- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോസ എന്ന പത്തുവരിയുള്ള കവിതയിലെ ഏഴുവരി തുലാത്തുമ്പി എന്ന കവിതയിൽ; പുരോഗമനകലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് തന്റെ കവിത മോഷ്ടിച്ചെന്ന് ഡോ.സംഗീത് രവീന്ദ്രൻ; അജിത്രി ബാബുവിന്റെ പേരിൽ കവിത പ്രസിദ്ധീകരിച്ചത് സർക്കാർ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിൽ; മലയാള സാഹിത്യത്തിൽ ദീപയടി തുടർക്കഥയാകുന്നു
കോട്ടയം: മലയാള സാഹിത്യത്തിൽ വീണ്ടും കവിതാ മോഷണ വിവാദം. കവിയും അദ്ധ്യാപകനുമായ ഡോ.സംഗീത് രവീന്ദ്രനാണ് തന്റെ കവിത പുരോഗമനകലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് മോഷ്ടിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. പുരോഗമനകലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്റെ പേരിൽ സർക്കാർ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിൽ വന്ന കവിത തന്റേതാണ് എന്നാണ് ഡോ.സംഗീത് രവീന്ദ്രൻ ആരോപിക്കുന്നത്. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്ന നിലപാടാണ് അജിത്രി ബാബുവിന്റേത്.
ഉറുമ്പുപാലം എന്ന കവിതാ സമാഹാരത്തിലെ റോസ എന്ന കവിതയാണ് വിവാദമായിരിക്കുന്നത്. കവിയും അദ്ധ്യാപകനുമായ ഡോ.സംഗീത് രവീന്ദ്രന്റെ പേരിൽ പ്രസിദ്ധീകരിച്ചതാണ് ഉറുമ്പുപാലം എന്ന കവിതാ സമാഹാരം. കവിതയുടെ ഏതാനും വരികൾ വിദ്യാരംഗം മാസികയുടെ നവംബർ ലക്കത്തിൽ അജിത്രി ബാബു എഴുതിയ തുലാത്തുമ്പിയെന്ന കവിതയിൽ പ്രസിദ്ധീകരിച്ചുവെന്നാണ് സംഗീത് രവീന്ദ്രന്റെ ആരോപണം. കവിത മോഷ്ടിച്ചതാണെന്ന് കാണിച്ച് സംഗീത് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി.
'അജിത്രി എന്ന അദ്ധ്യാപിക ഉൾപ്പെടുന്ന കവനം എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു ഞാൻ. കവനം എന്ന ഗ്രൂപ്പിൽ എന്റെ കവിതകൾ പങ്കുവെക്കുമ്പോൾ അജിത്രി ടീച്ചറും എന്റെ സ്കൂളിലെ പല അദ്ധ്യാപകരും അതിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്റെ റോസ എന്ന പത്തുവരിയുള്ള കവിതയിലെ ഏഴുവരി അവരുടെ തുലാത്തുമ്പി എന്ന കവിതയിൽ ഉൾച്ചേർത്തത് എനിക്ക് വലിയ അപമാനമുണ്ടാക്കിയ സംഭവമാണ്.' സംഗീത് പറയുന്നു.
എന്നാൽ വിവാദം അനാവശ്യമാണെന്നും സംഗീതുമായി ഒന്നിച്ചെഴുതിയ കവിതകളാണ് സമാഹാരത്തിലുള്ളതെന്നും അജിത്രി ബാബു പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരേ വരുന്ന അപകീർത്തികമായ പ്രതികരണങ്ങൾക്കെതിരേ അജിത്രി ബാബു കോട്ടയ്ക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവാദം സംഘപരിവാർ സംഘടനകളുടെ ഗൂഢാലോചനയാണെന്നും അജിത്രി പറയുന്നു.
തൃശ്ശൂർ കോരള വർമ്മ കോളജിലെ അദ്ധ്യാപിക ദീപ നിശാന്തും നേരത്തേ കവിതാ മോഷണ വിവാദത്തിൽ പെട്ടിരുന്നു. അദ്ധ്യാപക സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജേണലിൽ ദീപ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദ വിഷയമായത്. യുവ കവി എസ് കലേഷിന്റെ ' അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാൻ/നീ ' എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്.
ഇത് വിവാദമായപ്പോൾ ആദ്യം തന്റെ തന്നെ കവിതയാണെന്ന അവകാശവാദവുമായി ദീപ രംഗത്തെത്തിയിരുന്നു. പിന്നീട് എം ജെ ശ്രീചിത്രൻ തന്റെ പേരിൽ പ്രസിദ്ധീകരിക്കാൻ തന്നതാണെന്ന കുറ്റസമ്മതവും ദീപ നടത്തിയിരുന്നു. കവിത മോഷണ ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾ കോളജിന്റെ അന്തസിനെ ബാധിച്ചതായി വിമർശനം ഉയർന്നിരുന്നു. അദ്ധ്യാപക സമൂഹത്തിന് തന്നെ ഏറ്റ കളങ്കമായാണ് ദീപയുടെ നടപടി വിലയിരുത്തിയത്. 'അങ്ങനെയിരിക്കെ' എന്ന കവിത ദീപാ നിശാന്ത് തന്നെ അയച്ചതു തന്നെയെന്ന് ഓൾ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും വിശദീകരിച്ചിരുന്നു. ഇതോടെയാണ് കവിതാ മോഷണ വിവാദത്തിൽ ദീപാ നിശാന്ത് കൂടുതൽ പ്രതിരോധത്തിലായത്.
അസോസിയേഷൻ പ്രസിഡന്റ് പത്മനാഭനും, ജേർണൽ പത്രാധിപർ ഡോ. സണ്ണിയും കാര്യങ്ങൾ വിശദീകരിച്ചതോടെ പിഴവ് പറ്റിയത് ദീപാ നിശാന്തിന് തന്നെയെന്ന് വ്യക്തമായി. യുവ കവി എസ്. കലേഷ് 2011-ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചതാണ് ഈ കവിത. തുടർന്ന് മാധ്യമം വാരികയിലും ഈ കവിത പ്രസിദ്ധീകരിച്ചു. എന്നാൽ, പിന്നീട് എ.കെ.പി.സി.റ്റി.എ. ജേർണലിൽ ഈ കവിത ചില മാറ്റങ്ങളോടെ ദീപാ നിശാന്തിന്റേതായി പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ കവിത തന്റേത് തന്നെയാണെന്നും കൂടുതൽ കാര്യങ്ങൾ പുറത്ത് പറയാനാകില്ലെന്നും ദീപാ നിശാന്ത് പ്രതികരിച്ചിരുന്നു. ചിലരുടെ ജീവിതത്തെ ബാധിക്കുന്ന വിഷമാണ് ഇതെന്നും വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കവിത അയച്ചു തന്നത് ദീപാ നിശാന്ത് തന്നെയാണെന്ന വിശദീകരണവുമെത്തിയത്.
കവിതാ മോഷണം കലേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ വൻ വിവാദമാണ് ഉണ്ടായത്. ദീപാ നിശാന്ത് ഇതിന് വ്യക്തമല്ലാത്ത മറുപടിയാണ് നൽകിയത്. അറിയപ്പെടുന്ന ഇടതുപക്ഷ എഴുത്തുകാരിയായ ദീപാ നിശാന്തിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്. കവിതാ മോഷണത്തിൽ കലേഷിനോടു മാത്രമല്ല, പൊതു സമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത് പിന്നീട് വ്യക്തമാക്കിയിരുന്നു. അദ്ധ്യാപിക എന്ന നിലയിൽ തനിക്ക് വലിയ പിഴവാണ് സംഭവിച്ചതെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്