നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ച് കയറി രണ്ട് സ്ത്രീകൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനെ തുടർന്ന് കാർഡ്രൈവറായ 89 കാരനെ അറസ്റ്റ് ചെയ്തു. മാഞ്ചസ്റ്ററിലെ വിത്തിങ്ടൺ കമ്മ്യൂണിറ്റി ഹോസ്പിറ്റലിന് മുന്നിലാണ് നാടിനെ ഞെട്ടിച്ച ദുരന്തമുണ്ടായിരിക്കുന്നത്. ഏതാണ്ട് 80 വയസുള്ള രണ്ട് സ്ത്രീകളാണ് മരിച്ചിരിക്കുന്നത്. ഫോർഡ് ഫോക്കസ് പെട്ടെന്ന് മതിലിൽ ഇടിച്ചതിനെ തുടർന്ന് ഇവർ അതിനിടയിൽ പെട്ട് മരിക്കുകയായിരുന്നു. ഹോസ്പിറ്റലിലെ കാർപാർക്കിന് സമീപത്തെ വാക്ക് വേയിൽ നിൽക്കുന്നവരെയാണ് മരണം തട്ടിയെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്.

കാർ യുടേൺ തിരിയുകയും ബോളാർഡ്സിലും വൈദ്യുതി തൂണുകളിലും ഇടിച്ച് പിന്നീട് ജനക്കൂട്ടത്തിന് നേരെ പാഞ്ഞ് കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. അപകടത്തിൽ പരുക്കേറ്റ സ്ത്രീകളെ സമീപത്തുള്ള ആശുപത്രികളിലേക്ക് ആംബുലൻസിൽ കൊണ്ടു പോയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്ത് മരണത്തിന് വഴിയൊരുക്കിയതിനാണ് 89 കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് പരിശോധനയ്ക്കായി വയോധികന്റെ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കാറിന് കടുത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ രണ്ട് ടയറുകളെങ്കിലും കത്തിപ്പോയിട്ടുണ്ട്.

കാറിന്റെ ഡ്രൈവർ വണ്ടി പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് അപകടമുണ്ടായത്. വയോധികനായ ഡ്രൈവർ കാർ പുറകോട്ടെടുത്ത് പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതാണ് തങ്ങൾ ആദ്യം കണ്ടതെന്നും എന്നാൽ പിന്നീട് ഞൊടിയിടെ അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയുമായിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. അപകടത്തെ തുടർന്ന് നിരവധി പേർ കരയുന്നത് കേൾക്കാമായിരുന്നുവെന്നും ചിലർ അപടത്തിൽ പെട്ട സ്ത്രീകളെ രക്ഷിക്കാനായി പരക്കം പായുന്നത് കാണാമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ഇത് വളരെ ഗുരുതരമായ അപകടമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട ഓഫീസർമാർ എത്ര പേർക്ക് പരുക്കേറ്റുവെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ വൈതെൻഷേവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരു സ്ത്രീയെ മാഞ്ചസ്റ്റർ റോയൽ ഇൻഫേർമറിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഈ അപകടത്തെ കുറിച്ച് എന്തെങ്കിലും വിവരം കൂടുതലായി അറിയുന്നവർ സീരിയസ് കോലിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുമായി 0161 856 4741 എന്ന നമ്പറിൽ ബന്ധപ്പെടാൻ നിർദേശമുണ്ട്.