തൃശൂർ: സായിയിലെ പെൺകുട്ടികളിൽ ചിലർ ബിയർ കുടിച്ചത് കണ്ടുപിടിച്ചതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കാൻ തുനിഞ്ഞതെന്നു് ജീവനക്കാർ പറയുന്നു. പീഡനം മൂലമാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ ആരോപിക്കുന്നതിനെ പ്രതിരോധിക്കാൻ പറയുന്ന മൊഴിയാവാം ഇതെങ്കിലും ഈ സംഭവത്തിലും ബിയർ കടന്നു വന്നു. 

സംസ്ഥാനത്ത് പെൺകുട്ടികളടക്കമുള്ള പുതുതലമുറയിൽ മദ്യപാനം വർദ്ധിച്ചു വരുന്നതായാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. ബാറുകൾ പൂട്ടി ബിവറേജിന്റെ പുതിയ ഔട്ട്‌ലെറ്റുകൾ തുറന്ന് മദ്യപാനം സർക്കാർ ചെലവിലാക്കുന്ന സർക്കാറിന് ഇനി ആശ്വസിക്കാം. . സംസ്ഥാനത്ത് പുരുഷന്മാരിൽ 31 ശതമാനം പേരും നല്ല മദ്യപാനികളാണ്. വിശേഷങ്ങൾക്കും മറ്റും പൂസാകുന്നവരുടേയും രഹസ്യമായി മദ്യപിക്കുന്നവരുടേയും കണക്കുകൾ ഇതിൽ പെടില്ല.

'ആണുങ്ങളെപ്പോലെ' നാലുപേരറിഞ്ഞ് മദ്യപിക്കുന്നവരുടെ കണക്കു മാത്രം ഇത്രയധികം വരുമ്പോൾ രഹസ്യമായി മദ്യപിക്കുന്നവരുടേയും കൃത്യമായ കണക്കെടുത്താൽ ഇത് അമ്പതു ശതമാനത്തിനടുത്തു വരുമെന്നാണു പഠനം. 31 ശതമാനം പുരുഷന്മാർ സ്ഥിരം മദ്യപാനികളായപ്പോൾ സ്ത്രീകൾ മൂന്നു ശതമാനം പേർ ഇതു ശീലമാക്കി കഴിഞ്ഞു. ഇവരും വീടിനകത്തോ പാർട്ടിയിലോ പോയി നാലുപേരറിഞ്ഞു മദ്യപിക്കുന്നവരാണ്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങിയും രഹസ്യമായും മദ്യപിക്കുന്നവരുടെ കണക്കു നോക്കിയാൽ ഇതു വർദ്ധിക്കും.

ബാറുകൾ പൂട്ടിയ ശേഷം പുരുഷന്മാർ മദ്യപാനം വീട്ടിലേക്കും തുറന്ന പറമ്പുകളിലേക്കു മാറ്റിയതു സ്ത്രീകളിലെ മദ്യപാനശീലം വർദ്ധിപ്പിക്കും. ബാറുകൾ പൂട്ടിയ ശേഷം ബിയർ, വൈൻ പാർലറുകൾ അനുവദിച്ചതു മൂലം വീര്യം കുറഞ്ഞ മദ്യം ലഭിക്കുന്നതും സ്ത്രീകളിൽ മദ്യപാനം കൂട്ടുമെന്നാണ് പഠനം. ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫോർമേഷൻ സെന്റർ(അഡിക്) ഇന്ത്യ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.

സംസ്ഥാനത്ത് ആറു ലക്ഷത്തോളമാണ് സ്ഥിരം മദ്യപാനികൾ. ഇതിൽ 1.10 ലക്ഷത്തോളം മദ്യത്തിൽനിന്നു മുക്തി നൽകാനുള്ള അടിയന്തിര ചികിത്സ നൽകേണ്ട നിലയിലുള്ളവരാണ്. മദ്യപാനരോഗങ്ങളും ഏറ്റവുമധികം കേരളത്തിലാണ്. മദ്യപാനം വർദ്ധിക്കാൻ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ടി.വി.ഷോകളിലും സിനിമകളിലും കാണുന്ന, മദ്യപാനത്തെ മഹത്വവത്ക്കരിക്കുന്ന ദൃശ്യങ്ങളാണ്. മദ്യപാനരംഗം കാണിക്കുമ്പോൾ പ്രദർശിപ്പിക്കേണ്ട നിയമപരമായ വിലക്ക് കണ്ണിൽ പെടാത്ത വിധത്തിലാണ് ഇവയിൽ കാണിക്കുന്നത്.

പുകവലിക്കെതിരെ പ്രദർശിപ്പിക്കുന്ന, വലിയ വില കൊടുക്കേണ്ടി വരും... എന്ന വിധത്തിലുള്ള പരസ്യങ്ങൾ മദ്യപാനത്തിനെതിരെ കാണിക്കാറുമില്ല. വിവാഹമായാലും മരണമായാലും അടിയന്തിരമായാലും പരീക്ഷ ജയിച്ചാലും തോറ്റാലും കുട്ടി പിറന്നാലും പിറന്നാളായാലും ഉത്സവമായാലുമൊക്കെ മലയാളിക്ക് കുപ്പി നിർബന്ധമായി കഴിഞ്ഞു. മദ്യപാനികളുടെ നിരക്കിൽ വൻവളർച്ച നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇനി വീടുകൾ തന്നെ ബാറായി മാറുന്ന അവസ്ഥയാണുള്ളത്. പൂസായി വരുന്ന ഭർത്താവും വീട്ടിൽ പൂസായി ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയും ഇവരെ മാതൃകകളാക്കുന്ന മക്കളും വരുന്ന കാലം വിദൂരമല്ല.