നിയന്ത്രണമില്ലാതെ യുകെയുടെ ആകാശങ്ങളിൽ പറക്കുന്ന ഡ്രോണുകൾ വിമാനങ്ങൾക്കും മറ്റും കടുത്ത അപകടഭീഷണിയുയർത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ സംഭവമിതാ ഹീത്രോവിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടെ 165 യാത്രക്കാരുമായി ലാൻഡിംഗിന് ശ്രമിച്ച എയർബസ് എ 320 വിമാനമാണ് ഡ്രോണുമായി കൂട്ടിയിടിച്ചുണ്ടാവുമായിരുന്ന വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുന്നത്. ഈ വിമാനം ഡ്രോണുമായുള്ള കൂട്ടിയിടിയിൽ നിന്നും ഒഴിവായത് വെറും 65 അടി അകലത്തിൽ നിന്ന് മാത്രമാണ്. പൈലറ്റ് നടത്തിയ സമയോചിതമായ നടപടി ഫലിച്ചില്ലായിരുന്നുവെങ്കിൽ വൻ വിമാനദുരന്തത്തെക്കുറിച്ചുള്ള വാർത്തകളായിരുന്നു ഇന്ന് ഇതിന് പകരം മാദ്ധ്യമങ്ങളിൽ നിറയുമായിരുന്നു.

പൈലറ്റ് വിമാനം ഹീത്രോവിൽ ഇറക്കാൻ നേരമാണ് 650 അടി ഉയരത്തിൽ പറക്കുന്ന ഡ്രോൺ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഡ്രോൺ വിമാനത്തിന്റെ വലത്തെ ചിറകിന് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പറന്നുവെന്നാണ് ക്രൂ വിശ്വസിക്കുന്നത്. ജൂലൈ 18നാണീ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇപ്പോഴാണ് പ ുറത്ത് വന്നിരിക്കുന്നത്. ഡ്രോണുകൾ വിമാനങ്ങളെ എത്രത്തോളം അപകടത്തിലാക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണീ സംഭവം. ഏഴ് കിലോയോ അതിന് താഴെയോ ഭാരമുള്ള ഡ്രോണുകൾക്ക് പറക്കാനുള്ള പരിധി നിശ്ചയിച്ചിട്ടില്ലെന്നത് ഗുരുതരമായ സുരക്ഷാപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഏവിയേഷൻ വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.

വെറും 65 അടി അകലത്തിൽ നിന്നും മാത്രമാണ് പൈലറ്റിന് എന്തെങ്കിലും ചെയ്യാൻ സാധിച്ചതെന്നും അത് വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നുവെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് കൂട്ടിയിടി ഒഴിവായതെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഡ്രോണുകൾ പരീക്ഷണപ്പറക്കൽ നടത്തുന്നതിനിടെ യാത്രാ വിമാനങ്ങളുമായി മനഃപൂർവം കൂട്ടിയിടിപ്പിക്കുന്ന സംഭവങ്ങൾ ബ്രിട്ടീഷ് ആകാശത്ത്കനത്ത ഭീതിയാണുയർത്തുന്നത്. ബ്രിട്ടനിൽ നിലവിൽ രണ്ട് മില്യൺ ഡ്രോണുകൾ പറക്കുന്നുണ്ടെന്നാണ് നാഷണൽ എയർ ട്രാഫിക്ക് സർവീസ് കണക്ക് കൂട്ടുന്നത്. നല്ല നിരവാരമുള്ള ഡ്രോണുകൾ 500 പൗണ്ട് കൊടുത്താൽ വാങ്ങാൻ സാധിക്കും. ഇവ വിമാനങ്ങൾക്ക്കനത്ത ഭീഷണിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ആറ് മാസത്തിനിടെ 23 വട്ടമാണ് ഡ്രോണുകളും വിമാനങ്ങളും തമ്മിലുള്ള കൂട്ടിയിടി തലനാരിഴയ്ക്ക് വ്യത്യാസപ്പെട്ടിരിക്കുന്നത്.