തൃശൂർ: വെച്ചൂർപ്പശു പരിരക്ഷണത്തിനു മുന്നിട്ടിറങ്ങിയ ഡോ. ശോശാമ്മ ഐപ്പിന് പത്മശ്രീ കിട്ടുമ്പോൾ അത് മൃഗ സംരക്ഷണത്തിനുള്ള രാജ്യത്തിന്റെ അംഗീകാരമാണ്. വംശനാശത്തിന്റെ വക്കിലെത്തിയ വെച്ചൂർപ്പശുക്കളെ തിരികെക്കൊണ്ടുവന്ന ടീച്ചർ. കുട്ടിക്കാലം മുതൽ വെച്ചൂർപ്പശുക്കളെക്കുറിച്ച് അറിയാമായിരുന്നു ടീച്ചറിന്. വീട്ടിൽ വളർത്തിയിരുന്നു. അമ്മയായിരുന്നു പശുവിനെ കറക്കുക. പച്ചപ്പാലായി ഞങ്ങൾക്കു തരും. അങ്ങനെ വെച്ചൂർപ്പശുവിന്റെ പച്ചപ്പാൽ ധാരാളം കുടിച്ചായിരുന്നു വളർന്നത്-ഈ ഓർമ്മകളിൽ നിന്നായിരുന്ന വെച്ചൂർപ്പശുവിനെ തേടിയുള്ള യാത്ര. അത് വെറുതെയുമായില്ല.

രാജ്യത്തെ വെറ്ററിനറി സമൂഹത്തിനും അഭിമാന നിമിഷമാണ് പത്മ 2022 പുരസ്‌കാര പ്രഖ്യാപനം. ഇത്തവണ മൂന്നു വെറ്ററിനറി ഡോക്ടർമാർ പത്മശ്രീ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്. ഡോ. ശോശാമ്മ ഐപ്പിനെ കൂടാതെ മുൻ എൻഡിആർഐ ഡയറക്ടർ ഡോ. മോത്തി ലാൽ മദൻ, ഐസിഎർ ഡയറക്ടർ ജനറൽ ഡോ. എസ്. അയ്യപ്പൻ എന്നിവരും പത്മശ്രീ നേടി. ആസാമിൽനിന്നുള്ള ആനചികിത്സാ വിദഗ്ധൻ ഡോ. കുഷാൽ കോൻവാർ ശർമയ്ക്ക് 2020ൽ പത്മശ്രീ ലഭിച്ചിരുന്നു. നാടൻ കന്നുകാലി ഇനമായ വെച്ചൂർപ്പശുക്കൾ ഇന്ന് കേരളത്തിൽ സജീവമായതിനും അവയ്ക്ക് ബ്രീഡ് പദവി ലഭിച്ചതിനും കാരണഭൂത ശോശാമ്മ ടീച്ചറാണ്.

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ചിന്തിക്കും മുമ്പേ തനത് പശുക്കളുടെ സംരക്ഷണം സ്വപ്നം കണ്ടിരുന്നു, തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജിലെ റിട്ട. പ്രൊഫസർ ഡോ. ശോശാമ്മ ഐപ്പ്. കോളേജിലെ മാഗസിനിൽ കേരളത്തിന്റെ സ്വന്തം പശുക്കളെപ്പറ്റി ലേഖനം തയ്യാറാക്കാനായി തുടങ്ങിയ അന്വേഷണം വെച്ചൂർ പശുവിന്റെ സംരക്ഷണത്തിലേക്ക് നയിച്ചു. കോളേജിലെ ഏതാനും കുട്ടികളോടൊപ്പം തുടങ്ങിയ അന്വേഷണത്തിൽ വെച്ചൂർ പശുക്കൾ നശിക്കുകയാണെന്ന് മനസിലായി. തുടർന്ന് ഒറിജിനൽ വെച്ചൂർ പശുക്കൾക്കായി തെരച്ചിൽ തുടങ്ങുകയായിരുന്നു.

അങ്ങനെ കിട്ടിയ നാലഞ്ച് പശുക്കളെ കോളേജിൽ കൊണ്ടുവന്ന് കുട്ടികളുടെ സഹായത്തോടെ പുലർത്തി. വീണ്ടും അന്വേഷണം തുടർന്നു. കിട്ടിയവയെ വില കൊടുത്തു വാങ്ങി. പശുക്കളുടെ എണ്ണം എട്ടായി. ഇവ പെറ്റുപെരുകി 20 എണ്ണമായി. വെറ്ററിനറി കോളേജിലെ ജെനിറ്റിക്സ് പ്രൊഫസറായിരുന്നു അന്ന് ഡോ. ശോശാമ്മ ഐപ്പ്. കാർഷിക സർവകലാശാലയുടെ സഹായം കൊണ്ടാണ് വെച്ചൂർ പശുക്കളെ സംരക്ഷിച്ചത്. 2001ൽ തൃശൂർ വെറ്ററിനറി കോളേജിൽ നിന്ന് നാഷണൽ ബ്യൂറോ ഒഫ് അനിമൽ ജനിറ്റിക്സിന്റെ ഡയറക്ടറായി വിരമിച്ചു.

വെച്ചൂർ പശു വംശനാശത്തിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും സംരക്ഷിക്കണമെന്നു തോന്നി. അങ്ങനെയാണ് 1989ൽ വെച്ചൂർപ്പശു പരിരക്ഷണ പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. കൂടെയുണ്ടായിരുന്ന വെറ്ററിനറി വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയുമെല്ലാം പിന്തുണയും പരിശ്രമവും ടീച്ചറിനെ വിജയപഥത്തിലെത്തിച്ചു. അന്ന് വെച്ചൂർ പശു ഒരിടത്തും കിട്ടാനില്ലായിരുന്നു. പക്ഷേ ടീച്ചർ പ്രതീക്ഷ കൈവിട്ടില്ല. അന്വേഷണം തുടർന്നു.

ഏറെ ശ്രമകരമായിരുന്നു. ഒരിടത്തും കിട്ടാനില്ലാത്ത അവസ്ഥ. ആരോടു ചോദിച്ചാലും പശു ഇല്ല എന്ന മറുപടി മാത്രം. നാരായണ അയ്യർ പറഞ്ഞതനുസരിച്ച് മനോഹരന്റെ വീട്ടിലെത്തി. അവർക്ക് പശുക്കളെ ഞങ്ങൾക്കു തരാൻ മനസുണ്ടായിരുന്നില്ല. കാരണം, അവരുടെ മൂത്ത കുട്ടി ഉണ്ടായപ്പോൾ കുട്ടിക്ക് പാൽ നൽകുന്നതിനായി മനോഹരന്റെ ഭാര്യ മേദിനിയുടെ വീട്ടിൽനിന്നു കൊടുത്ത പശുവായിരുന്നു അത്. കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയപ്പോൾ വില പോലും പറയാതെ മനോഹരൻ ഞങ്ങൾക്കു തരികയായിരുന്നു-ആദ്യ പശുവിനെ കിട്ടിയത് ഇങ്ങനെയാണ്.

അതിന് ശേഷവും പശുവിനായുള്ള അന്വേഷണം തുടർന്നു. പിന്നീട് ഐമനത്തുനിന്ന് സാമാന്യം തരക്കേടില്ലാത്ത രണ്ടെണ്ണത്തിനെ കിട്ടി. വീണ്ടും അന്വേഷണം തുടർന്നു. ഒടുവിൽ പട്ടിമറ്റത്തുനിന്ന് എല്ലാ ലക്ഷണങ്ങളുമൊത്ത ഒരു കാളയെ കിട്ടി. അങ്ങനെയാണ് പ്രജനന പദ്ധതി ആരംഭിക്കുന്നത്. അത് വിജയവുമായി. യൂണിവേഴ്‌സിറ്റിയുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞതെന്നും ടീച്ചർ പറയുന്നു. വെച്ചൂർപ്പശു പരിരക്ഷണ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോൾ അന്ന് ഇന്ത്യയിൽ 26 അംഗീകൃത കന്നുകാലി ജനുസുകളുണ്ടായിരുന്നു. കേരളത്തിൽനിന്ന് ഒരു ബ്രീഡ് പോലും ഉണ്ടായിരുന്നില്ല. ഇവയെ എങ്ങനെയെങ്കിലും ബ്രീഡ് ആക്കി എടുക്കണം എന്നുള്ളതുകൊണ്ട് കൂടുതൽ പഠനങ്ങൾ നടത്തി. ഒടുവിൽ വെച്ചൂർപ്പശു കേരളത്തിന്റെ സ്വന്തം ബ്രീഡ് ആയി മാറി.

മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ച, ഇപ്പോളും തുടർന്നുപോരുന്ന ദൗത്യത്തിലൂടെ ഡോ. ശോശാമ്മ ഐപ്പ് എന്ന ശോശാമ്മ ടീച്ചർ മലയാളിയുടെ അഭിമാനമാ.ി മാറി. ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചെങ്കിലും വെച്ചൂർ പശുക്കളുടെ വംശശുദ്ധി ഉറപ്പുവരുത്തുന്നതിനും സംരക്ഷണ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനുമായി ശോശാമ്മ ടീച്ചറുടെ നേതൃത്വത്തിൽ വെച്ചൂർ പശു കൺസർവേഷൻ ട്രസ്റ്റ് ഇന്ന് സജീവമായി രംഗത്തുണ്ട്.

വെച്ചൂർപ്പശുക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചതു മുതലുള്ള വിവരങ്ങൾ പങ്കുവച്ച് ടീച്ചർ എഴുതിയ 'വെച്ചൂർപ്പശു പുനർജന്മം' എന്ന പുസ്തകം ഈ മാസം ആദ്യം കോട്ടയത്ത് പ്രകാശനം ചെയ്തു. 1989ൽ ഡോ. ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തിൽ ഒരു പറ്റം യുവ ഡോക്ടർമാർ വെച്ചൂർപ്പശുക്കൾക്കായി ഇറങ്ങിത്തിരിച്ചപ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നു. കർഷകനായ നാരായണ അയ്യർ വഴി മനോഹരൻ എന്ന വ്യക്തിയുടെ വീട്ടിൽനിന്ന് ലക്ഷണമൊത്ത ഒരു വെച്ചൂർ പശുവിനെ ലഭിച്ചതു മുതൽ വെച്ചൂർപ്പശു സംരക്ഷണ ദൗത്യം ആരംഭിക്കുകയായിരുന്നു.

പത്മശ്രീക്ക് മുമ്പ് ലോക ഭക്ഷ്യകാർഷിക സംഘടനയുടെയും (എഫ്.എ.ഒ.), ഐക്യരാഷ്ട സംഘടനയുടെ വികസന പ്രോജക്ടിന്റെയും (യു.എൻ.ഡി. പി.) അംഗീകാരങ്ങൾ ലഭിച്ചു ടീച്ചറിന്. മണ്ണുത്തിയിൽ ഇന്ദിരാനഗറിലാണ് താമസിക്കുന്നത്. പരേതനായ എബ്രഹാം വർക്കി (റിട്ട. പ്രൊഫസർ, കാർഷിക സർവകലാശാല)യാണ്. ഡോ. മിനിയും ജോർജുമാണ് മക്കൾ.