തൃശൂർ: ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ വനിതാ ഡോക്ടറുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല. തുഷാരയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നു ഫൊറൻസിക് വിദഗ്ദ്ധർ സൂചന നൽകി. ഓടുന്ന ട്രെയിനിൽ നിന്നു സ്വഭാവികമായി വീഴുമ്പോൾ കാണുന്ന ലക്ഷണങ്ങളല്ല മുറിവുകൾക്കുള്ളതെന്നാണു കണ്ടെത്തൽ.

നെറ്റിക്കുമുകളിലും താടിയിലും ആഴത്തിൽ രണ്ടു മുറിവുകളുണ്ട്. സാധാരണ ട്രെയിനിൽ നിന്നു വീഴുമ്പോൾ ഇത്തരം മുറിവുണ്ടാവാറില്ല. ആരെങ്കിലും ബലമായി തള്ളിയിടുമ്പോഴോ സ്വയം ചാടുമ്പോഴോ സംഭവിക്കാവുന്ന മുറിവുകളാണിവ. അതുകൊണ്ട് തന്നെ മരണം ആത്മഹത്യോ കൊലപാതകമോ ആണെന്നാണ് ഫൊറൻസിക് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. അപകടമരണമാവാൻ സാധ്യത കുറവാണെന്ന നിലപാടിലാണു പൊലീസും. അതുകൊണ്ട് തന്നെ വിശദ അന്വേഷണം നടത്തും.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പത്തനംതിട്ട കൂടൽ സ്വദേശി ഡോ. അനൂപിന്റെ (ഭാരത് ക്‌ളിനിക്) ഭാര്യ ഡോ. വി. തുഷാരയെ ആണു റയിൽവേ ട്രാക്കിനരികിൽ ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പോട്ടോർ റയിൽവേ ഗേറ്റിനു സമീപം ട്രാക്കിനരികിൽ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ ഡോ. തുഷാര മൂന്നു മക്കളും സഹായിയായ ഹോം നഴ്‌സുമായി മലബാർ എക്സ്‌പ്രസിൽ കണ്ണൂരിലേക്കു പോകുമ്പോഴാണു ദുരന്തം.

ആറാം ക്‌ളാസ് വിദ്യാർത്ഥിയായ കാളിദാസും രണ്ടിൽ പഠിക്കുന്ന വൈദേഹിയും രണ്ടുവയസുകാരൻ വൈഷ്ണവും അമ്മ ട്രെയിനിൽ നിന്നു വീണതറിയാതെ ദീർഘദൂരം യാത്രചെയ്തു. ഇതും ദുരൂഹത കൂട്ടുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യയാകാൻ സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. ആരെങ്കിലും ്‌ട്രെയിനിൽ നിന്ന് തള്ളിയിടാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് അന്വേഷണം.

ഷൊർണൂർ സ്റ്റേഷനോടടുത്തപ്പോഴാണ് അമ്മ കൂടെയില്ലെന്ന വിവരം സഹായിയെയും സഹയാത്രികരെയും കുട്ടികൾ അറിയിക്കുന്നത്. അവർ റയിൽവേ അധികൃതരെ വിവരമറിയിച്ചു. കുട്ടികളിൽ നിന്നു ബന്ധുക്കളുടെ ഫോൺ നമ്പർ വാങ്ങി വിളിച്ച് കുട്ടികളെ സുരക്ഷിതമായി ബന്ധുക്കൾക്കു കൈമാറാനും സഹയാത്രികർ സഹായികളായി.

മലബാർ എക്സ്പ്രസിൽ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നിന്നു കണ്ണൂരിലെ വീട്ടിലേക്കുള്ള അമ്മയുടെയും മൂന്നുമക്കളുടെയും രാത്രിയാത്രയാണു ദുരന്തത്തിൽ കലാശിച്ചത്. ഭർത്താവ് അനുപ് മുരളീധരനാണ് ഇവരെ ചെങ്ങന്നൂരിൽനിന്നു ട്രെയിൻ കയറ്റിവിട്ടത്. തുഷാരയും മക്കളായ കാളിദാസനും, വൈദേഹിയും, വൈഷ്ണയും ഇവരുടെ സഹായിയായ സ്ത്രീയും റിസർവേഷൻ കോച്ചിലാണു കയറിയത്. ട്രെയിനിൽ കയറിയതും തുഷാരയും മക്കളും ഉറങ്ങാൻകിടന്നു.

പിറ്റേന്നു പുലർച്ചെ രണ്ടരയോടെ ഉറക്കമേഴുന്നറ്റ കുട്ടികളാണ് തുഷാരയെ കാണാനില്ലെന്ന് ആദ്യമറിഞ്ഞത്. അമ്മയെ കാണാതായതോടെ മൂവരും കരഞ്ഞുനിലവിളിച്ചു. മറ്റു കോച്ചുകളിലും ശുചിമുറികളിലുംവരെ സഹയാത്രികർ തെരഞ്ഞെങ്കിലും തുഷാരയെ കണ്ടെത്തിയില്ല. ഇതോടെ മൂത്ത കുട്ടികളായ കാളിദാസനും വൈദേഹിയും യാത്രക്കാർക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. അവരടെ കരച്ചിൽ കണ്ട് രണ്ടര വയസുള്ള ഇളയക്കുട്ടി വൈഷ്ണയും ഒന്നുമറിയാതെ തേങ്ങി.

യാത്രക്കാർ കുട്ടികളുടെ കൈയിൽനിന്നും കണ്ണൂരിലെ ബന്ധുവിന്റെ നമ്പർ വാങ്ങി അവരെ വിളിച്ചു. ട്രെയിൻ കണ്ണൂരിൽ എത്തിയതോടെ ബന്ധുക്കളെത്തി കുട്ടികളെ ഏറ്റുവാങ്ങി. ഇതിനിടെ തൃശൂർ പോട്ടോരിൽ റെയിൽവേ ട്രാക്കിനു സമീപത്ത് സ്ത്രീയുടെ മൃതദേഹം ലഭിച്ചതായി റെയിൽവേ പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് റെയിൽവേ പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം തുഷാരയുടേതാണെന്ന് സ്ഥിരീകരിച്ചു. കോന്നി കല്ലേലി ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണു തുഷാര.