തിരുവനന്തപുരം: നെഞ്ചിടിപ്പോടെ കണ്ട ദൃശ്യത്തിനപ്പുറം ഇനി എന്തെന്നു ചിന്തിച്ച മലയാളികളെ മാത്രമല്ല, കടൽ കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിനിമാ പ്രേക്ഷകരെ ട്വിസ്റ്റുകളുടെ ചുഴലിക്കാറ്റിൽ വട്ടംചുറ്റിച്ചെടുത്തു പറത്തിക്കളയുന്നത് പോലെയാണ് ദൃശ്യം 2 എന്ന സിനിമ നൽകുന്ന അനുഭവം.

ദൃശ്യം ഒരു ക്രൈംത്രില്ലർ മാത്രമായിരുന്നെങ്കിൽ അതിന്റെ രണ്ടാംഭാഗം ത്രില്ലർ എന്നതിനപ്പുറം മനുഷ്യാവസ്ഥകളുടെ ചില അപൂർവദൃശ്യങ്ങൾ കൂടി കാട്ടിത്തരുന്നുണ്ട്. അറിയാതെയാണെങ്കിലും ചെയ്തുപോയ ഒരു കുറ്റം അതിൽ കണ്ണിചേർക്കപ്പെട്ട മനുഷ്യരെ, അവരുടെ സ്വപ്നങ്ങളെ, ജീവിതത്തെ എങ്ങനെ വേട്ടയാടുന്നെന്ന് അതു പറഞ്ഞുതരുന്നു. അവിടെവച്ചാണ് ദൃശ്യം 2 ഒരസാധാരണ സിനിമാ അനുഭവത്തിലേക്കു പ്രേക്ഷകരെ നയിക്കുന്നത്.

ഒരു മാസ് എൻട്രി സിനിമയായി ദൃശ്യം 2 സിനിമ കണ്ട ഏവരുടേയും ഇഷ്ടം പിടിച്ചെടുത്തുകഴിഞ്ഞു. പതിവിനു വിപരീതമായി ക്രിട്ടിക്കുകൾ പോലും കയ്യടിയോടെയാണ് ചിത്രം സ്വീകരിക്കുന്നത്. എന്നാൽ ദൃശ്യം ആദ്യ പതിപ്പിൽ സംഭവിച്ച ലോജിക്കില്ലാത്ത ഒട്ടേറെ പിഴവുകളുടെ തുടർച്ച എന്നോണം ദൃശ്യം 2 വിലും പ്രധാനമായ രണ്ടു കാര്യങ്ങളിൽ അബദ്ധം പറ്റിയത് ചർച്ചയാക്കുകയാണ് യുകെയിലെ യു ട്ഊബർ കൂടിയായ മലയാളി നഴ്‌സ് ഷൈനി മോഹനൻ.

സിനിമയെ കുറിച്ചുള്ള നിരവധി ക്രിട്ടിക് റിവ്യൂകൾ പോലും ലോജിക് മാറ്റിവച്ചു വേണം ഈ സിനിമയെ കാണുവാൻ എന്നതാണ് പറയുന്നതെങ്കിലും പടം കണ്ടു കഴിയുമ്പോൾ പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളാണ് ലിറ്റിൽ തിങ്ങ്‌സ് വിഡിയോ വഴി ഷൈനി ചൂണ്ടിക്കാട്ടുന്നത് .

ദൃശ്യത്തിന് വീണ്ടും പാളിയോ ? എന്ന ചോദ്യവുമായാണ് സിനിമയുടെ പാളിച്ചയിലേക്കു വിഡിയോ എത്തുന്നത്. ഒന്നാം ദൃശ്യത്തിൽ സംഭവിച്ച നിർണായകമായ എട്ടു പാകപ്പിഴകൾ പിന്നീട് പ്രേക്ഷകരുടെ കണ്ണിലൂടെ മലയാളി സമൂഹം ചർച്ച ചെയ്ത സാഹചര്യത്തിലാണ് വീണ്ടും പിഴവുണ്ടായത് ചൂണ്ടിക്കാട്ടാൻ താൻ തയാറാകുന്നത് എന്നും ഷൈനി പറയുന്നു.

ആറേഴു വർഷത്തെ കഠിന അധ്വാനം നടത്തിയ സംവിധായൻ ജീത്തു സകല പഴുതും അടച്ചാണ് ദൃശ്യം രണ്ട് പ്രേക്ഷകരിലേക്കു എത്തിച്ചതെങ്കിലും പിഴവുകൾ ഉണ്ടായി എന്നതാണ് രസകരം എന്ന് പറയുന്നു. ചിത്രത്തിൽ പൊലീസ് നായകൻ ജോർജുകുട്ടിയെ കുടുക്കാൻ അതി സാമർഥ്യം കാണിക്കുമ്പോൾ തന്നെ ഏറ്റവും ലളിതമായ കാര്യങ്ങളിൽ നായകന് രക്ഷപെടാൻ അവസരം ഒരുക്കുന്ന തരത്തിൽ വിട്ടുവീഴ്ചകളും അബദ്ധങ്ങളും കാട്ടുന്നത് സാധാരണ സിനിമ പ്രേമികളുടെ സാമാന്യ ബുദ്ധിയെ കൂടി ചോദ്യം ചെയ്യുകയാണ് എന്ന് സമർഥിക്കുകയാണ് തന്റെ ലിറ്റിൽ തിങ്ങ്‌സ് വിഡിയോയിലൂടെ ഷൈനി ചെയ്യുന്നത്.

ഇതിൽ ഏറ്റവും പ്രധാനമായ ഒരു പിഴവായി പ്രേക്ഷകന് തോന്നുന്ന ഒരു കാര്യമുണ്ട്. കഥയുടെ ക്ലൈമാക്‌സിൽ നായകൻ ഒരു പ്രധാന സ്ഥലത്തു ഒരു സുപ്രധാന ഇടപെടൽ നടത്തുന്നു. എന്നാൽ നായകൻ അവിടെയെത്തുന്ന കാര്യങ്ങൾ വേണമെങ്കിൽ പൊലീസിന് മനസിലാക്കവുന്നതേയുള്ളൂ.

നിർണായകമായ ഒരു കേസിൽ പൊലീസ് സംശയ മുനയിൽ നിർത്തുന്ന ആൾ കേസ് അന്വേഷണം സജീവമായ ഘട്ടത്തിൽ, അതും ഇപ്പോൾ കേസ് അന്വേഷണത്തിൽ പൊലീസ് ഡിജിറ്റൽ തെളിവുകളെ പ്രധാനമായി ആശ്രയിക്കുന്ന സമയത്തു നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു? ഇതേക്കുറിച്ചു ഒരു സൂചന പോലും നൽകാതെ പോകുന്നത് സിനിമക്ക് വീണ്ടും മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള ലൂപ്പ് ഹോൾ നിർമ്മിതിയാണോ ? ഏതായാലും ക്ഷമിക്കാവുന്ന പാകപ്പിഴ ആണെങ്കിലും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെയും ജീത്തു നിസാരമായി കാണുന്നുണ്ട് എന്ന് പറയാതെ വയ്യ. തീർച്ചയായും ഒന്നാം ഭാഗത്തിനെ വെല്ലുന്ന രണ്ടാം ഭാഗം എന്ന് പ്രേക്ഷകർ പറഞ്ഞു കഴിഞ്ഞ ഇക്കാര്യം സിനിമ കാണുമ്പോൾ ആർക്കും തോന്നിയേക്കാം.

ഇതുകൂടാതെ മറ്റൊരു കാര്യം കൂടി സിനിമയിൽ വക്തമാകാതെ പോകുകയാണ്. രണ്ടു വർഷമായി പൊലീസ് ജോർജുകുട്ടിയുടെയെയും കുടുംബത്തെയും സദാ നിരീക്ഷിച്ചിട്ടും അവരുടെ നീക്കങ്ങൾ അതേവിധം ഒപ്പിയെടുത്തിട്ടും നിർണായകമായ ഒരു ദിവസം ജോർജ്ജുകുട്ടിയുടെ നീക്കങ്ങൾ പൊലീസ് ശ്രദ്ധിക്കുന്നില്ല എന്നതാണ്.

പൊലീസ് ജോർജുകുട്ടിയെ നിരീക്ഷിച്ചിരുന്നെങ്കിൽ പൊലീസ് സ്റ്റേഷന്റെ തറ മാന്തിയെടുത്ത അസ്ഥി കൂടം പിന്തുടർന്ന് കോട്ടയം വരെ യാത്ര ചെയ്യാൻ കഥാനായകന് കഴിയുമായിരുന്നില്ല. അപ്പോൾ പിന്നെ കഥയില്ലല്ലോ എന്ന ചോദ്യമുണ്ട്. അതെ, കഥയെ കഥയായി തന്നെ നമുക്കു കാണാൻ കഴിയണം. അതിനാൽ ഒരു നല്ല സിനിമയുടെ സന്ദേശമായി കണ്ടു ദൃശ്യം രണ്ടിനെ നെഞ്ചിലേറ്റി ലാളിക്കാം എന്ന് പറഞ്ഞാണ് ഷൈനിയുടെ വിഡിയോ അവസാനിക്കുന്നത്.

ഇത് നൂറുശതമാനം പഴുതടച്ച സിനിമ ആണെന്നല്ല പറയുന്നത്. മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ് തുറന്നുപറയുന്നു. സിനിമ കണ്ടിട്ടുള്ളവർക്കായി ഞാൻ പറയാം. കാണാത്തവർ ഇത് കേൾക്കരുത്.

'100% ലോജിക്ക് വച്ച് ഒരു സിനിയിലും ചെയ്യാൻ പറ്റില്ല. അത് റിയൽ ലൈഫ് പോലെ ആയിപ്പോകും. ലോജിക്കും കുറച്ച് ഫിക്ഷനും കൂടി മിക്‌സ് ചെയ്ത് ആളുകളെ എക്‌സൈറ്റ് ചെയ്തുകൊണ്ടുപോകണം. ഒരു എന്റർടെയ്‌നർ സിനിമ ചെയ്യുമ്പോൾ ഫിലിം മേക്കർ എന്ന രീതിയിൽ ചെയ്യേണ്ടത് അതാണ് അങ്ങനെ ഞാൻ എന്റെ സുഹൃത്തുക്കളായ ചില പൊലീസ് ഉദ്യോഗസ്ഥരുടെയും എന്റെ സുഹൃത്തായ ഫോറൻസിക് സർജൻ ഹിദേഷ് ശങ്കറിന്റെയും സഹായം തേടി.

ഡിറ്റക്ടീവ് സിനിമ തൊട്ട് ഞാൻ അദ്ദേഹവുമായി ഇത്തരം പലകാര്യങ്ങളും ഡിസ്‌കസ് ചെയ്യാറുണ്ട്. എന്റെ ചിന്തകൾ അദ്ദേഹത്തിനു കൊടുത്ത് അതിനെ തേച്ചുമിനുക്കിയാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ജോർജ്കുട്ടിയുടെ ബുദ്ധി വർക്ക് ചെയ്തിരിക്കുന്നത്. പലർക്കും ക്ലൈമാക്‌സിന്റെ കാര്യത്തിൽ അവിശ്വസനീയത തോന്നുന്നുണ്ട്. സത്യത്തിൽ അതിന്റെ ഒരു 80 ശതമാനവും കറക്ടാണ്'. ജിത്തു ജോസഫ് പറയുന്നു.

ഇപ്പോൾ എല്ലാവരും പറയുന്നു ഗ്രിപ്പിങ്ങാണ്, കാണുമ്പോൾ നല്ല ടെൻഷൻ ഉണ്ട് എന്നൊക്കെ. അതാണ് നമുക്ക് വേണ്ടത്. അതാണ് ഒരു സിനിമയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടത്. പ്രധാനപ്പെട്ട ലോജിക് ഇഷ്യൂ വന്നാലും ഈ ഘടകങ്ങൾ അത് ബൈപാസ് ചെയ്തു കളയും. കാരണം ആ ടെംമ്പോ നഷ്ടപ്പെടാൻ പാടില്ല. പക്ഷേ ബേസിക്കായിട്ടുള്ള ലോജിക് നമുക്ക് മെയിന്റെയിൻ ചെയ്യണം. ജിത്തു ജോസഫ് പറയുന്നു.

ഒന്ന് രണ്ടു പ്രശ്‌നങ്ങൾ ഉണ്ട്. നമുക്കറിയാം. ഫോറൻസിക് ഡോക്ടറുമായി സംസാരിച്ചപ്പോൾ ചില കാര്യങ്ങൾ പറഞ്ഞു. പൊലീസും പറഞ്ഞു. ഇതൊക്കെ ഇങ്ങനെയാണ്. ഇതൊക്കെ ഇങ്ങനെയും പറയാം അതിനകത്ത് തെറ്റൊന്നും ഇല്ല എന്നാണ് അവർ പറഞ്ഞത്. ഇത് പൂർണമായിട്ടും തെറ്റാണെന്നല്ല. നിയമം ഇങ്ങനെ ഉണ്ടാവാം പക്ഷേ സാഹചര്യങ്ങൾ അങ്ങനെയല്ല. അതാണ് അതിലെ വ്യത്യാസം. ഈ ഒരു ഏരിയ വന്നപ്പോൾ ചിലർ വിളിച്ചു. തെറ്റാണെങ്കിൽ ക്ഷമിക്കണം, ഇങ്ങനെയൊക്കെയാണോ അവിടെ ചെയ്യുന്നതെന്നൊക്കെയായിരുന്നു സംശയം.

ചിലർ വിമർശിച്ച് തന്നെ എഴുതി. സത്യത്തിൽ മൃതാവശിഷ്ടങ്ങൾ കൊണ്ടുപോകുന്ന രീതി (കാർഡ്‌ബോർഡ് ബോക്‌സ്) അങ്ങനെയാണ്. ഞാൻ ചോദിച്ചു, സീൽ ചെയ്യാറില്ലേ. എനിക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. സീൽ ചെയ്തുകൊണ്ടുപോകണം എന്ന് നിയമം ഉണ്ട്, പക്ഷേ നമ്മൾ അങ്ങനൊന്നും ചെയ്യാറില്ലെന്ന് അവർ പറഞ്ഞു.

'ഈ പറഞ്ഞ സ്ഥലത്ത് പോയി നോക്കി. അവിടെ സിസിടിവി ക്യാമറ ഇല്ല. എന്നിട്ടും ഞാൻ ലാലേട്ടനെക്കൊണ്ട് ഡയലോഗ് പറയിപ്പിച്ചു 'ഇവിടെ ഇല്ല അല്ലേ' . അല്ലെങ്കിൽ ആളുകൾക്ക് ചോദിക്കും അതെന്താ ഇവിടെ ഇല്ലാത്തത് എന്ന്. അതാണ് യാഥാർഥ്യം. എന്നാൽ നമ്മുടെ ഫോറൻസിക് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുമൊക്കെ ഭയങ്കര ബ്രില്യന്റ് ആണ്. പക്ഷേ അവരുടെ കഴിവ് മാത്രമല്ല. സിസ്റ്റം സപ്പോർട്ട് ചെയ്യണം. അതുകൊണ്ടാണ് ഐജി പറയുന്നത്, സിസ്റ്റമിക് സപ്പോർട്ട് ഇല്ലാത്തതുകൊണ്ട് പല കേസുകളും തോറ്റുപോകുന്നുവെന്ന്. ഒരു സാധാരണക്കാരന് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, പെട്ടെന്നൊരു ദിവസം വന്നതല്ലല്ലോ, ഇതിൽ ഇയാളുടെ പ്രിപ്പറേഷൻ എന്നൊരു സാധനം ഉണ്ടല്ലോ അതുകൊണ്ട് ഇത് കൺവിൻസിങ് ആണ് ഒരു കുഴപ്പവും ഇല്ല ധൈര്യമായിട്ട് ജിത്തു പൊയ്ക്കോളൂ' എന്ന് പറഞ്ഞു.

'നമ്മൾ അത്ര എഫർട്ട് എടുത്തു തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്. രണ്ടരമണിക്കൂർ ഒരു ചിത്രം എന്നെ എന്റർടെയ്ൻ ചെയ്‌തോ, എൻഗേജ് ആക്കിയോ എന്നാണ് ഞാൻ സിനിമ കാണുമ്പോൾ ചിന്തിക്കുക. അവിടെ എഡിറ്റിങ്ങിലോ ഫൊട്ടോഗ്രഫിയിലോ പ്രശ്‌നമുണ്ടോ എന്നൊന്നും നോക്കാറില്ല. ടോട്ടാലിറ്റിയിൽ ഞാൻ സിനിമ എൻജോയ് ചെയ്‌തോ, ഞാൻ ഹാപ്പി. ഞാൻ ചെയ്യുന്ന സിനിമകളിലും എന്റെ കാഴ്ചപ്പാട് അതാണ്. അതുകൊണ്ട് അങ്ങനെ പറയുന്നവർ പറഞ്ഞോട്ടെ , അതവരുടെ സ്വാതന്ത്ര്യമാണ്. ഞാൻ അതിനെ മാനിക്കുന്നു'. ജിത്തു ജോസഫ് പറയുന്നു.

തിരക്കഥ വായിച്ചപ്പോൾ ചില ലോജിക്കൽ സംശയം നായകൻ മോഹൻലാലും ഉന്നയിച്ചുവെന്നും ജീത്തു ജോസഫ് നേരത്തെ തുറുന്നുപറഞ്ഞിരുന്നു.

'ഈ ട്രോളുകളും മറ്റും ഞാൻ ആസ്വദിക്കുന്നു. സിനിമ കണ്ട എക്‌സൈറ്റ്‌മെന്റിൽ ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളാണ്. ദൃശ്യം 2 ഇങ്ങനെ ഒരു പോക്കു പോകുന്ന സിനിമയാണെന്ന് ഞാൻ വിചാരിച്ചില്ല. ഒടിടിയിൽ റിലീസ് ചെയ്തതുകൊണ്ടായിരിക്കാം ഇത്രയധികം സ്വീകരണം ലഭിച്ചത്. നൂറിലേറെ രാജ്യങ്ങളിലാണ് ഒരേ സമയത്ത് ചിത്രം റിലീസ് ചെയ്തത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും ആ സ്വീകാര്യത വന്നതാണ് സോഷ്യൽ മീഡിയയിൽ സിനിമ ഇത്രയും തരംഗമായി മാറാൻ കാരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്തായാലും വളരെ സന്തോഷം. സിനിമ സ്വീകരിച്ചതിനും അതിനെ പിന്തുണച്ചതിനും പ്രേക്ഷകരോട് ഞാൻ നന്ദി പറയുന്നു' ജിത്തു ജോസഫ് പറയുന്നു.