പത്തനംതിട്ട: സിഗരറ്റ് വലിക്കെതിരായ പരസ്യത്തിൽ പറയുന്നതു പോലെ ഈ നാടിന് ഇത് എന്തു പറ്റി? തട്ടിപ്പുകാരുടെ വാഗ്‌ധോരണയിൽ മയങ്ങി ജനിതക വൈകല്യമായ ഓട്ടിസം മാറുമെന്ന് വിശ്വസിച്ച് വ്യാജവൈദ്യന് ലക്ഷങ്ങൾ നൽകിയവരിൽ ഇന്നാട്ടിലെ വിദ്യാസമ്പന്നരാണ് ഏറെയുമെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

കല്ലുകഴുകി വെള്ളം കുടിക്കുകയും അത് ചെവിയിൽ ഒഴിക്കുകയും ചെയ്താൽ ഓട്ടിസവും ബുദ്ധിമാന്ദ്യവും മാറുമെന്നും ഈ രോഗിക്ക് ഉടനടി ദാമ്പത്യജീവിതം സാധ്യമാകുമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയതിന് കോഴഞ്ചേരിയിൽ പിടിയിലായ ഡോ. സി.എസ്. വൈദ്യ എന്ന മോഹൻദാസിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നമ്മുടെ വിദ്യാസമ്പന്നർ എത്രമാത്രം മന്ദബുദ്ധികളാണ് എന്ന സത്യം വെളിയിൽ വരുന്നത്. മലപ്പുറം ഡിവൈ.എസ്‌പിക്ക് കിട്ടിയ പരാതിയുടെയും തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ കിട്ടിയ രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിൽ ഇന്നലെ ആറന്മുളയിൽ നിന്നുമാണ് അടൂർ തട്ട സ്വദേശിയായ മോഹൻദാസിനെ അറസ്റ്റ് ചെയ്തത്.

സ്റ്റോൺ തെറാപ്പി, മ്യൂസിക് തെറാപ്പി എന്നൊക്കെ പറഞ്ഞായിരുന്നു തട്ടിപ്പ്. പൊലീസ് പിടിയിലായതോടെ ഇയാൾ തനിക്ക് മരുന്നു കൊടുപ്പില്ലെന്നും കായകൽപ ചികിൽസ മാത്രമാണ് നടത്തുന്നതെന്നും പറഞ്ഞു. തട്ടിയെടുക്കുന്ന തുകയിൽ വലിയൊരു ഭാഗം ഇയാൾ പത്രങ്ങളിൽ പരസ്യം നൽകാൻ ഉപയോഗിച്ചിരുന്നു. കന്യക ദ്വൈവാരിക, കേരള കൗമുദി, ഇന്ത്യൻ എക്സ്‌പ്രസ് തുടങ്ങിയ മാദ്ധ്യമങ്ങളിൽ ഇയാളുടെ വിശദമായ മാർക്കറ്റിങ് ഫീച്ചർ വന്നിരുന്നു. ഇതും തട്ടിപ്പിന് ഉപയോഗിച്ചു. കേരള കൗമുദി പത്തനംതിട്ടയിൽ നടത്തിയ ചടങ്ങിൽ ഇയാളെ ആദരിക്കുക പോലുമുണ്ടായി. കേരളത്തിന് അകത്തും പുറത്തും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബുദ്ധിമാന്ദ്യമുള്ളവർക്ക് ദേവസ്പർശ ചികിത്സ എന്നായിരുന്നു പരസ്യ വാചകം. ബുദ്ധിമാന്ദ്യം സംഭവിച്ച തങ്ങളുടെ കുട്ടികളെ എങ്ങനെയെങ്കിലും നേരെയാക്കാനുള്ള ശ്രമത്തിൽ ഡോ. വൈദ്യയുടെ പരസ്യത്തിലും വാചകങ്ങളിലും വീണവർക്കാണ് പണം നഷ്ടമായത്. ചികിൽസ ഫലിക്കാതെ വന്നതോടെ തിരുവനന്തപുരം സ്വദേശികളായ രാജേശ്വർ, ജഗന്നാഥൻ, സി.പി. സതികുമാർ എന്നിവർ പരാതിയുമായി പൊലീസിനെ സമീപിച്ചു. പത്തനംതിട്ട ഡിവൈ.എസ്‌പി സന്തോഷ്‌കുമാർ ഷാഡോ പൊലീസിന്റെ സഹായത്തോടെ കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ ശ്രമത്തിനിടയിലാണ് വൈദ്യ പിടിയിൽ ആയത്. ഓട്ടിസം ബാധിച്ച കുട്ടികളെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാളുമായി പൊലീസ് ബന്ധപ്പെട്ടത്. ആദ്യഗഡു അഞ്ചു ലക്ഷം രൂപ ഇയാൾ ഇതിനായി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 10 ന് കാരംവേലി തുണ്ടഴം ജങ്ഷനിലും ആദിക്കാട്ട് മഠം വീട്ടിൽ എത്താൻ ഡോക്ടർ നിർദ്ദേശിച്ചു.

ഇതനുസരിച്ച് എത്തിയപ്പോഴാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ചോദ്യങ്ങൾക്കെല്ലാം പരസ്പര വിരുദ്ധമായ മറുപടിയാണ് ഇയാൾ നൽകിയത്. കാലിഫോർണിയ, കട്ടക് യൂണിവേഴ്‌സിറ്റികളിൽ നിന്നും തനിക്ക് വിവിധ ഡിഗ്രികളും ഡോക്ടറേറ്റുകളുമുണ്ടെന്ന് അവകാശപ്പെട്ട ഇയാൾ കായകല്പ ചികിത്സയാണ് നടത്തിയിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. ചികിത്സാ വിധികളൊന്നും നടപ്പിലാക്കിയിട്ടില്ലെന്നും ട്രയിനിങ് മാത്രമാണ് നടത്തിയതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കമ്പ്യൂട്ടർ, വിവിധ സംഗീത ഉപകരണങ്ങൾ, വൈവിധ്യങ്ങളാർന്ന ലെൻസുകൾ ഉപയോഗിക്കാവുന്ന ക്യാമറകൾ, ഇയർ ഫോണുകൾ, സൗണ്ട് സിസ്റ്റം, വൈരക്കല്ല് തുടങ്ങിയവ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നു. ഇതിന്റെയെല്ലാം വമ്പിച്ച ശേഖരങ്ങളും ഇയാൾ നടത്തിയ ചികിത്സാ കേന്ദ്രത്തിലുണ്ടായിരുന്നു. സംഗീതം ഉയർന്ന ശബ്ദ വീചികളിലൂടെ ഇയർഫോണിലൂടെ രോഗികളായി എത്തുന്ന കുട്ടികളെ കേൾപ്പിക്കുകയും സ്തൂപം പോലെയുള്ള വൈരക്കല്ലുകൾ പ്രദർശിപ്പിക്കുകയും രോഗികളെക്കൊണ്ട് അവയിൽ സ്പർശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിലുപരി രോഗികളായി എത്തുന്നവർക്ക് വൈരക്കല്ലുകൾ എന്ന പേരിൽ ഒരു തരം കല്ലും നൽകും. ഇത് ദിവസങ്ങളോളം വെള്ളത്തിൽ ഇട്ട് ഇതിൽ നിന്ന് ഊറിവരുന്ന ജലം വെറുംവയറ്റിൽ കഴിക്കാൻ പറയുകയായിരുന്നു പ്രധാന ചികിത്സാവിധി. ഇത്തരത്തിൽ ചികിത്സ നടത്തിയവരിൽ ആർക്കും പ്രയോജനമുണ്ടായിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു. പല സ്ഥലങ്ങളിലും ഇത്തരം പരാതികൾ ഉണ്ടായതോടെ മറ്റൊരു സ്ഥലത്തെത്തി വേറെ ഒരു പേരിലും വിലാസത്തിലും സ്ഥാപനം ആരംഭിക്കുകയാണ് പതിവ്. ഏഴു മാസം മുമ്പാണ് കാരംവേലിയിൽ എത്തിയത്. അഞ്ച് കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകാമെന്ന പേരിൽ അടുത്തിടെ സമീപത്തെ ഒരു ക്രൈസ്തവ ദേവാലയത്തിൽ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ സെമിനാറുകളിലും കൂടിക്കാഴ്ചകളിലും കൂടി പൊതുജനഅഭിപ്രായം രൂപീകരിച്ചാണ് ഇയാൾ ആളുകളെ വലയിലാക്കിയത്. തൃക്കാക്കര, ആലുവ, തിരുവനന്തപുരം, എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ ചെക്കുകേസ് ഉൾപ്പെടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു. ഒരു കുട്ടിയെ ചികിത്സിക്കുന്നതിന് 25 ലക്ഷം വരെയാണ് ഫീസ്. പരാതിക്കാരനായ സി.പി. സതികുമാറിൽ നിന്നും എഗ്രിമെന്റ് പ്രകാരമുള്ള 24 ലക്ഷം രൂപയിൽ ആദ്യം പത്തുലക്ഷവും പിന്നീട് നാല് ലക്ഷവും ഉൾപ്പെടെ 14 ലക്ഷം കൈപ്പറ്റിയിരുന്നു. ചികിത്സാ വിധികൾ പാളുന്നത് മനസിലാക്കിയ രക്ഷാകർത്താവ് തുക തിരികെ ആവശ്യപ്പെട്ടപ്പോൾ 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകി.

ബാക്കി തുക പിന്നീട് നൽകാമെന്ന് പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം ലഭ്യമാകാതിരുന്നതിനെ തുടർന്നാണ് ഇയാൾക്കെതിരെ സതികുമാർ ആലുവയിലും കൊച്ചിയിലും കേസ് നൽകിയത്. അന്നു മുതൽ ഇയാൾ ഒളിവിലായിരുന്നു. പ്രമുഖ ദിനപത്രം മരുന്നില്ലാതെ ഓട്ടിസം ചികിത്സിച്ച് മാറ്റുന്ന വൈദ്യ എന്ന ഡോക്ടറെ ആദരിക്കുന്ന വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ഡിവൈ.എസ്‌പിയുമായി ബന്ധപ്പെട്ടത്. മരുന്ന് ആവശ്യമുള്ളവർക്ക് പത്തനംതിട്ടയിൽ ആശുപത്രി നടത്തുന്ന ഡോക്ടർ ദമ്പതികളെക്കൊണ്ടാണ് കുറിപ്പടി നൽകിയിരുന്നത്.