തൃശ്ശൂർ: ഭൂമിക്ക് ചൂട് കൂടുന്നു, ആഗോള താപനം, അന്തരീക്ഷ മലിനീകരണം തടയണം, പ്രകൃതിയെ സംരക്ഷിക്കണം - എപ്പോഴും ഉയർന്നു കേൾക്കുന്ന ചർച്ചാ വിഷയങ്ങൾ. ഭൂമിയെ രക്ഷിക്കാനുള്ള മാർഗങ്ങളെപ്പറ്റിയാണ് ചർച്ചകൾ ഏറെയും. എന്നാൽ ഇൻഫ്രാറെഡ് ഉൾപ്പെടെയുള്ള സൂര്യരശ്മികൾ ഭൂമിയിൽ പതിക്കുന്നത് നിയന്ത്രിക്കുക എന്ന ആശയം പ്രാവർത്തികമാക്കുകയാണ് ഒരു മലയാളി ശാസ്ത്രജ്ഞൻ.

തൃശൂർ സ്വദേശിയായ എയ്റോസ്പേസ് ശാസ്ത്രജ്ഞൻ ഡോ. നാരായണ മേനോൻ കോമരത്ത് രൂപകല്പന ചെയ്ത ഉപകരണത്തിന് അമേരിക്കയിൽ പേറ്റന്റ് ലഭിച്ചു. 'ഗ്ലിറ്റർ ബെൽറ്റ്' എന്ന ഉപകരണത്തിനാണ് പേറ്റന്റ്. മദ്രാസ് ഐ.ഐ.ടി.യിൽനിന്ന് 1978-ൽ കെമിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ഇദ്ദേഹം ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഏയ്റോസ്പേസ് എൻജിനീയറിങ്ങിലാണ് പിഎച്ച്.ഡി. നേടിയത്. ജോർജിയ സർവകലാശാലയിൽ വകുപ്പുമേധാവിയായാണ് വിരമിച്ചത്. സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ ആയിരുന്ന പത്മാവതിയാണ് ഭാര്യ. അമേരിക്കയിൽ സ്ഥിരതാമസമായിരുന്ന ഇരുവരും ഉടനെ നാട്ടിലേക്ക് മടങ്ങിയെത്തും.

തൃശൂരിൽ പെരിങ്ങാവിൽ ജനിച്ച നാരായണമേനോൻ കൊമരത്തിന്റെ ഈ നേട്ടം മലയാളി സമൂഹത്തിനും അഭിമാനകരമാണ്. ഭൂമിയിൽ നിന്ന് 100,000 അടി ഉയരത്തിൽ മനുഷ്യരഹിത ആകാശ വാഹനങ്ങൾ പറപ്പിച്ച് അൾട്രാ ലൈറ്റ് റിഫ്‌ളക്റ്റീവ് ഷീറ്റുകൾ വിന്യസിപ്പിച്ചു കൊണ്ടുള്ളതാണ് പ്രവർത്തന രീതി. കാറ്റിനും മേഘങ്ങൾക്കും മുകളിലായി ഇത് അനിശ്ചിതകാലം പറക്കും. സൂര്യപ്രകാശം അതിൽ തട്ടി ബഹിരാകാശത്തേക്ക് പൂർണ തീവ്രതയോടെ പ്രതിഫലിപ്പിക്കും. ഭൂമിയിലേക്ക് പതിക്കുന്നത് കുറയും . തന്മൂലം, ആഗോള താപനം കുറയും.

ഭൂമിയിൽനിന്ന് ഒരുലക്ഷത്തോളം അടി ഉയരത്തിൽ എത്തിക്കുന്ന വ്യോമപേടകത്തിൽ സ്ഥാപിക്കുന്ന പ്രതിഫലനശേഷിയുള്ള കനം കുറഞ്ഞ വലിയ പാളികളാണ് ഗ്ലിറ്റർ ബെൽറ്റുകൾ. ഷീറ്റിലേക്കു വീഴുന്ന സൂര്യരശ്മികളെ അതേ ശക്തിയോടെ തിരികെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവിടുകയാണ് ഇവ ചെയ്യുക. ബെൽറ്റിന്റെ ഏറ്റവും വലിയ സവിശേഷത സൂര്യന്റെ ദക്ഷിണ, ഉത്തര ദിശകൾക്കനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്ന പറക്കുംചിറകുകളാണ്. ഏറ്റവും കൂടുതൽ താപമുള്ള ദിശയിലേക്ക് ഇവയ്ക്ക് കേന്ദ്രീകരിക്കാനാകും. ഒന്നിലേറെ പേടകങ്ങൾ ചേർത്ത് വലിയ കുടപോലെ നിവർത്താനും സാധിക്കും. ഇവയെ നിരീക്ഷിക്കാൻ ഭൂമിയിൽ പ്രത്യേക സ്റ്റേഷൻ ആവശ്യമാണ്.

ഉപയോഗശൂന്യമായ ചിറകുകൾ മാറ്റാനും പുനരുപയോഗിക്കാനും കഴിയുന്ന ഇവ ചെലവില്ലാതെ നിർവഹിക്കാൻ കഴിയുമെന്ന് ഡോ. നാരായണമേനോൻ കോമരത്ത് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഗ്ലിറ്റർ ബെൽറ്റിന്റെ ചെറുരൂപമാണ് പ്രവർത്തിപ്പിച്ചിട്ടുള്ളത്. കൂടുതൽ സംവിധാനങ്ങൾ ഉൾപ്പെടുത്തിവേണം ഇത് പൂർണമായി നിർമ്മിക്കാൻ.

വലിയ സ്ഥാപനങ്ങളും രാജ്യങ്ങളും കൂടുതൽ ഗ്ലിറ്റർ ബെൽറ്റ് സ്ഥാപിക്കുകയാണെങ്കിൽ ആഗോളതാപനത്തിന്റെ രൂക്ഷത കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. എങ്കിലും ഇത് ആഗോളതാപനത്തിന് ഒരു പ്രതിവിധിയല്ല. മരംനടൽ, മലിനീകരണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ വിപുലമാവുന്നതുവരെ ഒരു നിയന്ത്രണസംവിധാനമായി വേണം കാണാൻ.

ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങളിൽ ഇതൊരു തിളങ്ങുന്ന ബെൽറ്റ് പോലെ തോന്നിക്കുന്നതാണ് ഗ്ലിറ്റർ ബെൽറ്റ് എന്ന പേരിടാൻ കാരണം. രാത്രിയിൽ ഭുമിയിൽ നിന്നുള്ള ചൂട് ഷീറ്റിന്റെ അടിവശത്ത് പതിച്ച് ഷീറ്റ് ചൂടാക്കും. ആ ചൂട് ആകാശത്തേക്ക് പ്രസരിപ്പിക്കും. അതിനാൽ ഭൂമിയിൽ കാലാവസ്ഥയെ ബാധിക്കില്ല. നൂറു കണക്കിനു മില്യനുകൾ ചെലവ് വരുമെങ്കിലും അത് അമേരിക്ക പോലുള്ള രാജ്യത്തിന് വഹിക്കാവുന്നതിൽ കൂടുതലായിരിക്കില്ല എന്നതാണു പ്രത്യേകത.

എന്തെങ്കിലും പ്രശ്നം വന്നാൽ ആകാശത്ത് നിന്നു വാഹനങ്ങൾ തിരിച്ചു വിളിക്കാനാവും. എന്തായാലും ഇതിനു അന്താരാഷ്ട്ര കരാറുകൾ ഉണ്ടാവണം. ഭൂമിയിൽ സൂര്യപ്രകാശം കുറക്കുന്നതും ഗ്രീൻഹൗസ് ഗ്യാസ് കുറക്കുന്നതും വ്യവസായങ്ങൾക്ക് ഗുണപ്പെടും. കാലാവസ്ഥ വ്യതിയാനം പേടിക്കാതെ വ്യവസായങ്ങൾ തുടങ്ങാം. അങ്ങനെ കൂടുതൽ പേർക്ക് ജോലി കിട്ടും.