പത്തനംതിട്ട: പവിത്രവും പുണ്യവുമെന്ന് കരുതപ്പെടുന്ന അയ്യപ്പന്റെ പൂങ്കാവനത്തിൽ സകലമര്യാദകളും ലംഘിച്ച് പൊലീസുകാരന്റെയും ദേവസ്വം കരാറുകാരുടെയും തോന്ന്യാസം.

മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം കുഴപ്പമില്ലാതെ അവസാനിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാൻ പമ്പയിൽ നടന്ന മദ്യസൽക്കാരത്തിനിടെ എഎസ്ഐയെ കരാറുകാർ പൊതിരെ തല്ലി. നിലത്തിട്ടു ചവിട്ടി. ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്തു.

പൊലീസിനും സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ എഎസ്ഐയെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനം. പമ്പയിൽ ഒത്തുകൂടിയ കരാറുകാരും പൊലീസ് ലെയ്‌സൺ ഓഫീസറും മരാമത്ത് ഓഫീസിൽ നടത്തിയ മദ്യസൽക്കാരമാണ് കൈയാങ്കളിയിൽ കലാശിച്ചത്. നട അടയ്ക്കുന്നതിന് തലേന്ന് രാത്രിയിലാണ് സംഭവം.

പമ്പയിൽ ലെയ്‌സൺ ഓഫീസറായി നിയമിതനായ കോന്നി സ്‌റ്റേഷനിലെ എഎസ്ഐ ഷാജിയാണ് കരാറുകാർക്കൊപ്പം പമ്പാ മരാമത്ത് ഓഫീസിൽ കൂട്ടായ്മയിൽ പങ്കെടുത്തത്. ഇതിനിടെ എഎസ്ഐ മദ്യപിക്കുന്ന രംഗം കരാറുകാരിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി. മദ്യം തലയ്ക്ക് പിടിച്ചതോടെ പൊലീസുകാരന്റെ തനി സ്വഭാവം എഎസ്ഐ പുറത്തെടുത്തു.

രംഗം പകർത്തിയ കരാറുകാരന്റെ നേർക്ക് എഎസ്ഐ പാഞ്ഞടുത്തതോടെ ഉന്തും തള്ളുമായി. ഒടുവിൽ ചിത്രം പകർത്തിയ കരാറുകാരൻ എഎസ്ഐയെ പൊതിരെ തല്ലി. തല്ലുകൊണ്ട് താഴെവീണ എഎസ്ഐ വിവരം എസ്‌പി.യെ അറിയിച്ചു. നിജസ്ഥിതി അറിയാൻ പമ്പാ എസ്.ഐയെ എസ്‌പി നിയോഗിക്കുകയുംചെയ്തു. എസ്.ഐ നടത്തിയ അന്വേഷണത്തിലാണ് എഎസ്ഐയുടെ മദ്യപാനം പുറത്തായത്.

ദേവസ്വം കരാറുകാരനെതിെര പൊലീസ് കേസെടുത്തു. എഎസ്ഐക്കെതിരെ പമ്പാ സി.ഐ ജി. സന്തോഷ്‌കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. അയ്യപ്പന്റെ പൂങ്കാവനം മദ്യനിരോധനം നിലനിൽക്കുന്ന സ്ഥലമാണ്. ഇവിടെ മദ്യപിക്കുന്നതും മദ്യപിച്ച് എത്തുന്നതും കുറ്റകരമാണ്. മദ്യപിച്ച നിലയിൽ ഇവിടെയെത്തുന്ന സാധാരണക്കാരെ പൊലീസോ എക്‌സൈസോ പിടികൂടിയാൽ അപ്പോൾ തന്നെ റിമാൻഡ് ചെയ്യുകയാണ് ചെയ്യുന്നത്. ഇവിടെ മദ്യപിച്ചെത്തിയ എഎസ്ഐയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല.

പമ്പയിലും സന്നിധാനത്തും സീസണിലൂം അല്ലാത്തപ്പോഴും കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമിടയിൽ മദ്യപാനം പതിവാണ്. എട്ടുവർഷം മുമ്പ് സന്നിധാനത്തുനിന്ന് നാരങ്ങാനം സ്വദേശിയായ അഭിലാഷ് എന്ന യുവാവിനെ കാണാതായിരുന്നു. അതിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ശ്രീകോവിലിനു തൊട്ടുതാഴെയുള്ള മുറിയിൽ മദ്യപിക്കുന്നതിനിടെ അഭിലാഷിനെ മരാമത്ത് ജീവനക്കാർ മർദിക്കുകയും വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്യുന്നത് കണ്ടുവെന്ന് സാക്ഷിമൊഴിയുണ്ടായിരുന്നു. എന്നാൽ, ഈ കേസിൽ ഇതുവരെ ഒരു തുമ്പുമുണ്ടാക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കോടതി ഇടപെട്ടിട്ടും അന്വേഷണസംഘങ്ങളെ മാറി കൊണ്ടുവരുന്നതല്ലാതെ ഒന്നും നടന്നിട്ടില്ല.