- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേസർ നിയന്ത്രിത ബോംബുകളും, ഹെൽഫയർ മിസൈലുകളും 2 ടൺ സ്ഫോടകവസ്തുക്കളും വഹിക്കും; സൂക്ഷ്മ ആക്രമണങ്ങളിൽ യുദ്ധക്കപ്പലുകളും പീരങ്കികളും തകർക്കും; നിയന്ത്രണവും എളുപ്പം; ഈ അമേരിക്കൻ ആളില്ലാ പറക്കും വിമാനങ്ങൾ ഇന്ത്യൻ സേനയുടെ കരുത്ത് കൂട്ടും; സായുധ ഡ്രോണുകൾ എത്തുമ്പോൾ
ന്യൂഡൽഹി: പാക്കിസ്ഥാന്റേയും ചൈനയുടേയും താലിബാന്റേയും വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സുസജ്ജമാകുന്നു. അതിർത്തിയിലെ വെല്ലുവിളികൾ മനസ്സിലാക്കിയാണ് യുഎസിൽ നിന്ന് 30 സായുധ ഡ്രോണുകൾ (ആളില്ലാ പറക്കും വിമാനം) ഇന്ത്യ വാങ്ങുന്നത്. 22,500 കോടി രൂപയ്ക്കാണു ഡ്രോണുകൾ വാങ്ങുക. കര, നാവിക, വ്യോമ സേനകൾക്ക് 10 വീതം ലഭ്യമാക്കും. ചൈന അതിർത്തിയിൽ സംഘർഷം തുടരുന്ന വേളയിലാണ് ഡ്രോണുകളുടെ വരവ്.
'എംക്യു 9ബി സീ ഗാർഡിയൻ' വിഭാഗത്തിലുള്ള പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധ സെക്രട്ടറി അജയ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത സമിതി യോഗം അനുമതി നൽകിയെന്നാണു വിവരം. പ്രതിരോധ സംഭരണ കൗൺസിലിന്റെയും സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയുടെയും അംഗീകാരത്തോടെ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇന്ത്യൻ സമുദ്രമേഖലയിലെ നിരീക്ഷണത്തിനായി കഴിഞ്ഞ നവംബറിൽ 2 സീ ഗാർഡിയൻ ഡ്രോണുകൾ നാവികസേന യുഎസിൽ നിന്ന് ഒരു വർഷത്തേക്കു പാട്ടത്തിനെടുത്തിരുന്നു. നിരീക്ഷണമായിരുന്നു അവയുടെ ദൗത്യം. എന്നാൽ, പുതുതായി വാങ്ങുന്ന ഡ്രോണുകൾ ആക്രമിക്കാൻ കഴിവുള്ളവയാണ്. സർജിക്കൽ സ്‌ട്രൈക്കുകളുടെ റിസ്‌ക് ഇതോടെ കുറയും. ഏത് ലക്ഷ്യസ്ഥാനത്തേയും ആക്രമിക്കാൻ ഈ ഡ്രോണുകളിലൂടെ കഴിയും. പാക് അധിനിവേശ കാശ്മീരിലെ ഭീകര താവളങ്ങളെ തകർക്കുക കൂടുതൽ എളുപ്പവുമാകും.
ലേസർ നിയന്ത്രിത ബോംബുകൾ, ഹെൽഫയർ മിസൈലുകൾ, 2 ടൺ സ്‌ഫോടകവസ്തുക്കൾ എന്നിവ ഈ ഡ്രോണുകൾക്ക് വഹിക്കാൻ കഴിയും. പാവധി 40,000 അടി ഉയരത്തിൽ 40 മണിക്കൂർ നിർത്താതെ പറക്കാം. ശത്രുമേഖലകൾ ലക്ഷ്യമിട്ടുള്ള സൂക്ഷ്മ ആക്രമണങ്ങളിൽ യുദ്ധക്കപ്പലുകൾ, പീരങ്കികൾ എന്നിവ തകർക്കാം. അതുകൊണ്ട് തന്നെ ഏറെ പ്രത്യേകതകളുള്ള ഡ്രോണുകളാണ് ഇന്ത്യൻ സേനയ്ക്ക് ഇതിലൂടെ കിട്ടാൻ പോകുന്നത്. നിയന്ത്രണവും എളുപ്പമാണ്.
'ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനി'ലിരുന്നാണ് ഡ്രോണിന്റെ നിയന്ത്രണം. ശത്രു മേഖലയിലെത്തുന്ന ഡ്രോൺ ദൃശ്യങ്ങൾ പകർത്തി അയയ്ക്കും. കൺട്രോൾ സ്റ്റേഷനിൽ നിന്നാണ് ആക്രമണ നിർദ്ദേശം നൽകുക. സ്റ്റേഷനിൽ നിന്ന് ആയിരത്തിലധികം കിലോമീറ്റർ അകലേക്കു ഡ്രോണിനു പറക്കാനാവും. എംക്യു 9ബി സീ ഗാർഡിയന് 11 മീറ്റർ നീളമുണ്ട്. വിങ്‌സ്പാൻ 20 മീറ്ററും.
ഉയരം 3.81 മീറ്ററാണ്. മണിക്കൂറിൽ 480 കിലോമീറ്റർ വേഗത്തിലും സഞ്ചരിക്കും. ഉയരെ പറന്ന് സൂക്ഷ്മ ആക്രമണമാണ് എംക്യു 9ബി സീ ഗാർഡിയന്റെ കരുത്ത്.
മറുനാടന് മലയാളി ബ്യൂറോ