ഫിലിപ്പീൻസിൽ മയക്കുമരുന്ന വരുത്തി വയ്ക്കുന്ന ദുരന്തങ്ങളും ഭീകരതയും അതിന്റെ മൂർധന്യത്തിലെത്തിയപ്പോൾ ഡ്രഗ് മാഫിയയെ കൊല്ലാൻ ജനക്കൂട്ടത്തിന് അനുമതി നൽകിയിരിക്കുകയാണ് ഇവിടുത്തെ പ്രസിഡന്റായ റോഡ്രിഗോ ഡ്യൂട്ടർറ്റ്. മയക്കുമരുന്ന് വിൽക്കുന്നവരെ ഒന്നുകിൽ ജയിലിലാക്കാനോ അല്ലെങ്കിൽ കൊല്ലാനോ ആണ് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.ഇതേ തുടർന്ന് ഇത്തരത്തിലുള്ള നിരവധി ക്രൂരമായ കൊലപാതകങ്ങളാണിവിടെ അരങ്ങേറുന്നത്. ഇത്തരത്തിൽ കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങൾ ഫിലിപ്പീൻസിലെ തെരുവുകളിൽ വീണ് കിടക്കുന്നത് ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ചിലർ അടിവസ്ത്രം മാത്രമണിഞ്ഞ് ചോരയിൽ കുളിച്ച് വികൃതമായിട്ടാണ് കിടക്കുന്നത്.ചിലരുടെ കൈകാലുകൾ ബന്ധിച്ച നിലയിലും മറ്റ് ചിലരുടെ മുഖം ടേപ്പ് കൊണ്ട് ചുറ്റി വരിഞ്ഞ് മറച്ച നിലയിലുമാണുള്ളത്. ഇത്തരത്തിൽ കൊല്ലപ്പെട്ട ചിലരുടെ വസ്ത്രങ്ങൾ രക്തത്തിൽ കുതിർന്ന നിലയുമാണ് കാണാൻ സാധിക്കുന്നത്.

ഇത്തരത്തിൽ കൊല്ലപ്പെട്ട ഡ്രഗ് മാഫിയക്കാരുടെ മൃതദേഹങ്ങൾക്കരികിൽ നിന്നും വിലപിക്കുന്ന ഭാര്യമാരുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ജനങ്ങളോ പൊലീസ് ഓഫീസർമാരോ ആണ് ഇവരെ കൊന്ന് തള്ളിയിരിക്കുന്നത്. ഇതിന് പ്രസിഡന്റിന്റെ പിന്തുണ കൂടി ലഭിച്ചതോടെ ഇവർക്ക് ഒന്നും നോക്കാനില്ലാത്ത അവസ്ഥയാണുള്ളത്. നീതിപൂർവമുള്ള വിചാരണയ്ക്കുള്ള അവകാശം പോലും ലഭിക്കാതെയാണ് മിക്കവരുടെയും ജീവനെടുക്കുന്നത്. ജൂലൈ മുതലുള്ള കാലത്ത് ഓഫീസർമാർ 300ൽ പരം മയക്കുമരുന്ന് കച്ചവടക്കാരെയാണ് പൊലീസ് കൊന്ന് തള്ളിയിരിക്കുന്നത്. ജനങ്ങൾ കൂടി ഇവരുടെ മേൽ കൈ വയ്ക്കാൻ തുടങ്ങിയതോടെ മരണസംഖ്യ വർധിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള കൊലപാതകങ്ങൾ വർധിക്കുന്നതിന്റെ പേരിൽ തന്റെ നേരെ കടുത്ത ആരോപണം ഉയർന്നിട്ടും പ്രസിഡന്റ് ഡ്യൂട്ടർറ്റിന് യാതൊരു കുലുക്കവുമില്ല. ' ദി പണിഷർ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

തന്റെ രാജ്യം മയക്കുമരുന്നിൽ മുങ്ങിത്താണിരിക്കുകയാണെന്നും അതിനെ ഇല്ലാതാക്കാൻ എന്ത് വിലയും കൊടുക്കാൻ തയ്യാറാണെന്നുമാണ് പ്രസിഡന്റ് ഉറച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരക്കാരെ അമർച്ച ചെയ്യാനുള്ള പ്രയത്നങ്ങൾ ഇരട്ടിപ്പിക്കാനും ആവശ്യമെങ്കിൽ അത്തരം നീക്കങ്ങൾ മൂന്നിരട്ടി വർധിപ്പിക്കാനുമാണ് പ്രസിഡന്റ് ആഹ്വാനം ചെയ്തിരിക്കുന്നത്. അവസാനത്തെ മയക്കുമരുന്നുമായി ബന്ധപ്പെട്ട അവസാന കണ്ണികൾ വരെ ഇല്ലാതാകുന്നത് വരെ ഈ നീക്കം അവസാനിപ്പിക്കാനാവില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. ജൂലൈ 1 മുതൽ ജൂലൈ 24 വരെയുള്ള ദിവസങ്ങൾക്കിടെ ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി പറഞ്ഞാൽ 293 ആണെന്നാണ് ഹ്യൂമൻ റൈറ്റ്സ് ഗ്രൂപ്പുകൾക്ക് പൊലീസിൽ നിന്നും വ്യക്തമായിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ മയക്കുമരുന്നുപയോഗിക്കുന്നവരും വിൽപനക്കാരും ഉൾപ്പെടുന്നുണ്ട്. മയക്കുമരുന്നിനെതിരെ പോരാടാൻ ജാഗ്രതയോടെ രംഗത്തുള്ള ഗ്രൂപ്പുകൾ കൊന്നൊടുക്കിയ മയക്കുമരുന്ന് കച്ചവടക്കാരുടെ എണ്ണം ഇതിൽ ഉൾപ്പെടുന്നില്ല. ഇവർ നിയമം കൈയിലെടുത്താണ് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത്.

തന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊലീസ് ഓഫീസർമാർ മയക്കുമരുന്ന വിൽപനക്കാരോട് മനുഷ്യാവകാശങ്ങൾ ലംഘിച്ചാൽ പോലും ക്ഷമിക്കുമെന്നാണ് പ്രസിഡന്റ് നയം വ്യക്തമാക്കിയിരിക്കുന്നത്. മയക്കുമരുന്ന് വിൽപനക്കാരെയും ഉപയോഗിക്കുന്നവരെയും ക്രൂരമായി കൊല്ലാൻ പ്രസിഡന്റ് ജനക്കൂട്ടത്തോട് നിർദേശിച്ചതിനെ തുടർന്ന് ഈ മാസം ആദ്യം ഏകദേശം 60,000 ഫിലിപ്പിനോ ഡ്രഗ് അടിമകളും വിൽപനക്കാരും സർക്കാരിന് മുന്നിൽ കീഴടങ്ങിയിരുന്നു. മേയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് റോഡ്രിഗോ ഡ്യൂട്ടർറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്ത് വ്യാപിക്കുന്ന മയക്കുമരുന്നെന്ന വിപത്തിനെ പിടിച്ച് കെട്ടാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് അധികാരത്തിൽ വന്നതിന് ശേഷം തങ്ങൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട 110 പേരെ കൊന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ എണ്ണം 200നടുത്ത് വരുമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.