തിരുവനന്തപുരം: അസഹനീയമായ ചൂടാണിപ്പോൾ. സൂര്യകോപത്താൽ നിരവധി ജീവനുകളും ഈ ചൂടുകാലത്തു പൊലിഞ്ഞു. ചൂടുകാലത്തു വാഹനങ്ങളിൽ നിരത്തിലൂടെ യാത്ര ചെയ്യുമ്പോഴും നിരവധി കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാൻ നാം അൽപ്പമൊന്നു ശ്രദ്ധിക്കേണ്ടതുണ്ട്.

ചൂട് അധികരിച്ച സമയത്തു വാഹനങ്ങളിൽ ഫുൾ ടാങ്ക് പെട്രോൾ നിറച്ച് ഓടുന്നത് അപകടമാണെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചെെന്നെ പൊലീസുമൊക്കെ മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലുണ്ടായ തീപിടിത്ത സംഭവങ്ങളാണ് മുന്നറിയിപ്പിന് കാരണം. ഡൽഹിയിലും ചെന്നൈയിലും വെല്ലൂരിലും കഴിഞ്ഞ ദിവസങ്ങളിൽ പത്തോളം വാഹനങ്ങൾക്കു തനിയെ തീ പിടിച്ചിരുന്നു. ഉച്ചയ്ക്ക് 12 നും 3 നും ഇടയിലാണ് ഡ്രൈവിങ്ങിൽ പ്രത്യേകത ശ്രദ്ധ ചെലുത്തേണ്ടത്. വാഹനങ്ങൾ മണിക്കൂറുകളോളം കഠിന ചൂടിൽ നിർത്തിയിട്ട് പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് എടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. കത്തിയ വാഹനങ്ങളിൽ പെട്രോൾ ടാങ്കിന്റെ ഭാഗത്ത് നിന്നാണ് തീ ഉയർന്ന് കാണപ്പെട്ടത്. അത്യുഷ്ണ സമയത്ത് അമിത വേഗത അപകടമാണെന്ന് ചെന്നൈ പൊലീസും മുന്നറിയിപ്പു നൽകുന്നു.

അതുപോലെ തന്നെ ചൂടുകാലത്ത് എസി പ്രവർത്തിപ്പിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. വേണ്ടത്ര ശ്രദ്ധ ഇക്കാര്യത്തിൽ ചെലുത്തിയില്ലെങ്കിൽ മാരകരോഗങ്ങൾ നമ്മെ കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പാണു ആരോഗ്യകേന്ദ്രങ്ങൾ നൽകുന്നത്.

യാത്ര ചെയ്യാൻ കാറിൽ കയറി ഇരുന്നയുടൻ എസി പ്രവർത്തിപ്പിക്കരുതെന്നാണു നിർദ്ദേശം. കാറിന്റെ ഡാഷ് ബോർഡ്, ഇരിപ്പിടങ്ങൾ, എയർ ഫ്രഷ്‌നർ എന്നിവയിൽ നിന്നു പുറപ്പെടുന്ന ബെൻസൈം എന്ന വാതകം മാരകമായ കാൻസർ രോഗത്തിനു കാരണമാകും. അതുകൊണ്ട് കാറിൽ കയറിയിരുന്നു ഗ്ലാസ് താഴ്‌ത്തി ഉള്ളിലുള്ള വായു പുറത്തുപോയ ശേഷം മാത്രം എസി പ്രവർത്തിപ്പിക്കുക. ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ചൂടുകാലത്തു നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളിൽ കയറിയ ഉടൻ എസി പ്രവർത്തിപ്പിക്കുന്ന ആൾക്ക് ഉയർന്ന തോതിൽ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്തു നിർത്തിയിട്ടിരിക്കുന്ന കാറിനുള്ളിൽ ബൈൻസൈമിന്റെ അളവ് 2000 മുതൽ 4000 മി.ഗ്രാം വരെ ഉയരാൻ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയിൽ ബെൻസൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്‌ക്വയർഫീറ്റാണ്.

ബെൻസൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുമുണ്ടാക്കുകയും ചെയ്യും. ബെൻസൈം വാതകം കരളിനെയും വൃക്കകളെയും വിഷമയമാക്കുന്നു എന്നുമാത്രമല്ല, ഈ വിഷവസ്തു പുറംതള്ളുക എന്നതു ചികിത്സ കൊണ്ടാണെങ്കിലും വളരെയധികം വിഷമംപിടിച്ചതാണ്. അതിനാൽ, കാറിൽ യാത്ര ചെയ്യുമ്പോൾ എസി പ്രവർത്തിപ്പിക്കുന്നതിനു മുമ്പായി ചില്ലുകൾ താഴ്‌ത്തി ശുദ്ധവായു ഉള്ളിൽ കടത്തിയശേഷം എ സി പ്രവർത്തിപ്പിച്ചു യാത്ര തുടരുന്നതാണു സുരക്ഷിതം.