കുമരകം: ഹൗസ്‌ബോട്ട് ജീവനക്കാർ രാത്രിയിൽ കുടിച്ചുകൂത്താടി ബഹളംവച്ചതോടെ വിനോദയാത്രയ്‌ക്കെത്തിയ ദമ്പതികൾക്ക് രാത്രി കാളരാത്രിയായി. സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കാകെ നാണക്കേടാകുന്ന സംഭവം നടന്നത് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കുമരകത്താണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഒരു പകലും രാത്രിയും ബോട്ട് വാടകയ്‌ക്കെടുത്ത ദമ്പതികൾക്കാണ് ജീവനക്കാരുടെ പെരുമാറ്റം വിനയായത്.

വ്യാഴാഴ്ച പകലും രാത്രിയുമായി ബോട്ട് വാടകയ്‌ക്കെടുത്ത ഡൽഹി സ്വദേശികളായ ദമ്പതികൾ ഇതോടെ ഭയന്ന് ഹൗസ്‌ബോട്ടിലെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇവർ ഗുഡ്വിൽ എന്ന ഹൗസ് ബോട്ടായിരുന്നു ബുക്കു ചെയ്തിരുന്നത്. ഈ ബോട്ടിലെ ജീവനക്കാർ രാത്രിയായതോടെ രാത്രിയിൽ മദ്യപിച്ച് ബഹളം വയ്ക്കുകയായിരുന്നു. പിന്നീട് ദമ്പതികളുടെ നേർക്കും ശല്യം നീണ്ടതോടെ അവർ ഭയന്നുവിറച്ചുപോയി. തുടർന്ന ബോട്ട് കരയിൽ അടുപ്പിക്കാൻ ആവശ്യപ്പെട്ട് ഇവർ അടുത്തുള്ള റിസോർട്ടിൽ അഭയം തേടി.

പക്ഷേ, രാത്രിയായതിനാൽ റിസോർട്ടിൽ മുറി ലഭിച്ചില്ല. തുടർന്ന് ഹൗസ്‌ബോട്ടിൽ തന്നെ പേടിച്ചുവിറച്ച് രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ കുമരകം പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. ഈ ബോട്ടിന്റെ ലൈസൻസ് റദ്ദു ചെയ്യാൻ നടപടി സ്വീകരിച്ചതായി എസ് ഐ അറിയിച്ചു. വിനോദ സഞ്ചാരികളിൽ നിന്നു വാങ്ങിയ പണം പൊലീസ് ഹൗസ്‌ബോട്ട് ഉടമയെക്കൊണ്ട് തിരിച്ചു കൊടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നതായും വിനോദസഞ്ചാരികളുടെ നഗ്നചിത്രങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതായുമുള്ള ആക്ഷേപം രണ്ടുമാസം മുമ്പ് ഉയർന്നിരുന്നു. ആലപ്പുഴയിലെ ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്ന ദമ്പതികളുടെ നഗ്‌ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഇതേച്ചൊല്ലി വലിയ വിവാദം ഉയരുകയും ചെയ്തു.

ഹൗസ് ബോട്ടിൽ സ്ഥാപിച്ച രഹസ്യ ക്യാമറയിലൂടെ പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്നാണ് സൂചന. ഹൗസ് ബോട്ട് ആറ്റ് ആലപ്പുഴ എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ വിനോദ സഞ്ചാരികളായ യുവാവിന്റെയും യുവതിയുടെയും ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇത് വിനോദ സഞ്ചാരികളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ദമ്പതികൾക്ക് ബോട്ടിൽ ഭയന്നുവിറച്ച് രാത്രി കഴിച്ചുകൂട്ടേണ്ടിവരികയും ചെയ്ത സംഭവം ഉണ്ടായിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് ആലപ്പുഴ പുന്നമടക്കായലിലൂടെ ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും സ്വകാര്യ വേളകൾ പങ്കിടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഹൗസ് ബോട്ടിലെ ജീവനക്കാർ പകർത്തിയ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നതെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും പരാതി ഇല്ലെന്ന് പറഞ്ഞ് പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല. ഇത്തരം സംഭവങ്ങളിൽ തുടർന്നു കർശന നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.