ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ രാഷ്ട്രപതിയായി ഗോത്ര വർഗത്തിൽ നിന്നൊരാൾ തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. തന്ത്രപരമായ നീക്കമാണ് ബിജെപി നടത്തിയത്. ദ്രൗപദി മുർമുവിലൂടെ ജയം ഉറപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 50ാം വർഷത്തിലാണു പട്ടിക വിഭാഗത്തിൽനിന്നുള്ള കെ.ആർ.നാരായണൻ രാഷ്ട്രപതിയായത്. 75-ാം വർഷത്തിൽ ഗോത്ര വർഗത്തിലെ വനിതയും രാഷ്ട്രപതിയായി.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആധികാരിക ജയം ഉറപ്പാക്കാൻ എൻഡിഎക്കു പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണ കൂടി വേണ്ടിയിരുന്ന സാഹചര്യത്തിലാണ് ഒഡിഷയിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ രംഗത്തിറക്കിയ നിർണായക നീക്കം ഉണ്ടായത്. ഒഡീഷ ഭരിക്കുന്ന ബിജു ജനതാദളിന്റെയും മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെയും ഉറച്ച പിന്തുണ കൂടി ഇതിലൂടെ കിട്ടി. ബിജെപിയുമായി സഹകരിക്കാൻ മടിക്കാത്ത രാഷ്ട്രീയ പാർട്ടിയാണ് ബിജെഡി. അതുകൊണ്ട് തന്നെ ദ്രൗപദി മുർമുവിലൂടെ ബിജെപിക്ക് പിന്തുണ അനായാസം ഉറപ്പാക്കാനായി.

ഒഡീഷയിൽ ബിജു ജനാതാദൾ.... ആന്ധ്രയിൽ ജഗ്‌മോഹൻ റെഡ്ഡി.... പഞ്ചാബിൽ അകാലിദൾ.... മഹാരാഷ്ട്രയിൽ ശിവസേനയിലെ ഷിൻഡാ വിഭാഗവും. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനു പിന്തുണയുമായി ശിരോമണി അകാലിദളും എത്തുമ്പോൾ ബിജെപിയുടെ രാഷ്ട്രീയ നീക്കം വലിയ വിജയമായി. വൻഭൂരിപക്ഷത്തിൽ മുർമു ജയിക്കുമെന്ന് ഉറപ്പായിരുന്നു. മഹാരാഷ്ട്രയിലെ ഓപ്പറേഷൻ താമരയുടെ വിജയവും യുപിയിലെ ഉപതെരഞ്ഞെടുപ്പ് വിജയങ്ങളും ബിജെപിക്ക് രാഷ്ട്രീയ കരുത്ത് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പ്രാദേശിക പാർട്ടികൾ മുർമുവിന് പിന്തുണയുമായി എത്തുന്നത്.

ഇലക്ട്രൽ കോളേജിൽ മുർമുവിനെ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള വോട്ട് ബിജെപിക്കുണ്ടായിരുന്നില്ല. ബീഹാറിലെ നിതീഷ് കുമാറിനെ അടർത്തി മാറ്റി ബിജെപി മുന്നണിയെ തകർത്ത് പ്രതിപക്ഷ സ്ഥാനാർത്ഥിയെ ജയിപ്പിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു കോൺഗ്രസ്. ഇതിന് എൻസിപി നേതാവ് ശരത് പവാറിനെ ചുമതലപ്പെടുത്തി. ഇതിനിടെയാണ് മഹാരാഷ്ട്രയിൽ സേനാ സർക്കാരിനെ പുറത്താക്കുന്ന നീക്കം തുടങ്ങിയത്. ഇത് ദേശീയ രാഷ്ട്രീയത്തിൽ പോലും ഞെട്ടലുണ്ടായി. ഇതിന് പിന്നാലെ എല്ലാം മുർമുവിന് അനുകൂലമായി. ഉത്തർപ്രദേശിൽ ബിഎസ് പിയും മായാവതിയും മുർമുവിന് ഒപ്പമായി.

മോദിയുമായി അടുപ്പം കാത്ത മുർമു

മുർമുവിന്റെ വസതിയിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. അടിസ്ഥാനവർഗ ജനവിഭാഗത്തിന്റെ പ്രതീക്ഷയാണ് മുർമുവെന്നും മുന്നിൽ നിന്ന് നയിച്ച് രാജ്യത്തെ അവർ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദിയുമായും ആർഎസ്എസ് നേതൃത്വവുമായും എൻഡിഎ ഘടകകക്ഷി നേതാക്കളുമായും മികച്ച ബന്ധം പുലർത്തുന്ന വ്യക്തിയാണ് ദ്രൗപദി മുർമു.

20 വർഷത്തിലേറെയായി പൊതുരംഗത്തുള്ള അവർ മുൻപ് ഒരിടവേള അദ്ധ്യാപികയായും പ്രവർത്തിച്ചു. ഭരണപാടവവും ജനകീയതയുമാണ് ദ്രൗപദി മുർമുവിന്റെ മുഖമുദ്രകൾ. ഝാർഖണ്ഡിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ ഗവർണറായ മുർമു നേതൃ ശേഷിയുടെയും സംഘാടന സാമർഥ്യത്തിന്റെയും പടവുകളിലൂടെയാണ് രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തിയത്.

ഓഗസ്റ്റ് 15ന് രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിതാ രാഷ്ട്രപതിയെ അവതരിപ്പിക്കുക എന്ന വേറിട്ട രാഷ്ട്രീയ നയചാതുര്യത്തിനും ഈ നീക്കത്തിലൂടെ ബിജെപിക്കായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ തീരുമാനം എടുത്തത്. ബിജെപിയിലെ ഉന്നത നേതാക്കൾ പോലും അവസാന നിമിഷമാണ് തീരുമാനം അറിഞ്ഞത്.

ആദ്യ ഗോത്ര വർഗ രാഷ്ട്രപതി

വിജയത്തോടെ ആദ്യത്തെ ഗോത്ര വർഗ വനിതാ ഗവർണറെന്നതിനൊപ്പം, ആദ്യ ഗോത്രവർഗ രാഷ്ട്രപതി എന്ന സവിശേഷതയും ദ്രൗപദിക്കു സ്വന്തമായി. ഇക്കഴിഞ്ഞ 20ന് 64 വയസ്സു തികഞ്ഞ ദ്രൗപദിക്കു വൈകി വന്ന പിറന്നാൾ സമ്മാനമായിരുന്നു രാഷ്ട്രപതി സ്ഥാനാർത്ഥിത്വം. സാമൂഹിക സേവനത്തിലും നിർധന ശാക്തീകരണത്തിലും താൽപര്യമെടുക്കുന്ന ദ്രൗപദി, ഗവർണർ പദവിയിലുൾപ്പെടെ ഭരണപരമായ മികവു തെളിയിച്ചിട്ടുണ്ടെന്നും മികച്ച രാഷ്ട്രപതിയായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.

ലളിത സുന്ദര ജീവിതം

ദ്രൗപദിയുടെ ജന്മനാടായ ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഉപർബേദയിൽ വൈദ്യുതിയും നല്ല റോഡും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെത്തിയതു രണ്ടായിരമാണ്ടിനു ശേഷമാണ്. ദ്രൗപദിയുടെ പിതാവ് ബിരാൻചി നാരായൺ ടുഡു മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധാലുവായിരുന്നു. ദ്രൗപദി, ഭുവനേശ്വർ രമാദേവി വിമൻസ് കോളജിൽ നിന്നും ബിരുദം നേടി. രായിരനഗ്പുർ അരവിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച് എന്ന സ്ഥാപനത്തിൽ കുറച്ചു കാലം അദ്ധ്യാപികയായിരുന്നു. പിന്നീടു സംസ്ഥാന ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി.

1997ൽ രായിരനഗ്പുർ നഗർ പഞ്ചായത്ത് കൗൺസിലറായാണു രാഷ്ട്രീയജീവിതം തുടങ്ങിയത്. 2000ലും 2004ലും രായിരനഗ്പുർ എംഎൽഎയായി. 2000ത്തിൽ ഒഡീഷയിൽ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ നവീൻ പട്‌നായിക് മന്ത്രിസഭയിൽ 2006-09 കാലത്ത് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. മികച്ച എംഎൽഎയ്ക്കുള്ള 'പണ്ഡിറ്റ് നീലകണ്ഠ പരസ്‌കാരം' 2007ൽ ലഭിച്ചു. ജില്ല മുതൽ ദേശീയ തലം വരെ ബിജെപി ഭാരവാഹിയായി. 2015 ൽ ജാർഖണ്ഡ് ഗവർണറായി.പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്. രണ്ട് ആൺമക്കളും ഒരു മകളുമായിരുന്നു മുർമുവിന്. ഇതിൽ ആൺമക്കൾ മരിച്ചു.

2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻഡിഎ സ്ഥാനാർത്ഥി പരിഗണനാ പട്ടികയിൽ ദ്രൗപദി മുർമു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവർഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്.