പത്തനംതിട്ട: എല്ലാം സമഭാവനയോടെ കാണുന്ന കലിയുഗവരദനായ അയ്യപ്പസ്വാമിക്ക് മുന്നിൽ പൊലീസിന്റെ ഇരട്ട നീതി. മദ്യമുക്ത/നിരോധിത മേഖലയായ പമ്പയിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത് അഴിഞ്ഞാടിയ എഎസ്ഐക്ക് സസ്‌പെൻഷൻ മാത്രം.

എഎസ്ഐയെ തല്ലിയതിന് പൊതുമരാമത്ത് കരാറുകാരനെ റിമാൻഡ് ചെയ്തു. പമ്പയിൽ എത്തുന്ന ഏതെങ്കിലും ഒരു സാധാരണപൗരനെ അൽപമെങ്കിലും മദ്യം മണത്താൽ അപ്പോൾ തന്നെ പിടികൂടി നിരവധി വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യുന്ന പൊലീസാണ് സഹപ്രവർത്തകനെ രക്ഷിക്കാൻ വേണ്ടി വകുപ്പുതല നടപടി മാത്രവുമായി മുന്നോട്ടു പോകുന്നത്. ഇതിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് ഭക്തരുടെ തീരുമാനം.

മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം കുഴപ്പമില്ലാതെ അവസാനിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാൻ പമ്പയിൽ നടന്ന മദ്യസൽക്കാരത്തിനിടെ എഎസ്ഐയെ കരാറുകാർ പൊതിരെ തല്ലിയത്. നിലത്തിട്ടു ചവിട്ടി. ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്തു. പൊലീസിനും സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ എഎസ്ഐയെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തു. പമ്പയിൽ ഒത്തുകൂടിയ കരാറുകാരും പൊലീസ് ലെയ്‌സൺ ഓഫീസറും മരാമത്ത് ഓഫീസിൽ നടത്തിയ മദ്യസൽക്കാരമാണ് കൈയാങ്കളിയിൽ കലാശിച്ചത്. നട അടയ്ക്കുന്നതിന് തലേന്ന് രാത്രിയിലാണ് സംഭവം.

പമ്പയിൽ ലെയ്‌സൺ ഓഫീസറായി നിയമിതനായ കോന്നി സ്റ്റേഷനിലെ എഎസ്ഐ ഷാജിയാണ് കരാറുകാർക്കൊപ്പം പമ്പാ മരാമത്ത് ഓഫീസിൽ കൂട്ടായ്മ നടത്തിയത്. ഇതിനിടെ എഎസ്ഐ മദ്യപിക്കുന്ന രംഗം കരാറുകാരിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി. മദ്യം തലയ്ക്ക് പിടിച്ചതോടെ പൊലീസുകാരന്റെ തനി സ്വഭാവം എഎസ്ഐ പുറത്തെടുത്തു. രംഗം പകർത്തിയ കരാറുകാരന്റെ നേർക്ക് എഎസ്ഐ പാഞ്ഞടുത്തതോടെ ഉന്തും തള്ളുമായി. ഒടുവിൽ ചിത്രം പകർത്തിയ കരാറുകാരൻ എഎസ്ഐയെ പൊതിരെ തല്ലി.

തല്ലുകൊണ്ടു താഴെവീണ എഎസ്ഐ വിവരം എസ്‌പി.യെ അറിയിച്ചു. നിജസ്ഥിതി അറിയാൻ പമ്പാ എസ്.ഐയെ എസ്‌പി നിയോഗിക്കുകയുംചെയ്തു. എസ്.ഐ നടത്തിയ അന്വേഷണത്തിലാണ് എഎസ്ഐയുടെ മദ്യപാനം പുറത്തായത്. ദേവസ്വം കരാറുകാരനെതിരെ പൊലീസ് കേസെടുത്തു റിമാൻഡ് ചെയ്തു. എഎസ്ഐയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം മണ്ണന്തല സ്വദേശി സുരേന്ദ്രനെയാണ് പൊലീസ് അറസ്റ്റ ്‌ചെയ്ത് റിമാൻഡ് ചെയ്തത്. കുറ്റക്കാരനായ എഎസ്ഐയ്‌ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്റെ ബന്ധുക്കൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

മദ്യനിരോധന മേഖലയായ പമ്പയിൽ മദ്യം കൊണ്ടുവരുന്നതും അവിടെ വച്ചു കുടിക്കുന്നതും ശിക്ഷാർഹമാണ്. അതേസമയം, മറ്റെവിടെ നിന്നെങ്കിലും മദ്യപിച്ച് ഇവിടെ വന്നിറങ്ങിയാൽ കേസ് എടുക്കാൻ വകുപ്പില്ല. എന്നാൽ, ഇങ്ങനെ വരുന്നവരെ മറ്റു വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പിടികൂടി റിമാൻഡ് ചെയ്യുന്നത്. പിടികൂടുന്നത് മദ്യപിച്ചുവെന്ന് പറഞ്ഞാണെങ്കിലും റിമാൻഡ് വരുമ്പോൾ അത് നിലനിൽക്കാത്തതിനാൽ വേറെയെന്തെങ്കിലും വകുപ്പുകൾ ചുമത്തും. എന്നാൽ, ഇവിടെ എഎസ്ഐയുടെ കാര്യത്തിൽ നടന്നിരിക്കുന്നത് വ്യക്തമായ നിയമലംഘനമാണ്.

പമ്പയിൽ മദ്യം കൊണ്ടുവന്ന് മരാമത്ത് ഓഫീസിൽ ഇരുന്നു കഴിക്കുമ്പോഴാണ് തമ്മിൽ തല്ലുണ്ടായത്. ഇതിന്റെ പേരിൽ പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാം. അതിന് പൊലീസ് തയാറായിട്ടില്ല. അയാൾക്കെതിരേ വകുപ്പുതല നടപടി എടുത്തുവെന്നാണ് പമ്പ സി.ഐ അടക്കമുള്ളവർ പറയുന്നത്. നിരോധിത മേഖലയിൽ മദ്യപിച്ചതിന് എന്തുകൊണ്ട് പൊലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യത്തിൽനിന്ന് ഇവർ ഒഴിഞ്ഞു മാറുകയാണ്.