- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജസ്റ്റ് മിസ്സിന് ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്'; ബിഗ്‌ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; കാർ മറിഞ്ഞതുകൊക്കയിലേക്ക്; അപകടം കൂസാതെ ആരാധകരെ കാണാൻ തൊടുപുഴയിൽ എത്തി റോബിൻ
കൊച്ചി: ബിഗ് ബോസ് നാലാം സീസണിൽ ആരാധക ബാഹുല്യം കൊണ്ട് അമ്പരപ്പിച്ച മത്സരാർത്ഥി ഡോ.റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിന് പോകവേയാണ് അപകടമുണ്ടായത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ശേഷം റോബിൻ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി.
'വരുന്ന വഴിക്ക് എന്റെ കാർ അപകടത്തിൽപ്പെട്ടു. കാർ കൊക്കയിലേക്ക് മറിഞ്ഞു. ജസ്റ്റ് മിസ്സിന് ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്', റോബിൻ അപകടത്തെക്കുറിച്ച് പറഞ്ഞു.
ബിഗ് ബോസ് സീസൺ ഫോറിൽ, സഹ മത്സരാർത്ഥിയായിരുന്ന റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടർന്ന് റോബിൻ ബിഗ് ബോസിൽ നിന്നും പുറത്താക്കുകയായിരുന്നു. ഷോയുടെ ഭാഗമായുണ്ടായ ടാസ്‌കിനിടെ റോബിൻ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പരാതി ഉയർന്നു. തുടർന്ന് റോബിനെ സീക്രട്ട് മുറിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മത്സരത്തിൽ തിരിച്ചു പങ്കെടുപ്പിക്കാൻ ബിഗ് ബോസ് തീരുമാനിക്കുകയും ചെയ്തതോടെയാണ് രംഗം വഷളായത്.
റോബിന്റെ മടങ്ങി വരവിൽ പ്രതിഷേധിച്ച് മറ്റൊരു മത്സരാർത്ഥിയായ ജാസ്മിൻ മൂസ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോവുകയായിരുന്നു. തുടർന്ന് റോബിനെ പരിപാടിയിൽ നിന്നും പുറത്താക്കി. ബിഗ് ബോസിൽ നിന്നും പുറത്തായ റോബിൻ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റോബിൻ ഇപ്പോൾ. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ആരാധകരുടെ ഡോ.മച്ചാൻ
ബിഗ്‌ബോസ് മലയാളം സീസൺ ഫോറിൽ വരുന്നതിന് മുമ്പ്് ഡോ റോബിൻ രാധാകൃഷ്ണന്റെ ബയോഡാറ്റ ഇങ്ങനെ ചുരുക്കി വിശദീകരിക്കാമായിരുന്നു. 'പ്രശസ്ത മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ്. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ ഡോ. മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഡോ. മച്ചാനുള്ളത്. തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് സ്വദേശം. ''- പക്ഷേ 68 ദിവസത്തെ ബിഗ്‌ബോസ് ഷോയിലെ ജീവിതം ആയാളെ കേരളത്തിലെ പുതിയ താരമാക്കി മാറ്റി.
ഒരുപാട് പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധിയിലൂടെയുമാണ് തന്റെ ജീവിതം കടന്നുപോയതെന്ന് ഈ 32കാരനായ അവിവാഹിതൻ പറയാറുണ്ട്. തിരുവനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്ണന്റെയും ബീനയുടേയും മകൻ, ചെറുപ്പകാലത്ത് പഠിക്കാൻ അത്ര മിടുക്കൻ ആയിരുന്നില്ല. പൊണ്ണത്തടിയുടെ പേരിൽ പരിഹസിക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് സ്വപ്രയത്‌നത്താൽ വളർന്ന കഥയാണ് റോബിന്റെത്. ചിദംബരം ഗവ മെഡിക്കൽ കോളെജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്.
26ാം വയസ്സുതൊട്ടാണ് തന്റെ ജീവിതം മാറി മറഞ്ഞത് എന്നാണ് റോബിൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നത്. അക്കാലത്താണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു ഇൻഫ്‌ളുവെൻസർ എന്ന രീതിയിൽ തിളങ്ങാൻ തുടങ്ങിയത്. ആരും ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെയും ചുറ്റിലും നടക്കുന്ന സംഭവങ്ങളുമൊക്കെ കോർത്തിണക്കി റോബിൻ അവതരിപ്പിക്കുന്ന വീഡിയോയ്ക്ക് നിരവധി ആളുകളാണ് ആരാധകരായുള്ളത്. മെഡിക്കൽ രംഗത്തെ സംശയങ്ങളും, മോട്ടിവേഷൻ ക്ലാസും വീഡിയോകളും ഒക്കെയായി ഡോ മച്ചാൻ എന്ന വിളിപ്പേരിൽ അദ്ദേഹം പൊളിച്ചു.
വളരെ ലളിതമായ രീതിയിൽ തീർത്തും പ്രസന്നനായി കാര്യങ്ങൾ പറയുന്നതാണ് മോട്ടിവേഷൻ വീഡിയോകളിലെ റോബിന്റെ രീതി. അവിടെ നിങ്ങൾക്ക് ബിഗ്‌ബോസിൽ അലറുന്ന കട്ടക്കലിപ്പനെ കാണാൻ കഴിയില്ല. കൗമുദി ചാനലിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും മലയാളികൾക്ക് റോബിൻ പരിചിതനാണ്. മറ്റുള്ളവർ അധികം എടുക്കാത്ത ചെറിയ വിഷയങ്ങളാണ് അദ്ദേഹം സരളമായി അവതരിപ്പിക്കുക. അതിൽ ഒന്ന് ആധുനികകാലത്തെ പ്രണയ ബ്രേക്കപ്പുകളെ കുറിച്ചാണ്.
'ബ്രേക്കപ്പ് വലിയ കുഴിയാണ്. ചിലർ അതിൽ അറിഞ്ഞുകൊണ്ട് വീഴും. അവർക്ക് കുഴപ്പമില്ല. പക്ഷേ അറിയാതെ വീഴുന്ന ആളുകൾക്ക് കൂടുതൽ പരിക്ക് പറ്റും. മറക്കാൻ ശ്രമിക്കുന്തോറം അത് കൂടുതൽ ഓർമ്മ വരികയാണ് ചെയ്യുക. അതുകൊണ്ട് ബ്രേക്കപ്പുകളെ ആക്‌സപ്റ്റ് ചെയ്യാൻ ശ്രമിക്കുക. മനസ്സിനെ പാകപ്പെടുത്തുക.''- എന്നാണ് കൗമുദി ചാനലിലെ ചാറ്റ് വിത്ത് ഡോ റോബിൻ പരിപാടിയിൽ അദ്ദേഹം പറയുന്നത്. 'തേപ്പ് കിട്ടിയിട്ടുണ്ടോ' എന്ന അവതാരകയുടെ ചോദ്യത്തിന് കുസൃതിയോടെ ചിരിക്കുന്ന ഡോ റോബിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക.
അതുപോലെ ആത്മഹത്യകൾക്ക് എതിരെയും, ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെയും കുറിച്ചൊക്കെ ഡോക്ടർ നല്ല വീഡിയോകളാണ് ചെയ്തത്. ഒപ്പം അഭിനയത്തിലും തിരക്കഥാ രംഗത്തും സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. ടോക്ക് ഷോകളും വീഡിയോകളും ഹിറ്റായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന നിരവധി പരിപാടികളിലും റോബിനെ തേടിയെത്തി. ഒരുകാലത്ത് കോളജ് കാമ്പസുളിലെ സ്ഥിരം പ്രാസംഗികൻ ആയിരുന്നു ഇദ്ദേഹം. തുടർച്ചയായി അഞ്ചു വർഷത്തോളം 12മണിക്കുർ നൈറ്റ് ഡ്യൂട്ടി നോക്കുന്നതിനിടെയാണ് ഈ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത് എന്ന് ഓർക്കണം. അതാണ് ഡോ മച്ചാന്റെ ഹാർഡ് വർക്ക്.
ഇതിനിടെ നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റിയുടെ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡും കിട്ടി. 5000 ത്തിലധികം പേരിൽ നിന്ന് ഓൺലൈൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 25 പേരിൽ ഉണ്ടായിരുന്ന ഒരേയൊരു മലയാളിയും റോബിൻ ആയിരുന്നു. മോട്ടീവേഷ്ണൽ ആന്റ ഇൻസ്‌പൈയറിങ് യൂത്ത് വിഭാഗത്തിലാണ് അവാർഡ് കിട്ടിയത്. ഇന്ത്യൻ എക്പ്രസും മനോരമയും ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളിൽ ഇദ്ദേഹത്തെക്കുറിച്ച് വാർത്തയും ഫീച്ചറുകളും വന്നിട്ടുണ്ട്.
ഈ രീതിയിലുള്ള പ്രശസ്തിക്ക് ഒടുവിലാണ്, ഡോ റോബിൻ തന്റെ സ്വപ്നമായ ബിഗ്‌ബോസ് ഷോയിൽ എത്തുന്നത്. അതും ബിഗ്‌ബോസ് ഹൗസിലെ ആദ്യത്തെ ഡോക്ടർ എന്ന വിശേഷണവുമായി.
മറുനാടന് മലയാളി ബ്യൂറോ