തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പുന്നയിച്ച വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സർക്കാർ നടത്തുന്ന സംവാദത്തിൽ ഇ ശ്രീധരനെ ക്ഷണിക്കാത്തതിൽ വിമർശനം. ഇ ശ്രീധരനെ സർക്കാർ ഗൗരവത്തോടെ കേൾക്കണമെന്ന് ഡോ. ആർ വി ജി മേനോൻ പറഞ്ഞു. റെയിൽവേ വികസനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിദഗ്ധൻ ഇ ശ്രീധരൻ ആണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീധരനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിജെപി വിമർശനവുമായി എത്തി.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനാണ് ഡോ ആർ വി ജി മേനോൻ. ഇടതുപക്ഷ സഹയാത്രികൻ. എന്നാൽ ആർ വി ജിയും കെ റെയിലിനെ എതിർക്കുന്നു. എന്നിട്ടും സർക്കാരിന്റെ കെ റെയിൽ ചർച്ചയിലേക്ക് ആർ വി ജിയെ ക്ഷണിച്ചു. ഈ സാഹചര്യത്തിലാണ് സംവാദത്തിന് കരുത്ത് കിട്ടണമെങ്കിൽ ശ്രീധരൻ വേണമെന്ന് ആർ വി ജി തന്നെ പറയുന്നത്. ഇ ശ്രീധരൻ തെരഞ്ഞെടുപ്പിൽ ഏതു പാർട്ടിക്ക് വേണ്ടി നിന്നു എന്നുള്ളതല്ല കാര്യം. അദ്ദേഹത്തിന് ഈ കാര്യത്തിലുള്ള അറിവാണ് പ്രധാനം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈ വിഷയത്തിൽ പറയാനുള്ളത് സർക്കാർ ശ്രദ്ധിക്കേണ്ടതാണ്. അത് ഗൗരവബുദ്ധിയോടെ തന്നെ സർക്കാർ പരിഗണിക്കേണ്ടതാണ്-ആർ വി ജി കൂട്ടിച്ചേർത്തു.

ഗതാഗത പ്രശ്ന പരിഹാരത്തിനാണെങ്കിൽ സിൽവർ ലൈനല്ല, പാത ഇരട്ടിപ്പിക്കലാണ് വേണ്ടത്. അതോടൊപ്പം സിഗ്‌നലിങ് ആധുനികവത്കരിക്കണം. സിൽവർ ലൈനോ ബുള്ളറ്റ് ട്രെയിനോ പോലുള്ള തീരെ സ്റ്റോപ്പ് കുറവായ ട്രെയിനുകളല്ല നമുക്ക് ആവശ്യമെന്നും ആർ വി ജി മേനോൻ പറയുന്നു. ഇപ്പോഴെങ്കിലും കെ റെയിലും സർക്കാരും ജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ കേൾക്കാൻ തീരുമാനിച്ചത് നല്ല കാര്യമാണ്. പാനൽ ചർച്ചകളിലൂടെ തീരുമാനമെടുക്കാൻ പറ്റുന്നതല്ല. പാനൽ ചർച്ചയല്ല എല്ലായിടത്തും തുറന്ന ചർച്ച തന്നെ വേണം. എങ്കിലേ എല്ലാ കാഴ്ചപ്പാടുകളും പ്രതിഫലിക്കുകയുള്ളൂ.

ഡിപിആറിൽ വേണ്ട കാര്യങ്ങൾ ഇല്ല. സാധാരണ ഡിപിആറിൽ കാണേണ്ട പല സംഗതികളും ഇല്ല. ഡിപിആറിൽ ഉണ്ടാകേണ്ട ആവശ്യഘടകം ബദലുകളുടെ പരിശോധനയാണ്. വേണ്ടത്ര പരിസ്ഥിതി പഠനം നടന്നതായി ഡിപിആറിൽ പറയുന്നില്ല. പിണറായി വിജയനേയും ആർ വി ജി പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. സിൽവർ ലൈൻ ആരുടേയോ സ്വപ്നമായിട്ട് കാര്യമില്ല. ജനങ്ങളുടെ സ്വപ്നമായാലേ ജനം ത്യാഗം സഹിക്കൂ. എന്തു വില കൊടുത്തും നടപ്പാക്കുമെന്നത് ശാസ്ത്രീയ സമീപനം അല്ലെന്നും ആർവിജി മേനോൻ പറഞ്ഞു.

എന്താണോ അതിന് വില, ആ വില കൊടുക്കാൻ കേരളത്തിന് കഴിയുമോ, കേരളസമൂഹം തയ്യാറാണോ തുടങ്ങിയ കാര്യങ്ങൾ ജനങ്ങളുമായി ചേർന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. നവകേരളത്തിലെ വികസനം ഇതുവരെ ചെയ്ത തെറ്റുകൾ തിരുത്തിയാകണം വിഭാവനം ചെയ്യേണ്ടതെന്നും ആർവിജി മേനോൻ അഭിപ്രായപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ സംവാദം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 28ന് മാസ്‌കറ്റ് ഹോട്ടലാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്.പദ്ധതിയെ എതിർക്കുന്ന, സിൽവർലൈൻ ഡിപിആർ തയാറാക്കുന്നതിനു രൂപീകരിച്ച സമിതിയിൽ ഉണ്ടായിരുന്ന റിട്ട. ചീഫ് ബ്രിഡ്ജ് എൻജിനീയർ അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

കെറെയിലിനു വേണ്ടി റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻനായർ തുടങ്ങിയവർ സംസാരിക്കും. സയൻസ് ആൻഡ് ടെക്‌നോളജി പ്രിൻസിപ്പൽ സെക്രട്ടറി കെ പി സുധീർ ആണ് മോഡറേറ്റർ. ചർച്ച കേൾക്കാൻ 50 ക്ഷണിക്കപ്പെട്ട അതിഥികളുണ്ടാകും. മാധ്യമങ്ങൾക്കും ചർച്ചയിലേക്ക് ക്ഷണമുണ്ട്.