ആശ്വാസമായിട്ടുണ്ട്.

എങ്കിലും റബീയുള്ളയെ ഇപ്പോഴും നേരിൽ കാണാനും ഫോണിൽ ബന്ധപ്പെടാനും ആർക്കും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ റബീയുള്ളയുടെ തിരോധാനത്തിലെ ദുരൂഹതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഒമ്പത് മാസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ എങ്ങനെയാണ് ഇത്രയും വലിയൊരു വ്യവസായി കഴിഞ്ഞു കൂടിയത് എന്നത് അടക്കമുള്ള ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. അധികം താമസിയാതെ ഗൾഫ് നാടുകളിലേക്ക് അടക്കം തിരിച്ചെത്തുമെന്ന ഡോ. റബീയുള്ളയുടെ വാക്കുകളെ വിശ്വസിച്ചിരിക്കയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ജീവനക്കാരും.