കോലഞ്ചേരി: സതി ചേച്ചി ആളൊരു തികഞ്ഞ ഭക്തയാണെന്നായിരുന്നു നാട്ടുകാരുടെയും വീട്ടുകാരുടെയും വിശ്വാസം. ആൺമക്കൾ അന്തസോടെ ഡ്രൈവിങ് തൊളിലാളികളായി ജീവിക്കുന്നു. പിന്നെ വയസ്സാം കാലത്ത് സതിചേച്ചി് ഭക്തിയുടെ മാർഗത്തിൽ സഞ്ചരിക്കുന്നതിൽ ആർക്കും ഒരു സംശയവും തോന്നിയതുമില്ല. എന്നാൽ കഴിഞ്ഞ ദിവസം കുന്നത്ത്‌നാട് പൊലീസിന്റെ കസ്റ്റഡിയിലായ സതി ചേച്ചിയുടെ കഥകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും വീട്ടുകാരും. കഴിഞ്ഞ ദിവസം പള്ളിക്കര നിന്നും കാക്കനാടേയ്ക്ക് കഞ്ചാവ് ഇടനിലക്കാർക്കെത്തിക്കാൻ പോകുമ്പോഴാണ് സതി കുന്നത്തുനാട് പൊലീസിന്റെ പിടിയിലാകുന്നത്.

30 വർഷം മുമ്പാണ് സതി ചേച്ചിയുടെ കുപ്രസിദ്ധിയിലേക്കുള്ള യാത്ര തുടങ്ങിയത്. അനാശാസ്യക്കാരിയായിട്ടായിരുന്നു സതി ചേച്ചി എറണാകുളം പൊലീസിന്റെ പട്ടികയിൽ ഇടം നേടിയത്. അന്ന് അനാശ്യാസ പ്രവർത്തനത്തിനിടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിയ സതി പിന്നീട് ഇടനിലക്കാരിയായും പ്രവർത്തിച്ചു പോന്നു. പിന്നീട് കഞ്ചാവ് വില്പനയിലേക്ക് ചുവട് മാറ്റി ചവിട്ടിയ സതി ചേച്ചി മയക്കു മരുന്നു കാരിയർമാരിൽ പ്രധാനിയായി. എന്നാൽ പൊലീസും വീട്ടുകാരും നാട്ടുകാരും വിശ്വസിച്ച് പോന്നിരുന്നത് ഇവർ മര്യാദക്കാരിയായ ഭക്തി മാർഗത്തിലേക്ക് തിരിഞ്ഞു എന്നാണ്.

മരുമകനുമായി ചേർന്നാണ് സതി ചേച്ചിയുടെ മയക്കു മരുന്ന് കച്ചവടം പൊടിപൊടിച്ചത്. എന്നാൽ ഇരുവരുടെയും കച്ചവടം ഇവരുടെ ആൺമക്കൾ പോലും അറിഞ്ഞിരുന്നില്ല. മൂന്നു മക്കളിൽ ഇളയവളെ കൊല്ലം സ്വദേശിയായ അൻസാർ വിവാഹം കഴിച്ചതോടെയാണ് കഞ്ചാവിന്റെ ലോകം സതിക്ക് മുന്നിലെത്തിയത്. ചെറിയ കച്ചവടത്തിൽ തുടങ്ങി ജില്ലയിലെ തന്നെ പ്രധാന കാരിയർമാരിൽ ഒരുവളായി സതി മാറി. എന്നാൽ, മകളുടെ വിവാഹം നിയമപരമായിരുന്നില്ല എന്നാണ് കുന്നത്തുനാട് പൊലീസിന് സതി നല്കിയ മൊഴിയിൽ പറയുന്നത്.

മുരുകനെ കാണാൻ മാലയിട്ട് പഴനിയിൽ എത്തും കഞ്ചാവുമായി മടങ്ങും

ഭക്തിയുടെ മറവിലായിരുന്നു സതിയുടെയും മരുമകൻ അൻസാറിന്റെയും മയക്കു മരുന്നു കടത്തൽ. അതുകൊണ്ട് തന്നെ ആരും സംശയിച്ചുമില്ല. പഴനിയിൽ എത്തിയാൽ അമ്പലത്തിനടുത്തായി തന്നെ ലോഡ്ജിൽ മുറിയെടുക്കും. കുളി കഴിഞ്ഞ് കുറിയണിഞ്ഞ് സതി മുരുകനെ ദർശിക്കാൻ മല ചവിട്ടും ആ സമയം അൻസാർ കഞ്ചാവ് വാങ്ങാനായി പോകും. ഇരുവരും വീണ്ടും ലോഡ്ജിൽ ഒത്തു കൂടി സാധനം സതിക്ക് കൈമാറും. ഇരുവരും ഒരുമിച്ചാണ് പഴനിയിലേക്ക് പോകുന്നതെങ്കിലും തിരികെ വരുമ്പോൾ രാത്രിയിലുള്ള ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിലായിരിക്കും സതിയുടെ മടക്കയാത്ര.

ഒരു തവണ കടത്തുന്നത് മൂന്ന് കിലോ കഞ്ചാവ്

പഴനിയിൽ നിന്ന് തിരിക്കുമ്പോൾ തന്നെ പൊലീസിന് സംശയം തോന്നാത്ത വിധം സതി തന്റെ ബാഗിൽ കഞ്ചാവ് അടുക്കി വെക്കും. ഏറ്റവും അടിയിൽ കഞ്ചാവ്. അതിനു മുകളിൽ വസ്ത്രം അതിനും മുകളിൽ പഞ്ചാമൃതവും പഞ്ചാമൃതവും പ്രസാദവും നിരത്തി വയ്ക്കും. സംശയംതോന്നി ആരെങ്കിലും ബാഗ് പരിശോധിച്ചാൽ തികഞ്ഞ ഭക്ത, പഴനി ദർശനം കഴിഞ്ഞ് പുണ്യവുമായി മടങ്ങുന്നു' അതാകും ഭാവം. ഈ ഇടപാടു തുടങിയിട്ട് വർഷങ്ങളായെന്നാണ് സതി പൊലീസിനോട് പറഞ്ഞത്. പക്ഷേ, ഇതു വരെ പിടിക്കപ്പെട്ടിട്ടില്ല. എന്നുമല്ല ആർക്കും സംശവും തോന്നിയിട്ടില്ല.

ഇടപാടുകൾ എല്ലാം ആൺമക്കൾ അറിയാതെ

ഭർത്താവ് മരിച്ചെന്നാണ് സതി പറയുന്നത്. ഇപ്പോൾ താമസം കാക്കനാട് പടമുകളിലെ ചാത്തം വേലിപ്പാടം വീട്ടിലാണ്. ആൺ മക്കൾ അന്തസോടെ ഡ്രൈവിങ് തൊഴിലെടുത്തു ജീവിക്കുന്നു. അവർക്ക് താൻ കഞ്ചാവു കടത്തുന്ന കാര്യം അറിയില്ലെന്നാണ് സതി പറയുന്നത്. കഴിഞ്ഞ ദിവസം പള്ളിക്കര നിന്നും കാക്കനാടേയ്ക്ക് കഞ്ചാവ് ഇടനിലക്കാർക്കെത്തിക്കാൻ പോകുമ്പോഴാണ് സതി കുന്നത്തുനാട് പൊലീസിന്റെ പിടിയിലാകുന്നത്. ബസ് സ്റ്റോപ്പിൽ മരുമകനെ കാത്ത് നിൽക്കുന്നതിനിടെ സംശയംതോന്നയാണ് പൊലീസ് പിടികൂടിയത്. ഈസമയം കൈയിൽ സൂക്ഷിച്ചിരുന്ന കറുത്ത ബാഗിൽ വസ്ത്രങ്ങൾക്കടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ഞിപ്പശയുടെ വെള്ളത്തിൽ മുക്കിയിരുന്നതിനാൽ ബാഗിനിടയിലേക്ക് താണ നിലയിലായിരുന്നു കഞ്ചാവ്.

ഉപഭോക്താക്കളിൽ നിരവധി സ്‌കൂൾ കുട്ടികളും!

സതിയുടെ ഇടപാടുകാരിൽ നിരവധി സ്‌കൂൾ കുട്ടികളും ഉള്ളതായാണ് പൊലീസ് പറയുന്നത്. പഴനിയിൽ കിലോയ്ക്ക് ഒമ്പതിനായിരം രൂപ നിരക്കിൽ ലഭിക്കുന്ന കഞ്ചാവ് ട്രെയിനിലൂടയും ബസിലൂടെയും ജില്ലയിലെത്തിച്ച് 500 രൂപ വീതമുള്ള ചെറു പൊതികളിലാക്കി സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നൽകി വരികയായിരുന്നു പതിവ്. ഇവരുടെ പക്കൽ നിന്നും സ്ഥിരം കഞ്ചാവ് വാങ്ങുന്ന അനേകം പേരുള്ളതായി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. നിരവധി മലയാളികളടങ്ങുന്ന വൻ റാക്കറ്റാണ് പഴനിയിലെ കഞ്ചാവു വില്പനയ്ക്ക് പിന്നിലെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതു സംബന്ധിച്ചുള്ള അന്വേഷണം നടന്നു വരികയാണ്. പഴനിയിലേക്കും അന്വേഷണം നീട്ടാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

രാത്രി കാലങ്ങളിൽ എറണാകുളം, ആലുവ റെയിൽവേ സ്‌റ്റേഷനുകളിൽ പഴനിയിൽ നിന്നും കഞ്ചാവുമായെത്തുന്ന സതി വെളുപ്പിനുള്ള തിരക്ക് കുറഞ്ഞ ബസ് റൂട്ട് വഴിയാണ് കാക്കനാടേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. കഴിഞ്ഞ മാസം മാൻകൊമ്പുമായി ഇൻഫോ പാർക്ക് പൊലീസിന്റെ പിടിയിലായ അൻസാർ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇയാളുടെ പേരിൽ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ ഇരുപതിലധികം കേസുണ്ട്. സതി പിടിയിലായതറിഞ്ഞ് മുങ്ങിയ അൻസാറിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കഞ്ചാവ് സംഘത്തിന്റെ കൂട്ടത്തിലുള്ള ആരോ ഒറ്റിയതാണ് പൊലീസിന് സതിയെ കുറിച്ച് വിവരം ലഭിക്കാനിടയാക്കിയത്. കോലഞ്ചേരി കോടതി റിമാന്റ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്?റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

കേസന്വേഷണത്തിന് സി.ഐ ജെ കുര്യാക്കോസ്, എസ്.ഐ ടി ദിലീഷ് സി.പി.ഒ മാരായ ദിനിൽ ദാമോദർ, അബ്ദുൾ മനാഫ്, സുധീർ അലി, വി എസ്. ഷിഹാബ്, എസ്.സ്‌ക്കറിയ, സുരേഷ് ചന്ദ്രൻ, പ്രിയ, ലത എന്നിവരാണ് നേതൃത്വം നല്കിയത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് പദ്ധതി.