- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷാഘോഷ തിമിർപ്പിൽ ഡിജെ പാർട്ടിയിൽ തളരാതെ ഡാൻസ് ചെയ്യാൻ എംഡിഎംഎയും എൽഎസ്ഡിയും ഹാഷിഷും; വാഗമണ്ണിന് പിന്നാലെ കണ്ണൂരിലും ലഹരിപാർട്ടി; ഒരുയുവതി അടക്കം ഏഴ് പേർ മയക്കുമരുന്നുമായി പിടിയിൽ; വേദിയായത് ബക്കളത്തെ സ്‌നേഹ ഇൻ ഹോട്ടലും
കണ്ണൂർ: പുതുവർഷാഘോഷങ്ങളിൽ ഡിജെ പാർട്ടിയുടെ മറവിൽ ലഹരി ഒരുക്കുന്നത് പതിവെന്ന് തെളിയിച്ചുകൊണ്ട് വാഗമണ്ണിന് പിന്നാലെ കണ്ണൂരിലും ലഹരിപാർട്ടി. ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉൾപെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത്. ബക്കളം സ്‌നേഹ ഇൻ ഹോട്ടലിലായിരുന്നു പാർട്ടി. ലഹരി പാർട്ടിക്കായി കൊണ്ടുവന്ന എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയിരിക്കുന്നത്. കണ്ണൂർ,കാസർകോട്, പാലക്കാട് വയനാട് ജില്ലകളിൽ നിന്നുള്ള യുവാക്കളാണ് പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തയായി തളിപ്പറമ്പ് എക്‌സൈസ് വിഭാഗം അറിയിച്ചു.
അതിനിടെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിജെ പാർട്ടി നടത്തുന്ന സംഘങ്ങൾക്ക് ലഹരിക്കായി അതി മാരകമായ മയക്കുഗുളിക വിതരണം ചെയ്യാനായി ബൈക്കിൽ കറങ്ങി നടന്നിരുന്ന യുവാവിനെ തന്ത്രപരമായി എക്‌സൈസ് കുടുക്കി. വീരാജ്‌പേട്ടയിൽ നിന്നും കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂറിൽ ഡിജെ പാർട്ടി നടത്താനായി ബൈക്കിൽ കൊണ്ടു വരികയായിരുന്ന മാരക മയക്കുഗുളികകളുമായാണ് യുവാവ് പിടിയിലായത്.
പുതുവർഷം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെ ലഹരി കൂട്ടാനായി വൻ നഗരങ്ങളിലെ ഹോട്ടലുകളിലും ക്ലബ്ബുകളിലും ഉപയോഗിക്കുന്ന വിലയേറിയ മയക്കുഗുളികയാണിത്. കർണാടകയിൽ നിന്നും കടത്തിക്കൊണ്ടു വന്ന മയക്കുഗുളികളുമായാണ് ഇരിക്കൂർ സ്വദേശിയായ യുവാവ് അറസ്റ്റിലായത്. നേരത്തെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ കെ സുദേവന്റെ നേതൃത്വത്തിൽ ഇരിക്കൂർ നിടുവള്ളൂർ പള്ളിക്ക് സമീപം വച്ച് ഇരിക്കൂർ സ്വദേശി വയ്ക്കാംകോട് പൈസായി ഫാത്തിമ മൻസിലിൽ കെആർ സാജിദ് (34) നെയാണ് അതിമാരക ലഹരി മരുന്നായ ഒമ്പത് ഗ്രാം മെത്തലിൻ ഡയോക്‌സി മെത്ത് ആംഫിറ്റാമിനുമായി ബൈക്കിൽ സഞ്ചരിക്കവേ അറസ്റ്റ് ചെയ്തത്. ഇയാൾ എക്‌സൈസ് സംഘത്തെ കണ്ടതിനെ തുടർന്ന് ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും എക്‌സൈസ് സംഘം സാഹസികമായി പിൻതുടർന്ന് പിടികൂടുകയായിരുന്നു.
പുതുവർഷത്തെ വരവേൽക്കാൻ നാട്ടുമ്പുറങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡിജെ പാർട്ടി നടത്തിയ യുവാക്കളെ ലക്ഷ്യമിട്ട് കർണാടകയിൽനിന്നും കടത്തിക്കൊണ്ടു വന്നതാണ് മോളി, എക്റ്റസി എം, എന്നീ പേരിൽ ലഹരി ഉപയോഗിക്കുന്നവരിൽ അറിയപ്പെടുന്ന ലഹരിമരുന്നെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഒരു മാസം മുൻപ് കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അൻസാരി ബീഗുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഏറെ നാളായി ഇരിക്കൂർ ടൗണും പരിസരവും എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡും, ഷാഡോ ടീമും രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ