കൊച്ചി: ചലച്ചിത്ര ആസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 റിലീസ് ആയി മണിക്കൂറുകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ഏങ്ങും ലഭിച്ച് കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകൻ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

നായകനായി അഭിനയിച്ച ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറയുകയാണ് നടൻ മോഹൻലാൽ. ദൃശ്യം 2ന് നൽകുന്ന സ്‌നേഹവും പിന്തുണയും തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് മോഹൻലാൽ പറയുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ സന്തോഷം താരം പങ്കുവെച്ചത്.

'നിങ്ങളെപ്പോഴും എനിക്ക് നൽകി വരുന്ന സ്‌നേഹവും പിന്തുണയും എനിക്ക് ഏറെ വിലപ്പെട്ടതാണ്.എന്റെ ദൃശ്യം 2 സിനിമയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടും സ്‌നേഹവും എന്നെ ഒരുപാടു സന്തോഷിപ്പിക്കുന്നു. ജോർജുകുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി. ഞങ്ങൾ സംരക്ഷിക്കുന്ന ഈ രഹസ്യങ്ങൾ എന്താണെന്ന് അറിയണമെങ്കിൽ കാണൂ ദൃശ്യം 2 ആമസോൺ പ്രൈം വീഡിയോ ഇന്ത്യയിൽ', മോഹൻലാൽ പറയുന്നു.

2013ലാണ് മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം.