യക്കുമരുന്നിന്റെയും മാഫിയ സംഘങ്ങളുടേയും പിടിയിലകപ്പെട്ടിരിക്കുന്ന രാജ്യത്തെ അതിൽ നിന്നു വിമുക്തമാക്കുന്നതിന് ഫിലിപ്പിനോ പ്രസിഡന്റ് അനുവദിച്ചിരിക്കുന്നത് ഹിറ്റ്‌ലറുടെ രീതികൾ. ഡ്രഗ് മാഫിയ വിതച്ച ദുരന്തങ്ങൾ മൂർധന്യത്തിലെത്തിയതോടെയാണ് ഹിറ്റ്‌ലറുടെ രീതികൾ ഉപയോഗിച്ച് ഇതിന് ഒരു അന്ത്യം കുറിക്കാൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടർട്ട് തീരുമാനിച്ചത്. ദുരന്തങ്ങൾ പരിധിവിട്ടതോടെ ഡ്രഗ് മാഫിയക്കെതിരേ ശക്തമായ നിലാപാടാണ് പ്രസിഡന്റ് സ്വീകരിച്ചത്. മയക്കുമരുന്ന് വിൽക്കുന്നവരെ കൊല്ലാൻ ജനക്കൂട്ടത്തിന് അനുമതി നൽകിക്കൊണ്ടാണ് പ്രസിഡന്റ് റോഡ്രിഗോ ഇതിന് തുടക്കം കുറിച്ചത്.

ഇതു പ്രകാരം 100 ദിവസം കൊണ്ട് രാജ്യത്തുകൊന്നൊടുക്കിയത് 3700 പേരെയാണ്. 2600 പേരെ തടവിലാക്കുകയും ചെയ്തു. പ്രസിഡന്റ് റോഡ്രിഗോയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു രാജ്യത്തെ ഡ്രഗ് മാഫിയയെ വരുതിയിലാക്കാമെന്നത്. രാജ്യത്തെ 3.7 മില്യൺ ആൾക്കാർ മയക്കുമരുന്നിന് അടിമകളാണെന്നതിനാലാണ് ഡ്രഗ് മാഫിയയെ തുരത്താൻ താൻ എന്തു നടപടിയും സ്വീകരിക്കുമെന്ന് റോഡ്രിഗോ പ്രസ്താവിച്ചത്. മാഫിയയെ തുരത്താൻ അതോടെ ജനക്കൂട്ടത്തിന്റെയും സഹായം അഭ്യർത്ഥിക്കുകയായിരുന്നു പ്രസിഡന്റ്.

രാജ്യത്ത് മയക്കുമരുന്ന് വരുത്തിവയ്ക്കുന്ന ദുരന്തങ്ങളും ഭീകരതയും നിയന്ത്രണാതീതമായപ്പോഴാണ് നിയമം കൈയിലെടുക്കാൻ ജനങ്ങൾക്ക് പ്രസിഡന്റ് അധികാരം നൽകുന്നത്. ജനങ്ങൾ മാത്രമല്ല, പൊലീസും ശക്തമായി രംഗത്തിറങ്ങിയതോടെ കൊല്ലപ്പെടുന്ന മാഫിയ അംഗങ്ങളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിയമം നടപ്പാക്കാൻ ജനങ്ങൾക്കു കൂടി അധികാരം നൽകിയതോടെ ദി പണിഷർ എന്നും വിദേശമാദ്ധ്യമങ്ങളിൽ റോഡ്രിഗോയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തന്റെ രാജ്യത്തെ മയക്കുമരുന്നു വിമുക്തമാക്കുന്നതിന് എന്തു വിലയും കൊടുക്കാൻ തയാറാണെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹിറ്റ്‌ലർ കാലത്തെ ഓർമിപ്പിക്കും വിധം നരഹത്യകൾ അരങ്ങേറിയതോടെ ഇതിനെ അപലപിച്ചുകൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, റോമൻ കാത്തലിക് ചർച്ച്, യുഎൻ എന്നിവ ഇതിനോടകം ഈ നടപടികളെ അപലപിച്ചു കഴിഞ്ഞു. 65 വർഷമായി അമേരിക്കയുമായി തുടരുന്ന സൈനിക സഹകരണം പോലും അവസാനിപ്പിക്കാൻ പ്രസിഡന്റിന്റെ ഹിറ്റ്‌ലർ വാഴ്ച കാരണമായി.

ഡ്രഗ് മാഫിയയ്‌ക്കെതിരേ ജനങ്ങൾ പോലും തിരിഞ്ഞ അവസരത്തിൽ ഒട്ടേറെ ഡ്രഗ് ഡീലർമാരാണ് പൊലീസിന് പിടികൊടുത്തിരിക്കുന്നത്. തെരുവിൽ ജനങ്ങളുടെ കരത്താൽ ജീവിതം പൊലിയേണ്ടി വരുമോയെന്ന ഭയമാണ് ഇത്തരക്കാരെ പൊലീസിൽ കീഴടങ്ങാൻ പ്രേരിപ്പിച്ചത്. മാഫിയയെ അടിച്ചമർത്താൻ ജനങ്ങൾക്ക് അധികാരം കൊടുത്തതിനു ശേഷം വെറും മൂന്നു മാസം കൊണ്ട് 3700 പേരുടെ ജീവൻ പൊലിഞ്ഞത് ഡ്രഗ് മാഫിയക്കിടയിൽ ഭീതി ഉളവാക്കിക്കഴിഞ്ഞു. തെരുവിൽ ചോരപ്പുഴയൊകുന്ന അവസ്ഥ ആയതോടെ ഫിലിപ്പൈൻസിൽ ഇപ്പോൾ ഭീതിയൊഴിഞ്ഞ സമയമില്ല.

മാഫിയയിൽ പെട്ടവർ പൊലീസിൽ കീഴടങ്ങിയതോടെ ജയിലുകൾ നിറഞ്ഞുകവിയുകയും ചെയ്തിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള ജയിലുകളിലും 44 റീഹാബിലിറ്റേഷൻ സെന്ററുകളിലും ജുഗുപ്‌സാവഹമായ അവസ്ഥയാണ് നിലവിലുള്ളത്. വിദേശരാജ്യങ്ങളുടെ അതൃപ്തിക്കു കാരണമായാലെന്ത് രാജ്യത്ത് ഡ്രഗ് മാഫിയയുടെ വിളയാട്ടത്തിന് ഒരന്ത്യംകുറിക്കാൻ സാധിച്ചല്ലോ എന്ന ആശ്വാസമാണ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടർട്ടിനുള്ളത്. അതിന്റെ പേരിൽ തന്നെ ഹിറ്റ്‌ലർ എന്നു വിളിച്ചാൽ പോലും ഡ്യൂട്ടർട്ടിന് കുലുക്കമില്ല. താൻ വാഗ്ദാനം ചെയ്തതു പോലെ മയക്കുമരുന്നു മാഫിയയെ അടിച്ചമർത്താൻ എന്തു വിലയും നൽകുമെന്ന് ഡ്യൂട്ടർട്ട് തെളിയിച്ചുകഴിഞ്ഞു...