- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാറണ്ട് കൈമാറിയിട്ടും ദുബായ് പൊലീസിന് അനക്കമില്ല; ഡൽഹിയിൽ എംബസിയിലെ സമ്മർദ്ദവും വെറുതെയായി; യുഎഇയിൽ വിജയ് ബാബു സുഖവാസം തുടരുമ്പോൾ ഹൈക്കോടതിയുടെ നിലപാട് അറിയാൻ തീരുമാനിച്ച് കേരളാ പൊലീസ്; കൊച്ചി ലോബിയെ പ്രതിക്കൂട്ടിലാക്കി ജാമ്യം നേടാൻ നടനും; ആ പീഡനക്കേസിൽ അറസ്റ്റ് വൈകുമ്പോൾ
കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ നടപടികൾ പ്രതിസന്ധിയിലേക്ക്. പ്രതീക്ഷിച്ചത്ര സഹായം ദുബായ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. എംബിസിക്ക് കത്തു നൽകിയിട്ടും ഗുണമുണ്ടായില്ല. ഈ സാഹചര്യത്തിൽ ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. വിജയ് ബാബു നാട്ടിൽ ഇല്ലാത്തതു ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിർക്കും.
അതിനിടെ കേസിൽ ഇനി നടപടി ഇനി ഹൈക്കോടതി നിർദ്ദേശ പ്രകാരമാകുമെന്നു ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് അറിയിച്ചു. ഒളിവിൽ പോയ വിജയ്ബാബു ഇതുവരെ ഹാജരായിട്ടില്ല. ഇദ്ദേഹം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി പ്രോസിക്യൂഷന്റെ നിലപാട് ആരാഞ്ഞിരുന്നു. 18 നാണു മധ്യവേനലവധി കഴിഞ്ഞു ഹൈക്കോടതി തുറക്കുന്നത്. ഇയാഴ്ചതന്നെ മുൻകൂർജാമ്യ ഹർജി പരിഗണിക്കും. വിജയ് ബാബുവിനെ പിടികൂടാൻ അറസ്റ്റ് വാറന്റ് യു.എ.ഇ. പൊലീസിനു കൈമാറിയ വിവരം കോടതിയെ അറിയിക്കും. പ്രതിയെ പിടികൂടാൻ യു.എ.ഇയിലേക്കു പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹൈക്കോടതിയുടെ തീരുമാനമറിഞ്ഞ ശേഷമാകും നടപടിയെടുക്കുക.
വിജയ് ബാബു യു.എ.ഇയിൽ എവിടെയുണ്ടെന്ന കാര്യത്തിൽ പൊലീസിനു വ്യക്തതയില്ല. ഇതു കണ്ടെത്തി അറിയിക്കാനായിരുന്നു യു.എ.ഇ. പൊലീസിനു വാറന്റ് കൈമാറിയത്. എന്നാൽ, മറുപടി ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരാണു ഇനി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത്.
ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ആവശ്യമെങ്കിൽ യു.ഇ.എ. പൊലീസിനു വിജയ് ബാബുവിനെ തടഞ്ഞുവയ്ക്കാനും തടസമില്ല. എന്നാൽ ഇതെന്നും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി നിലപാട് മനസ്സിലാക്കാനുള്ള പൊലീസിന്റെ തീരുമാനം.
19 ഹാജരാകാമെന്നു വിജയ് ബാബു നേരത്തെ പൊലീസിനു ഇമെയിൽ അയച്ചിരുന്നു. ഹൈക്കോടതി വിധിയറിഞ്ഞ ശേഷം വിജയ്ബാബു കീഴടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നു പൊലീസ് അറിയിക്കും. കസ്റ്റഡിയിലെടുത്തു തെളിവെടുപ്പു വേണ്ടിവരും. പീഡനം നടന്നെന്നു പരാതിയിൽ പറയുന്ന ഫ്ളാറ്റിലുൾപ്പെടെ തെളിവെടുപ്പ് ആവശ്യമാണെന്നതാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ ഇതിനെല്ലാം കോടതി നിലപാട് നിർണ്ണായകമാകും.
നടിയുടെ പരാതിക്കു പിന്നിൽ സിനിമാരംഗത്തെ എതിരാളികളുടെ ഗൂഢാലോചനയുള്ളതായി സംശയിക്കണമെന്നു ഹൈക്കോടതിയെ അറിയിക്കാനാണു വിജയ്ബാബുവിന്റെ നീക്കം. വിജയ് ബാബുവിന്റെ അമ്മയുടെ പരാതി നൽകലും ഇതിന്റെ ഭാഗമാണ്. വിജയ് ബാബുവിന്റെ ഭാഗം കോടതി അംഗീകരിച്ച് അന്വേഷണത്തിന് ഉത്തരവിടുമോ എന്നതാണ് നിർണ്ണായകം. മുൻകൂർ ജാമ്യം ലഭിക്കാതിരുന്നിട്ടും കീഴടങ്ങിയില്ലെങ്കിൽ ദുബായിക്കു തിരിക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും.
കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു കൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണു യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിനു പിന്നാലെയാണു വിജയ് ബാബു വിദേശത്തേക്കു പോയത്. ലഹരി വസ്തുക്കൾ നൽകി അർദ്ധബോധാവസ്ഥയിലാക്കിയാണു തന്നെ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാണു നടിയുടെ പരാതി.
മറുനാടന് മലയാളി ബ്യൂറോ