- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന ന്യൂനപക്ഷ ഹിംസയുടെ മോദി - ഷാ പതിപ്പിന്റെ മുന്നൊരുക്കങ്ങൾ; മുഖ്യമന്ത്രിയെ കൊണ്ട് ഒപ്പിടുവിച്ചും ന്യായാധിപന്മാരെ കൊണ്ട് ഹിന്ദുത്വ ക്ലാസ്സെടുത്തും ഇക്കൂട്ടർ നടത്തുന്നു: മീഡിയ വൺ നിരോധനത്തിൽ വിമർശനവുമായി ഡോ.സരിൻ.പി
തിരുവനന്തപുരം: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. മീഡിയ വൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നാഗരേഷ് വിധി പറഞ്ഞത്. ഈ പശ്ചാത്തലത്തിൽ, ഹൈക്കോടതി വിധിയെയും കേന്ദ്രസർക്കാരിനെയും വിമർശിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവായ ഡോ. സരിൻ പി. 'രാജ്യസുരക്ഷാ കാരണങ്ങൾ പറഞ്ഞ് നിങ്ങളേയോ എന്നെയോ ജയിലടക്കാൻ ഭരണകൂടം തീരുമാനിച്ചാൽ അത് അപ്പാടെ അംഗീകരിച്ചു കൊടുക്കാൻ ഒരു നിയമ സംവിധാനത്തെ നിർമ്മിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു എന്നതാണ് മീഡിയ വണ്ണിന്റെ നിരോധനത്തിന് അംഗീകാരം നല്കിക്കൊണ്ടുള്ള ഇന്നത്തെ ഹൈക്കോടതി വിധി തെളിയിക്കുന്നത്.'-സരിൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം ശക്തിപ്രാപിക്കുന്നത് അതിന് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങളെ വിലയ്ക്കെടുത്തുകൊണ്ടാണ്. കേരളത്തിലേതു പോലെയുള്ള അധികാര വർഗ്ഗത്തെക്കൊണ്ട് സന്ധികൾ പരസ്യമായി ഒപ്പിടുവിച്ച് കൊണ്ടും, കമ്മ്യൂണിസ്റ്റുകളെന്ന് അവകാശപ്പെടുന്നവർക്ക് ഫാഷിസത്തെ അതിന്റെ വഴിക്ക് വിടാൻ കൂലി കൊടുത്തുമാണ് ഇതുവരെയും എത്തിച്ചു നിർത്തിയിരിക്കുന്നത് എന്ന് സരിൻ വിമർശിക്കുന്നു. ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് ബിജെപി നേതാവിന്റെ നിയമന ഫയലിൽ മുഖ്യമന്ത്രി ഒപ്പിടും എന്ന വാർത്തയാണ് ഇതിന് ആധാരമായി സരിൻ ചൂണ്ടികാട്ടുന്നത്.
ഇനി നടക്കാൻ പോകുന്നത് ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന ന്യൂനപക്ഷ ഹിംസയുടെ മോദി - ഷാ പതിപ്പാണ്. ഇക്കാര്യത്തിൽ ജെനോസൈഡ് വാച്ച് എന്ന സംഘടനയുടെ ഡോ.സ്റ്റാന്റണുമായി കരൺ ഥാപ്പർ നടത്തിയ ദി വയറിലെ അഭിമുഖവും അദ്ദേഹം എടുത്തുകാട്ടുന്നു. ചെരുകോൽപുഴ ഹിന്ദുമത പരിഷത്തിൽ ജസ്റ്റിസ് എൻ.നഗരേഷ് മുഖ്യ പ്രഭാഷണം നടത്തുന്നതിന്റെ പത്ര ക്ലിപ്പിങ്ങും സരിൻ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ഡോ.സരിൻ.പിയുടെ ഫോസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നാളെയെങ്ങാനും രഹസ്യസ്വഭാവം കല്പിച്ച്, രാജ്യസുരക്ഷാ കാരണങ്ങൾ പറഞ്ഞ് നിങ്ങളേയോ എന്നെയോ ജയിലടക്കാൻ ഭരണകൂടം തീരുമാനിച്ചാൽ അത് അപ്പാടെ അംഗീകരിച്ചു കൊടുക്കാൻ ഒരു നിയമ സംവിധാനത്തെ നിർമ്മിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു എന്നതാണ് മീഡിയ വണ്ണിന്റെ നിരോധനത്തിന് അംഗീകാരം നല്കിക്കൊണ്ടുള്ള ഇന്നത്തെ ഹൈക്കോടതി വിധി തെളിയിക്കുന്നത്.
മീഡിയ വണ്ണിനെതിരായ നീക്കത്തിന് പിന്നിലുള്ളത് ഹിന്ദുത്വ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന അജണ്ടയിലെ പുതിയ കരുനീക്കമാണെന്ന് ഇനിയും സംശയിക്കുന്നുണ്ടോ നിങ്ങൾ? ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം ശക്തിപ്രാപിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ ജർമ്മനിയിലോ ഇറ്റലിയിലോ സംഭവിച്ചത് പോലെയല്ല. അവിടെ പ്രാദേശിക ഭരണ സംവിധാനങ്ങളെ അട്ടിമറിച്ചും മാധ്യമങ്ങളെ വിലക്കിയും കമ്മ്യൂണിസ്റ്റുകളുടെ പ്രവർത്തന സ്വാതന്ത്ര്യം നിരോധിച്ചും മറ്റുമാണ് അവർ ലക്ഷ്യത്തിലേക്ക് നീങ്ങിയത് എങ്കിൽ, ഇവിടെ അതിന് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങളെ വിലയ്ക്കെടുത്തും, കേരളത്തിലേതു പോലെയുള്ള അധികാര വർഗ്ഗത്തെക്കൊണ്ട് സന്ധികൾ പരസ്യമായി ഒപ്പിടുവിച്ച് കൊണ്ടും, കമ്മ്യൂണിസ്റ്റുകളെന്ന് അവകാശപ്പെടുന്നവർക്ക് ഫാഷിസത്തെ അതിന്റെ വഴിക്ക് വിടാൻ കൂലി കൊടുത്തുമാണ് ഇതുവരെയും എത്തിച്ചു നിർത്തിയിരിക്കുന്നത്.
ഇവിടെയാണ് ഇന്ത്യയിലെ ചില സാമുദായിക - സാമൂഹിക വിഭാഗങ്ങളെ, പ്രത്യേകിച്ചും മുസ്ലിം ന്യൂനപക്ഷങ്ങളെയും ദളിത്-ആദിവാസി വിഭാഗങ്ങളെയും അടിച്ചർത്തിക്കൊണ്ട് കഴിഞ്ഞ 7-8 കൊല്ലങ്ങളായി വംശീയ ഫാഷിസം ടെസ്റ്റ് ഡോസിൽ അരങ്ങേറിയത് നമ്മൾ ഓർക്കേണ്ടത്. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ വിഭാഗത്തെ, എങ്ങനെയാണോ ഹിറ്റ്‌ലർ യഹൂദ കൂട്ടക്കൊലയ്ക്ക് മുന്നെ പരുവപ്പെടുത്തിയെടുത്തത് അതിന് സമമായി ഇവിടെയും രൂപപ്പെടുത്തിയെടുത്തിരിക്കുന്നു.
ഇനി നടക്കാൻ പോകുന്നത് ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന ന്യൂനപക്ഷ ഹിംസയുടെ മോദി - ഷാ പതിപ്പാണ് എന്ന മുന്നറിയിപ്പാണ് കരൺ ഥാപ്പറിന്റെ ഈ അഭിമുഖത്തിൽ നിന്ന് വെളിപ്പെടുന്നത്. അതിന്റെ മുന്നൊരുക്കങ്ങളാണ് മുഖ്യമന്ത്രിയെ ക്കൊണ്ട് ഒപ്പിടുവിച്ചും, ന്യായാധിപന്മരെക്കൊണ്ട് ഹിന്ദുത്വ ക്ലാസ്സെടുത്തും ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്.
തള്ളിപ്പറയാൻ ഇനിയും നിങ്ങൾ തയ്യാറല്ലെങ്കിൽ നിങ്ങൾ കൂടി ഉത്തരവാദികളാകുന്ന നരഹത്യക്കാണ് നിങ്ങളുടെ മൗനം സമ്മതം മൂളുന്നത്.വിശദമായ 28 മിനിറ്റ് ഇന്റർവ്യൂ ലിങ്ക് കമന്റിൽ. ഇനി അമേരിക്കയിലെ കോൺഗ്രസ്സും രാഹുൽ ഗാന്ധിയും തന്നെയാണ് ഇതിന്റെ പിന്നിൽ എന്നും പറഞ്ഞ് വരരുത്.
മറുനാടന് മലയാളി ബ്യൂറോ