തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയം ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ചർച്ചയാക്കിയതോടെ വിശദീകരണവുമായി ഡോ. ഷീന ഷുക്കൂർ രംഗത്ത്. ഞാൻ കാരണം വ്യാജ സർട്ടിഫിക്കറ്റ് മാഫിയയെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിൽ അഭിമാനിക്കുന്നുവെന്നു ഷീന ഷുക്കൂർ പറഞ്ഞു.

ദുബായിലെ ജോലിക്ക് ഒരാൾ സമർപ്പിച്ച സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്യാൻ എന്റെ സുഹൃത്തു നൽകിയിരുന്നു. അതു ഫോർവേഡ് ചെയ്യുക മാത്രമാണു താൻ ചെയ്തതെന്നും ഷീന ഷുക്കൂർ പറഞ്ഞു.

ചിലർ എന്നെ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ ആളായി ചിത്രീകരിക്കുവാൻ വരികൾക്കിടയിലൂടെ ശ്രമിക്കുന്നു. ഒരു ദേശീയ ഇംഗ്ലീഷ് പത്രം പോലും എന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുവാൻ ശ്രമിക്കുന്നു. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി പി വി സി ആയതിനു ശേഷം നിരന്തരമായി ചിലർ എനിക്കെതിരെ വാർത്തകൾ പടച്ചു വിടുകയാണെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഒരു വ്യാജ സർട്ടിഫിക്കറ്റിന് ജെന്വിൻനെസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് യഥാർത്ഥമാണെന്ന സർവകലാശാലാ സാക്ഷ്യപത്രം) നൽകാനാവശ്യപ്പെട്ട് പരീക്ഷാ കൺട്രോളർക്ക് ഷീനാ ഷുക്കൂർ വാട്സ്ആപ് സന്ദേശം നൽകിയതാണ് ഇവർക്ക് വ്യാജസർട്ടിഫിക്കറ്റ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന സംശയം ജനിപ്പിച്ചത്. ഇതോടെ പ്രോ വൈസ് ചാൻസലറുടെ നീക്കങ്ങളും മുമ്പ് നടത്തിയ ഇടപാടുകളും സംബന്ധിച്ച് പൊലീസ് വിശദ പരിശോധനകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

കൊമേഴ്സ് ആൻഡ് മാനേജ്മെന്റ സ്റ്റഡീസിൽ നിന്ന് ജേസിൽ കരീം കെ പി എന്നയാളുടെ പേരിൽ നൽകിയ സർട്ടിഫിക്കറ്റിനു വേണ്ടിയായിരുന്നു സാക്ഷ്യപത്രം ആവശ്യപ്പെട്ടത്. ജേസിൽ കരീമിനു വേണ്ടി തയ്യാറാക്കിയ വ്യാജ സർട്ടിഫിക്കറ്റ് അജ്മൽ സിഎം എന്നൊരാളുടെ സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ വരുത്തിയാണ് തയ്യാറാക്കിയത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സംഭവം വിവാദമായതോടെയാണു വിശദീകരണവുമായി ഡോ. ഷീന ഷുക്കൂർ രംഗത്തെത്തിയത്. 'ഇക്കഴിഞ്ഞ മാസം ദുബായിലെ ഒരു സുഹൃത്ത്, ഒരാൾക്കു ജോലി ആവശ്യാർത്ഥം നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതു കാരണം എനിക്കു whats up വഴി അയച്ചു തന്നു. നോക്കിയപ്പോൾ അതു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ്. ഞാൻ അതിന്റെ genuiness പരിശോധിക്കുന്നതിന്റെ ഭാഗമായി ആ message കാലിക്കറ്റ് പരീക്ഷ കൺട്രോളർക്കു forward ചെയ്യുകയും ബന്ധപ്പെട്ടവരോട് അദ്ദേഹത്തിനു mail ചെയ്യുവാൻ നിർദ്ദേശം നൽകുകയും ചെയ്തു.

ഇത്രയും ചെയ്തതിൽ ഒരു വീഴ്ചയും എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പൂർണ്ണമായും ശരിയുമാണ് . ആ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതു കാരണമാണ് അവർ എനിക്കു അയച്ചതും ഞാൻ forward ചെയ്തതും. അതു വ്യാജമാണെന്നു ബോധ്യമായപ്പോൾ ബന്ധപ്പെട്ടവർ പൊലീസിൽ പരാതിയും നൽകി. ഇതിൽ ഒന്നും ഒളിച്ചു വെക്കാനില്ല.'- ഷീന ഷുക്കൂർ പറഞ്ഞു.

'ഞാൻ ഏതെങ്കിലും മാഫിയയുടെ ഭാഗമാകുമെന്നു എന്നെ അറിയുന്ന ഒരാളും വിശ്വസിക്കില്ല. കഴിഞ്ഞ 3 വർഷക്കാലമായി MG Uty യിലെ എന്റെ പ്രവർത്തനങ്ങൾ അതു സാക്ഷ്യപ്പെടുത്തു'മെന്നും അവർ പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മറവിൽ ഒരു വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പ്രവർത്തിക്കുന്നുവെന്നു കണ്ടെത്തുവാൻ കാരണം ഞാൻ കൺട്രോളർക്കു ഫോർവേഡ് ചെയ്ത ഒരു മെസ്സേജാണ്. ഒരു വലിയ വാതിലാണ് തുറന്നത്. തീർച്ചയായും വിശദമായ അന്വേഷണം നടക്കണം. മുഴുവൻ കുറ്റവാളികളും പിടിക്കപ്പെടണം. പൊലീസ് അന്വേഷണത്തിൽ മുഴുവൻ സത്യങ്ങളും പുറത്തു വരട്ടെ. ഉന്നത വിദ്യാഭ്യാസ രംഗത്തെ വലിയ ഒരു മാഫിയെ പുറത്തു കൊണ്ടുവരുവാൻ എന്റെ ഒരു മെസ്സേജിനു സാധിച്ചുവെന്നും ഷീന പ്രതികരിച്ചു.