വില്യം രാജകുമാരൻ സഞ്ചരിക്കാറുള്ള ആംബുലൻസ് ഹെലികോപ്റ്റർ റിമോട്ട്- കൺട്രോൾഡ് ഡ്രോണുമായുള്ള കൂട്ടിയിടിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. വെറും അര സെക്കൻഡ് വ്യത്യാസത്തിലാണ് ഡ്രോണുമായുള്ള കൂട്ടിയിടി ഒഴിവായിരിക്കുന്നത്. ഏതാനും അടികൾക്കപ്പുറം ഡ്രോണിനെ കണ്ട കാഴ്ച ഭീകരമായിരുന്നുവെന്നും അത് തങ്ങളുടെ ഹെലികോപ്റ്ററിനെ തകർത്ത് താഴെയിടാൻ സാധ്യതയേറെയായിരുന്നുവെന്നുമാണ് ഹെലികോപ്റ്ററിലെ മെഡിക്സ് പ്രതികരിച്ചിരിക്കുന്നത്. ഡ്രോൺ ഹെലികോപ്റ്ററിനെ താഴേയ്ക്ക് വീഴ്‌ത്താനും അതിൽ സഞ്ചരിച്ചവരുടെ മരണത്തിനും കാരണമാകുമായിരുന്നുവെന്നും കൂടാതെ ഇത് നിലത്തും ധാരാളം അപകടങ്ങൾക്ക് വഴിയൊരുക്കുമായിരുന്നുവെന്നുമാണ് ഏവിയേഷൻ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഭാഗ്യത്തിന് ഈ സമയത്ത് രാജകുമാരൻ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നില്ല.

മൂന്ന് മെഡിക്കൽ സ്റ്റാഫും രണ്ട് പൈലറ്റുമാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇത് 1900 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഡ്രോണിന്റെ രൂപത്തിൽ അപകടഭീഷണി ഹെലികോപ്റ്ററിനെ തേടിയെത്തിയത്. ഡ്രോണുമായി മുഖാമുഖം എത്തിയപ്പോൾ ഹെലികോപ്റ്റർ മാക്ഡൊണാൾഡ് റസ്റ്റോറന്റിന്റെ മുകളിലൂടെയായിരുന്നു പറന്നിരുന്നത്. റസ്റ്റോറന്റിൽ ആ സമയത്ത് നിറയെ കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇതിന് മേൽ ഹെലികോപ്റ്റർ വീണിരുന്നുവെങ്കിൽ നിരവധി പേർ മരിക്കുകയും ഗുരുതരമായി പരുക്കേൽക്കുമായിരുന്നുവെന്നും ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

അപകടഭീഷണിയുണ്ടാകുമ്പോൾ ഹെലികോപ്റ്റർ മണിക്കൂറിൽ 138 മൈൽ വേഗതയിലാണ് പറന്നിരുന്നത്. ഹെലികോപ്റ്റർ സെക്കൻഡിൽ 200 അടി വേഗതയിലായിരുന്നു. ഡ്രോൺ ഇതിന് 100 അടിയിൽ കുറവ് ദൂരത്തായിരുന്നു എത്തിയത്. അതിനാൽ അപകടം അര സെക്കൻഡിനുള്ളിൽ സംഭവിക്കാൻ സാധ്യതയേറെയായിരുന്നു. ആംഗ്ലിയ ടു എന്ന കോഡ് നെയിമുള്ള ഈ ഹെലികോപ്റ്ററിൽ വില്യം രാജകുമാരൻ പതിവായി പൈലറ്റായി സേവനമനുഷ്ഠിക്കാറുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചെങ്കിലും ഡ്രോൺ ഓപ്പറേറ്ററെ പിടികൂടാൻ സാധിച്ചിട്ടില്ല. നിയമാനുസൃത പരിധിയിലുള്ള ഉയരത്തിലാണ് ഡ്രോൺ പറന്നിരുന്നത്. ഡ്രോൺ ഇത്തരത്തിൽ ഹെലികോപ്റ്ററിന് സമീപം വരെ പറത്തിയത്ത അബദ്ധത്തിലാണോ അതല്ല കരുതിക്കൂട്ടിയാണോ എന്ന് വ്യക്തമല്ല. വില്യമിന്റെ ഈസ്റ്റ് ആംഗ്ലിയ എയർ ആംബുലൻസിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി തീവ്രവാദികൾ 2. 99 പൗണ്ട് വിലയുള്ള മൊബൈൽ ഫോൺ ആപ്ലിക്കേഷൻ എങ്ങനെയാണ് തീവ്രവാദികൾക്ക് ഉപയോഗിക്കാൻ സാധിക്കുകയെന്ന് ഡെയിലി മെയിൽ ഇതിന് മുമ്പ് നടത്തിയ അന്വേഷണം വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ആംബുലൻസ് ഈ ആപ്പിൽ നിന്നും നീക്കം ചെയ്തിരുന്നു.

 

കേംബ്രിഡ്ജ് എയർപോർട്ടിൽ നിന്നും തിരിച്ച് വരവേയാണ് യൂറോകോപ്റ്റർ 145 നോർത്ത് ലണ്ടനിലെ ബ്രിംസ്ഡൗണിന് മുകളിൽ വച്ച് ഇത്തരത്തിൽ ഡ്രോണിനെ തൊട്ടടുത്ത് കണ്ടിരിക്കുന്നത്. എട്ടിഞ്ചോളം നീളണുള്ള ഈ ഡ്രോൺ എയർ ട്രാഫിക്ക് കൺട്രോൾ റഡാറിൽ ദൃശ്യമാകില്ല. എന്നാൽ കൂട്ടിയിടിയുണ്ടായാൽ ഇത് ഹെലികോപ്റ്ററിനും വിമാനങ്ങൾക്കും വൻ ദുരന്തമുണ്ടാക്കുമെന്നുറപ്പാണ്. യുകെ എയർസ്പേസിലുണ്ടായ ഈ ഭീഷണിയെക്കുറിച്ച് അന്വേഷിക്കുമെന്നാണ് യുകെ എയർപ്രോക്സ് ബോർഡ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ' സീരിയസ് റിസ്‌ക് ഓഫ് കോലിഷൻ' എന്ന കാറ്റഗറിയിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. യുകെയിൽ ഇതിന് മുമ്പും ഡ്രോണുകൾ വിമാനങ്ങൾക്കും മറ്റും അപകടഭീഷണിയുയർത്തുന്ന വിധത്തിൽ തൊട്ടുതൊട്ടില്ലെന്ന വിധത്തിൽ പറന്നിരുന്നു. അതിനെ തുടർന്ന് ഇവയെ നിയന്ത്രിക്കുന്നതിന് കർക്കശ നിയമങ്ങൾ കൊണ്ടു വരണമെന്ന ആവശ്യവും ശക്തമായിരുന്നു.