കൊച്ചി: നമ്മുടെ നിരത്തുകളിൽ ഡ്രൈവർ ഇല്ലാതെ ഓടുന്ന കാറുകൾ സങ്കൽപ്പിക്കാനാകുമോ.?? ഇല്ലെങ്കിൽ വിശ്വസിച്ചേ പറ്റൂ. വർദ്ധിച്ച് വരുന്ന കാർ അപകടങ്ങളും ഡ്രൈവർ ഉറങ്ങുന്നത് കാരണം ഉണ്ടാകുന്ന അപകട മരണങ്ങളും വർദ്ധിച്ച് വരുന്ന വേളയിൽ ഡ്രൈവർ ഇല്ലാത്ത കാറുകളുടെ സാധ്യത കൊക്കൂൺ 2018 ൽ ചർച്ചയായി. രാത്രി യാത്രക്കിടയിൽ ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് അപകടത്തിൽപ്പെട്ട് മരണമടഞ്ഞ ബാലഭാസ്‌കറിന്റേയും മകളുടേയും മരണമേൽപ്പിച്ച് ആഘാതത്തിൽ നിന്നും മലയാളിൽ ഇതുവരെ മോചിതരായിട്ടില്ല.

ഈ സാഹചര്യത്തിലാണ് അപകടങ്ങൾ കുറക്കുന്നതിനും രാത്രിയാത്രകൾക്ക് ഡ്രൈവർമാരെ സഹായിക്കുന്നതിനും ടിസിഎസ് ഗ്ലോബൽ ഹെഡ് റോഷി ജോണിന്റെ ആശയത്തിൽ നിന്നും ഡ്രൈവറില്ലാത്ത കാറുകളെ കുറിച്ചുള്ള ആശയം ഉദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ടിസിഎസ് നിർമ്മിച്ച ഡ്രൈവർ ഇല്ലാത്ത കാർ കോൺഫറൻസിൽ അവതരിപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ഐപിഎസുമായി ഡ്രൈവർ ഇല്ലാത്ത കാർ അൽപ ദൂരം സഞ്ചരിക്കുകയും ചെയ്തു. സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന റോഡപടകങ്ങൾക്ക് പരിഹാരം കാണാൻ ഇത്തരത്തിലുള്ള ടെക്നോളജികൾ ഉപയോഗപ്രദമാകുമെന്ന് ഡിജിപി പറഞ്ഞു.

ഡ്രൈവർ ഇല്ലാതെ കാർ ഓടിക്കുന്നതിനൊപ്പം ഈ കാറുകൾ ഹാക്ക് ചെയ്യുന്ന ടെക്നോളജിയും ടിസിഎസ് തന്നെ ഡെവലപ്പ്ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ന്യൂനതകൾ പരിഹരിച്ച് കൂടുതൽ സുരക്ഷിതമായി വാഹനം നിരത്തിലിറക്കാനണ് കമ്പിനിയുടെ ശ്രമം. ഇതിനായി പ്രത്യേക ടീമിനേയും നിയോഗിച്ചതായി റോഷി ജോൺ മറുനാടനോട് പറഞ്ഞു. 9 വർഷം നീണ്ട ഗവേഷണത്തിലൂടെയാണ് താനും തന്റെ സംഘവും ചേർന്ന് ഈ ആശയം വികസിപ്പിച്ചെടുത്തത്. 90 ശതാമാനത്തോളം സോഫ്റ്റ് വെയർ ടെക്‌നോളജിയും ബാക്കി ഹാർഡ് വെയർ ടെക്‌നോളജിയുമാണ് ഓട്ടോണമസ് കാറിന്റെ നിർമ്മാണത്തിന് പിന്നിൽ.

ഇന്ത്യൻ നിരത്തുകളിൽ ഉപയോഗിക്കാൻ പാകത്തിന് ടാറ്റാ നാനോ കാറിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. ഒരു എക്‌സ്റ്റേണൽ റോബോട്ടിനെ കാറുമായി ഘടിപ്പിച്ചാണ് ഡ്രൈവറില്ലാ കാർ തയാറാക്കിയിരിക്കുന്നത്. കാറിന്റെ ഡിക്കിയിൽ സജ്ജമാക്കിയ റോബോട്ടിക്ക് സംവിധാനമാണ് സ്റ്റിയറിങ്ങും ആക്‌സിലേറ്ററും ബേക്കു ക്ലച്ചും നിയന്ത്രിക്കുക.

വിവിധ തരം സെൻസറുകളാണ് കാറിന്റെ മുന്നിലും വശങ്ങളിലുമുള്ള വസ്തുക്കളെ ക്യത്യമായി കണ്ടെത്തുന്നത്. 200 മീറ്റർ മുന്നിലുള്ള വാഹനങ്ങൾ വരെ എത്ര വേഗതയിലാണ് ഓടുന്ന തെന്നും വശങ്ങളിൽ നിന്ന് ആരൊക്കെ ഓവർ ടേക്ക് ചെയ്യുന്നുണ്ടെന്നും ഈ സെൻസർ വിവരശേഖരണം നടത്തി റോബോട്ടിന് നൽകുന്നതാണ് ആദ്യ സംവിധാനം. ഈ റോബോർട് കൃത്യമായ ക്കണക്ക് കൂട്ടലോടെ സ്റ്റിയറിങ്ങിനേയും മറ്റും നിയന്ത്രിക്കുന്നതാണ് ഈ വാഹനത്തിന്റെ പ്രവർത്തന രീതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രീതിയാണ് കാറിലുപയോഗിച്ചിരിക്കുന്ന റോബോർട്ടിക് കമ്പ്യൂട്ടറിനുള്ളത്. വരും കാലത്ത് അപകടങ്ങൾ കുറയ്ക്കാൻ ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള ഇത്തരം സ്വയം നിയന്ത്രിത കാറുകൾ വാങ്ങാൻ ആളുകൾ നിർബന്ധിതരാകേണ്ടി വരുമെന്നാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയ റോഷി ജോണിന്റെ അഭിപ്രായം.